ഈ ബ്ലോഗ് തിരയൂ

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

പ്രതിബിംബം


മച്ചിയായവള്‍, 
സുതാര്യമായ കണ്ണാടിച്ചില്ലില്ലൂടെ നോക്കി.
വര്‍ണ്ണാഭമായ കുഞ്ഞുടുപ്പുകളുടെയും,
കളിക്കോപ്പുകളുടെയും പ്രതിബിംബം അവളുടെ തിളക്കമാര്‍ന്ന കണ്ണിണകളില്‍
മിന്നിമാഞ്ഞു !!
കണ്ണാടി മറയ്ക്കുമപ്പുറം...
കളിക്കോപ്പുകളിലൊന്നില്‍ കൌതുകത്തോടെ ഉറ്റുനോക്കി നിന്ന ഒരു
കൊച്ചു പെണ്‍കുട്ടി.
അവളെ തിരികെവിളിച്ചു നടന്നകലുന്ന , ദരിദ്രയായ ഒരമ്മ.
നനവാര്‍ന്ന കണ്‍പീലികള്‍...
അമ്മയുടെ കൈവെള്ള ചേര്‍ത്തു മുറുകെ പിടിച്ച കുഞ്ഞ് വിരലുകള്‍..
വഴിക്കോണിനങ്ങേച്ചെരുവില്‍ നടന്നു മറയും മുന്‍പ് അവള്‍ ആ
കളിക്കൊപ്പിന്റെ വര്‍ണ്ണാഭയിലേക്ക് ഒരിക്കല്‍ക്കൂടി ഒരു കണ്ണിമ പായിച്ചു.
ഒരേ ഒരു നിമിഷം...
അവള്‍ക്കതൊരു സ്വപ്നം പോലെ തോന്നി.!!
വാത്സല്യത്തോടെ അവള്‍ക്കരികില്‍ വന്നു. അവളോട്‌ ചേര്‍ന്ന് അരികിലിരുന്നു,
അവര്‍ ആ കുഞ്ഞ് കളിപ്പാട്ടം അവള്‍ക്കു നീട്ടി.
അമ്മയെപോലൊരു സ്ത്രീ.!!
എന്തിനാവും അപ്പോള്‍ അവരുടെ കണ്ണിണകള്‍ നനവാര്‍ന്നത്‌..?
ആ കളിപ്പാട്ടം വാങ്ങി തിരികെ നടന്നു ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കുമ്പോഴും
അവള്‍ നടന്നു മറയുന്നതും നോക്കി ആ സ്ത്രീ അവിടെത്തന്നെ ഇരുന്നിരുന്നു.
ഒരു നിമിഷം അമ്മയുടെ മുഖത്ത് മിന്നിമാഞ്ഞ മരവിച്ച പുഞ്ചിരിയില്‍ കുതിര്‍ന്ന്ന
ഒരു മൌനാനുവാദം..
അടുത്ത ക്ഷണം അവള്‍ ആ സ്ത്രീയുടെ അരികില്‍ ഓടിയെത്തി ,
നനവ്‌ ചാലുകള്‍ പടര്‍ന്ന ആ കവിള്‍ത്തടത്തില്‍ ഒരു കുഞ്ഞു ചുംബനം നല്‍കി
നിഷ്കളങ്കമായി ചിരിച്ചു, അവള്‍ തിരികെ കടന്നു പോയി
ചില്ലുപാളികള്‍ക്കുമപ്പുറത്തെ അകലങ്ങളിലേക്ക്....
ഈറന്‍ കണ്‍പീലികള്‍ ആരോരുമറിയാതെ തുടച്ചു ,
അവള്‍ തിരികെ നടന്നു .
മച്ചിയായവള്‍....
പിന്നെ , സുതാര്യമായ ചില്ലുപാളികളിലെ
നിറമാര്‍ന്ന പ്രതിബിംബങ്ങല്‍ക്കുമേല്‍ അവളുടെ രൂപവും
അകലങ്ങളിലകലങ്ങളിലേക്ക് നേര്‍ത്തു നേര്‍ത്തു അലിഞ്ഞു മങ്ങി.


2011, ജൂലൈ 19, ചൊവ്വാഴ്ച

Rear view mirror




ആ തണുത്ത താഴ്വരകളിലൊന്നില്‍ വീശിയടിച്ചു കടന്നുപോയ കോടക്കാറ്റിന്റെ
നരച്ച നീലിമയ്ക്കുമപ്പുറം...
സുന്ദരമായ ആ കണ്ണുകള്‍ മാത്രം അയാളില്‍ ഉടക്കി നിന്നു.
ഒരു കൂട്ടം മദ്ധ്യ വയസ്ക്കരായ സഞ്ചാരികളോടൊപ്പമായിരുന്നു അവള്‍ അവിടെയെത്തിപ്പെട്ടത്.
കൂട്ടത്തിലെ മറ്റുള്ളവരില്‍ നിന്നും തനിയെ മാറി നടന്നിരുന്ന അവളുടെ കണ്ണുകളില്‍ ,
ഏകനായ ആ സഞ്ചാരിയുടെ രൂപവും പതിഞ്ഞു.
പിന്നെ കണ്‍കോണിലെവിടെയോ ആ രൂപം മായാതെ തെളിഞ്ഞു നിന്നു.

മധ്യാഹ്നസവാരിക്കിടെ ഒരു റെസ്റ്റോറെന്‍റ്റിലെ ചില്ല് മറയ്ക്ക്
ഇരു പുറവുമായി നടന്നു നീങ്ങുന്നതിനിടെ 
അയാള്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
തിരികെ ഒരു ചിരി. അത് അവളുടെ മുഖത്തും ഒന്ന് മിന്നിമാഞ്ഞുവോ..
പിന്നെയും , ഒരു വേള....
കോടക്കാറ്റു വീശിയ തണുത്ത താഴ്വരയില്‍ , ആരാലും ശ്രദ്ധിക്കപ്പെടാതെ 
ഒരു മഞ്ഞു മറയ്ക്കുള്ളിലെ ഈറന്‍ പുല്‍പ്പരപ്പില്‍, അല്‍പ്പ നിമിഷങ്ങള്‍ അവര്‍ക്കു അടുത്തു കാണാനായി. 
അയാള്‍ : "  സെല്‍ നമ്പര്‍...?
അവള്‍ :   " മാറിയിട്ടില്ല.പഴയത് തന്നെ.!!

പിന്നെയും ചുരുങ്ങിയ നിമിഷങ്ങളില്‍  അവര്‍ എന്തൊക്കെയോ സംസ്സാരിച്ചു പിരിഞ്ഞു.

സന്ധ്യയോടടുത്ത നേരം.
എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞു അവള്‍ ആ സംഘത്തോട് യാത്ര പറഞ്ഞു പിരിഞ്ഞ് ആ താഴ്‌വരയില്‍ നിന്നും നടന്നകന്നു.
മലമടക്കുകളിലെ പാതയോരത്ത് കാത്തു കിടന്നിരുന്ന , അയാളുടെ 
ആ പഴഞ്ചന്‍ കാറില്‍ കയറി , അവള്‍ അയാളോടൊപ്പം അവിടം വിട്ടു   കടന്നു പോയി.
മനോഹരമായ മലമടക്കുകളിലൂടെ  ദൂരങ്ങളേറെ പിന്നിട്ട്,ആ കാര്‍
ഒരു ടൂറിസ്റ്റ് റിസോര്‍ട്ടിനു മുന്നില്‍ ചെന്നു നിന്നു.
മനോഹരമായ ഒരിടം.
വര്‍ണ്ണാഭമായ ഒരു സന്ധ്യ. !!

റൂം രജിസ്റ്റേഷന്‍ കൌണ്ടറില്‍ പേര് ചേര്‍ത്തുന്നതിനിടെ,
ഇരുവരും തമ്മിലുള്ള ബന്ധം എഴുതേണ്ടിടത്ത് 
ഒരു നിമിഷം ഒന്ന് നിറുത്തി,
പിന്നെ , അനിശ്ചിതത്വം ഭാവിക്കാതെ,പതിവായി വന്നു പോകുന്ന   മറ്റു പലരെയും പോലെ അയാളും എഴുതിച്ചേര്‍ത്തു.

" ഭാര്യ " 
....................................................................
രാത്രി ഏറെ വൈകിക്കാണും....
അരണ്ട മെഴുതിരി വെളിച്ചം മാത്രം പരന്ന ,...
നേര്‍ത്ത സംഗീതം കാതില്‍ ഈണം പകര്‍ന്ന.... ആ തണുത്ത മുറിയില്‍..
പാതി തുറന്നിട്ട ജനല്‍ പാളികല്‍ക്കരികില്‍...
രതിയും , പ്രണയവും ഇഴപാകിയ ആ നേര്‍ത്ത പുതപ്പിനുള്ളില്‍..
ആണ്‍ നെഞ്ചിന്‍റെ ചൂടും,സ്നേഹവും..
പെണ്ണിണയുടെ പ്രണയ ഗന്ധവും , പരസ്പരം നുകര്‍ന്ന് 
അവനോടു പറ്റിച്ചേര്‍ന്നു  അവളിരുന്നു.

ജനല്‍ പാളികള്‍ക്കുമപ്പുറം .......
കോടമഞ്ഞിന്റെ പടലങ്ങള്‍  സ്വപ്ന വര്‍ണ്ണങ്ങള്‍ പോലെ നീലിമ പടര്‍ത്തിയ താഴ്വരകള്‍...
മലഞ്ചെരിവുകള്‍....അതിനുമപ്പുറം...മല നിരകളുടെ തലയെടുപ്പും.
രാത്രിയുടെ നിശബ്ദ സൌന്ദര്യവും...

വീശിയടിച്ച ഇളം ശീതക്കാറ്റിലെന്ന  പോലെ,
ആര്‍ദ്രമായ പ്രണയം 
അവന്‍റെ കൈവിരലുകളുടെയും, അധരങ്ങളുടെയും സ്പര്‍ശനത്താല്‍
മേനിയുടെ മൃദുലതകളിലാകമാനം 
പടര്ന്നിറങ്ങുന്നത് അവള്‍ തിരിച്ചറിഞ്ഞു.

ജനല്‍ പാളികള്‍ക്കുമപ്പുറം, മൃദുവായി ചിലച്ചു കൊണ്ടു പറന്നുപോയ 
ഏതോ കാട്ടു പക്ഷിയുടെ ശബ്ദം ...
അതാണ്‌ അവര്‍ക്കിടയിലെ അതുവരെയുള്ള മൌനം ഇല്ലാതാക്കിയത്.

" അയാള്‍...അയാള്‍ എന്ത് പറയുന്നു..?
  നിന്‍റെ ആ കൂട്ടുകാരന്‍....?
  
ചോദ്യം ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നു അവള്‍...

" oh, ജീവന്‍.., അക്ഷരങ്ങളുടെ അങ്ങേത്തലക്കല്‍..
എന്നോട് ചോദിക്കുന്ന,............ 
എനിക്ക് മറുപടി പറയുന്ന ഒരു ചാറ്റിങ്  സുഹൃത്ത്. 
അതായിരുന്നു എനിക്ക് അയാള്‍.
വിരസമായ എന്‍റെ നിമിഷങ്ങള്‍ക്ക് നിറം പകര്‍ന്നത് അവനായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞു.
അവനോടോത്തുള്ള നിമിഷങ്ങള്‍ ....അത് 
അതെനിക്ക് നഷ്ട്ടപ്പെടുത്താവുന്നതല്ല എന്ന് തോന്നി.
അങ്ങിനെയാണ് ആദ്യമായി തമ്മില്‍ കാണാമെന്നു തീരുമാനിച്ചത്.
..പക്ഷെ അതിനു തൊട്ടു മുന്‍പ് നേരില്‍ തിരിച്ചറിഞ്ഞു. അയാള്‍....,
അയാള്‍ എഴുതി അറിയിച്ചത് മുഴുവന്‍ അസത്ത്യമായിരുന്നു എന്ന്.!!
എന്തിന്..?  എന്നോട് പറഞ്ഞിരുന്ന  പേര് പോലും.!!
അയാള്‍ ഒരിക്കലും എന്നെ കാണുവാന്‍ ഇട വന്നില്ല.
പിന്നീടൊരിക്കലും ഞാന്‍ അയാളെ തിരഞ്ഞുമില്ല.
ചുരുക്കി പറഞ്ഞാല്‍..
ശരീരം  പാപം ചെയ്തിട്ടില്ല . ഇത് വരെ. "

ഒന്ന് നിറുത്തി അവള്‍ തുടര്‍ന്നു....
"പക്ഷെ..അതിനെക്കാള്‍ വലിയ തെറ്റാണ്. വഴി മാറിപോയ മനസ്സ്.
 ആ തെറ്റ്..അത് തന്നെയായിരുന്നു.എന്നെ.., എന്‍റെ വഴികളെ എന്നില്‍   നിന്നും മായിച്ചു കളഞ്ഞത്. "

തിരികെ എനിക്കും ചോദിക്കാമല്ലോ അല്ലേ..?
അവളോ..? നിങ്ങള്‍ക്കും ഉണ്ടായിരുന്നല്ലോ ഒരുവള്‍...
സുന്ദരിയായൊരു   ഇളം പ്രായക്കാരി..!!.

" ഉണ്ടായിരുന്നു. എന്നും ഉണ്ടാവുമെന്ന് കരുതിയതുമാണ്.
കാണുമായിരുന്നു... അവള്‍ക്കു വിവാഹ പ്രായമാകുന്നത് വരെ.
പിന്നെ അവളുടെ ജീവിതത്തിലേക്ക് മറ്റൊരുവന്‍ കടന്നെത്തി.
അവളെക്കാള്‍ സുന്ദരനായ ഒരുവന്‍.
അവള്‍ ആ വഴിക്ക് കടന്നുപോയി. അവന്‍റെ കൈ പിടിച്ച്.....
ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ.!!.

മെഴുതിരി നാളം എപ്പോഴോ അണഞ്ഞു.
അവനോടു പറ്റിച്ചേര്‍ന്നു മയങ്ങിയത് എപ്പോഴെന്നു ഓര്‍മ്മയില്ല.

പുലര്‍ച്ചെ...

കൌണ്ടറിലെ രെജിസ്ടരില്‍ സൈന്‍ ചെയ്തു പെയ്മെന്റ്  കൊടുത്ത് പിന്തിരിയുന്നതിനിടെ അയാളുടെ കണ്ണുകള്‍ 
ഒരിക്കല്‍ കൂടി തിരഞ്ഞു,
ആ പുസ്തകത്തില്‍ തലേന്ന് രാത്രി എഴുതിയ ആ വാക്ക്.
" ഭാര്യ .."

സത്യം പറയാം. അവള്‍.....  
അവള്‍ അയാളുടെ ഭാര്യ തന്നെയായിരുന്നു.!!!
ഏതാണ്ട് ആറു മാസങ്ങള്‍ക്ക് മുന്‍പ് നിയമ പരമായി ബന്ധം വേര്‍പിരിഞ്ഞു കടന്നു പോയ അതേ ഭാര്യ.!!

തലേ രാത്രി തുറന്നു പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെയായിരുന്നു പ്രധാന കാരണങ്ങള്‍.
അവന്‍റെ കരുതല്‍  അവള്‍ക്കു മാത്രമോ...
അവളുടെ പ്രണയം അവനു മാത്രമോ ഉള്ളതായിരുന്നില്ല എന്ന തിരിച്ചറിവ്..
മറ്റു പലയിടങ്ങളിലെയും പോലെ , അത് തന്നെയായിരുന്നു 
അവരെ തമ്മില്‍ അകറ്റിയത്.

തെറ്റിപ്പോയ വഴികളില്‍ നിന്നും അവര്‍ തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍..
പിന്നീടുള്ള വിരസ്സമായ ഏകാന്തതയുടെ ദിനരാത്രങ്ങള്‍...
അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടല്‍......
തമ്മില്‍ കാണാത്തത് പോലെ കടന്നു പോകാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു.

ഇപ്പോഴിതാ ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രി പുലര്‍ന്നു വെളുത്തിരിക്കുന്നു.
ഒരിക്കലും പിരിഞ്ഞകലാനാവാത്ത വിധം അത് മനസ്സുകളെ തമ്മില്‍ 
ഇഴ ചേര്‍ത്തു കെട്ടിയിരിക്കുന്നു.

ഇനി..?

ബസ്‌ സ്റെഷന് അടുത്തു അയാള്‍ കാര്‍ നിറുത്തി.
ബാഗുമെടുത്ത് അവള്‍ ഇറങ്ങുമ്പോള്‍ 
അയാള്‍ക്ക്‌ എന്തൊക്കെയോ കൂടി അവളോട്‌ ചോദിക്കണമെന്നുണ്ടായിരുന്നു.
എങ്ങിനെ........
പക്ഷെ ചോതിക്കാതെ വയ്യ.

അവള്‍ ഇറങ്ങി നടന്നു...
മുന്നോട്ടു ചുവടുകള്‍ വയ്ക്കുന്നതിനിടെ അവള്‍ കാതോര്‍ത്തു....
അതേ..,
അവള്‍ക്കു നല്ല നിശ്ചയമുണ്ട്..
ഒരു  പിന്‍വിളി !!
ഒരേയൊരു വിളിയില്‍  എന്നെന്നേയ്ക്കും  ഒരു കൂടിച്ചേരല്‍ സാധ്യമാവുമെന്ന്...

അവള്‍ക്കറിയാം.. 
അയാള്‍ക്ക്‌ തിരിച്ചു വിളിക്കാതിരിക്കാന്‍ കഴിയില്ല ...   തീര്‍ച്ച  .....!!


********************