ഈ ബ്ലോഗ് തിരയൂ

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

നിമിഷാര്‍ദ്ധം !!









Project IGI
എന്നൊരു കമ്പ്യൂട്ടര്‍ ഗെയിം തലയ്ക്കു പിടിച്ചിരുന്നു കുറെ നാള്‍ മുന്‍പ് എനിക്ക്.
സംഗതി കൊല്ലും കൊലയുമാണ്..!
വിദേശ മിലിട്ടറി ക്യാമ്പുകളില്‍ അതി വിദഗ്ദ്ധമായി നുഴഞ്ഞു കയറുന്ന 
സാഹസികനായ പട്ടാളക്കാരനാണ്‌ ഗെയിം കളിക്കുന്നവന്‍.
അതി ശ്രദ്ധയോടെയുള്ള ഓരോ ചുവടുവയ്പ്പിലും ദൂരെയും , അരികിലുമായി പതിയിരിക്കുന്ന ശത്രുക്കളെ 
സസൂഷ്മം നിരീക്ഷിച്ചു വക വരുത്തേണ്ട ദൌത്യം കൂടെയുണ്ട് നമ്മുക്ക്.
ദൂരെയെങ്ങാന്‍ അത്തരം ശത്രുക്കളുടെ ചലനം കണ്ടാല്‍ ഉടനെ അവനെ നിഷ്ക്കരുണം വെടിവച്ചു കൊല്ലുവാനുള്ള 
ആയുധങ്ങള്‍ നമ്മുക്ക് മുന്നമേ  നല്‍കപ്പെട്ടിരിക്കുന്നു.
പിന്നെ , വെറുമൊരു കളിയല്ലേ..?
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോ , ഭരണകൂടമോ നമ്മെ പിടിച്ചുകൊണ്ടുപോയി കൊലയാളി എന്ന് മുദ്ര കുത്തി ,കഴുവിലേറ്റാനോ, തുരുന്കിലടക്കാണോ ഒന്നും പോകുന്നില്ലല്ലോ. അതും ഒരു ആശ്വാസം.


ഗെയിം പൂര്‍ത്തീകരിക്കുക എന്ന വലിയൊരു അധ്വാനം കഴിഞ്ഞു 
ക്ഷീണിച്ചു തളര്‍ന്നു രാത്രി ഉറങ്ങാന്‍ കിടക്കുന്നേരം 
മനസ്സില്‍ ഒരു തികഞ്ഞ സംതൃപ്തി തോന്നി.
നീചന്മാരായ എത്രയോ ശത്രുക്കളെ ഇതിനോടകം കൊന്നൊടുക്കിയിരിക്കുന്നു ഈ നിസ്സാരനായ ഞാന്‍ !!
അതും തനിയെ..!!

അങ്ങിനെ എത്രയോ രാത്രികള്‍ ഞാന്‍ സര്‍വതും വെട്ടിപ്പിടിച്ച  ഒരു പോരാളിയുടെ സംതൃപ്തിയോടെ 
കിടന്നുറങ്ങി..!
പിന്നെ ഒരു ദിവസം...

അരണ്ട നിഴലുകള്‍ അലസമായി തലയാട്ടി നില്‍ക്കുന്ന,
ലേശം  തണുപ്പ് പടര്‍ന്നു തുടങ്ങിയ ഒരു ബോറന്‍ മദ്ധ്യാഹ്നം. 
ഞാന്‍ താമസസ സ്ഥലത്തേക്ക് നടന്നു പോവുകയാണ്.
വഴിയില്‍ സമീപത്തെ പുല്പടര്‍പ്പുകള്‍ക്കും , മരങ്ങള്‍ക്കുമിടയില്‍ 
ഒരു ചലനം ശ്രദ്ധയില്‍പെട്ടു !!
ഒന്ന് ശ്രദ്ധിച്ചപ്പോള്‍ ശരിയാണ്. 
കരിയിലകളില്‍  ശത്രുവിന്റെ കാല്‍പ്പെരുമാറ്റം !!
എനിക്ക് അടുത്തേക്ക്‌ ചുവടു വയ്ക്കുന്ന ആ നീചനായ ശത്രുവിന്റെ നീളന്‍ നിഴല്‍ ...
ഒരേയൊരു നിമിഷാര്‍ദ്ധം..!!
ശത്രു എന്‍റെ നേരെ തിരിയും മുന്‍പേ അവനെ വക വരുത്തെണ്ടിയിരിക്കുന്നു !!
ക്ഷണ നേരത്തേക്കെങ്കിലും എന്‍റെ കൈവിരലുകള്‍ ആയുധം കാംഷിച്ച്ചു.

യഥാര്‍ത്ഥ ജീവിതത്തില്‍ ആയുധം കൊണ്ട് നടക്കുന്ന പതിവ് എനിക്ക് ഇല്ലാതിരുന്നത് ഭാഗ്യം.
കാരണം, അടുത്ത നിമിഷം ആണ് ആ തിരിച്ചറിവുണ്ടായത്..
ശത്രു എന്ന് ഞാന്‍ തെറ്റിദ്ധരിച്ച ആ സാന്നിദ്ധ്യം
ഇതിനോടകം , നിഴലുകള്‍ക്കിടയില്‍ നിന്ന് മുന്നോട്ടു കടന്നു വന്നിരുന്നു.
കാട്ടില്‍ നിന്നും ചുള്ളി ഒടിച്ചു കെട്ടി തലയില്‍ ചുമന്നു വഴിയിലേക്കിറങ്ങി വരുന്ന 
ഒരു പാവം വൃദ്ധ.
ഒന്നാഞ്ഞു ചവിട്ടി നടക്കാന്‍ പോലും കാലുകള്‍ക്ക് ത്രാണിയില്ലാത്ത ഒരു കിഴവി !!

ഒരേയൊരു നെടുവീര്‍പ്പ്....!
ഞാന്‍ സമാധാനിച്ചു .
ആയുധം എന്‍റെ കൈയ്യിലില്ലാതിരുന്നത് ആ പാവത്തിന്‍റെ ഭാഗ്യം !!
എന്‍റെയും !!

ഒരു ചെറിയ മാനസാന്തരം ....
പിന്നെ ഒരിക്കലും ഞാന്‍ അത്തരം ഗെയ്മുകള്‍ക്ക് വേണ്ടി സമയം മെനക്കെടുത്തിയിട്ടില്ല.