ഈ ബ്ലോഗ് തിരയൂ

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

പ്രതിബിംബം


മച്ചിയായവള്‍, 
സുതാര്യമായ കണ്ണാടിച്ചില്ലില്ലൂടെ നോക്കി.
വര്‍ണ്ണാഭമായ കുഞ്ഞുടുപ്പുകളുടെയും,
കളിക്കോപ്പുകളുടെയും പ്രതിബിംബം അവളുടെ തിളക്കമാര്‍ന്ന കണ്ണിണകളില്‍
മിന്നിമാഞ്ഞു !!
കണ്ണാടി മറയ്ക്കുമപ്പുറം...
കളിക്കോപ്പുകളിലൊന്നില്‍ കൌതുകത്തോടെ ഉറ്റുനോക്കി നിന്ന ഒരു
കൊച്ചു പെണ്‍കുട്ടി.
അവളെ തിരികെവിളിച്ചു നടന്നകലുന്ന , ദരിദ്രയായ ഒരമ്മ.
നനവാര്‍ന്ന കണ്‍പീലികള്‍...
അമ്മയുടെ കൈവെള്ള ചേര്‍ത്തു മുറുകെ പിടിച്ച കുഞ്ഞ് വിരലുകള്‍..
വഴിക്കോണിനങ്ങേച്ചെരുവില്‍ നടന്നു മറയും മുന്‍പ് അവള്‍ ആ
കളിക്കൊപ്പിന്റെ വര്‍ണ്ണാഭയിലേക്ക് ഒരിക്കല്‍ക്കൂടി ഒരു കണ്ണിമ പായിച്ചു.
ഒരേ ഒരു നിമിഷം...
അവള്‍ക്കതൊരു സ്വപ്നം പോലെ തോന്നി.!!
വാത്സല്യത്തോടെ അവള്‍ക്കരികില്‍ വന്നു. അവളോട്‌ ചേര്‍ന്ന് അരികിലിരുന്നു,
അവര്‍ ആ കുഞ്ഞ് കളിപ്പാട്ടം അവള്‍ക്കു നീട്ടി.
അമ്മയെപോലൊരു സ്ത്രീ.!!
എന്തിനാവും അപ്പോള്‍ അവരുടെ കണ്ണിണകള്‍ നനവാര്‍ന്നത്‌..?
ആ കളിപ്പാട്ടം വാങ്ങി തിരികെ നടന്നു ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കുമ്പോഴും
അവള്‍ നടന്നു മറയുന്നതും നോക്കി ആ സ്ത്രീ അവിടെത്തന്നെ ഇരുന്നിരുന്നു.
ഒരു നിമിഷം അമ്മയുടെ മുഖത്ത് മിന്നിമാഞ്ഞ മരവിച്ച പുഞ്ചിരിയില്‍ കുതിര്‍ന്ന്ന
ഒരു മൌനാനുവാദം..
അടുത്ത ക്ഷണം അവള്‍ ആ സ്ത്രീയുടെ അരികില്‍ ഓടിയെത്തി ,
നനവ്‌ ചാലുകള്‍ പടര്‍ന്ന ആ കവിള്‍ത്തടത്തില്‍ ഒരു കുഞ്ഞു ചുംബനം നല്‍കി
നിഷ്കളങ്കമായി ചിരിച്ചു, അവള്‍ തിരികെ കടന്നു പോയി
ചില്ലുപാളികള്‍ക്കുമപ്പുറത്തെ അകലങ്ങളിലേക്ക്....
ഈറന്‍ കണ്‍പീലികള്‍ ആരോരുമറിയാതെ തുടച്ചു ,
അവള്‍ തിരികെ നടന്നു .
മച്ചിയായവള്‍....
പിന്നെ , സുതാര്യമായ ചില്ലുപാളികളിലെ
നിറമാര്‍ന്ന പ്രതിബിംബങ്ങല്‍ക്കുമേല്‍ അവളുടെ രൂപവും
അകലങ്ങളിലകലങ്ങളിലേക്ക് നേര്‍ത്തു നേര്‍ത്തു അലിഞ്ഞു മങ്ങി.