ഈ ബ്ലോഗ് തിരയൂ

2012, ഏപ്രിൽ 24, ചൊവ്വാഴ്ച

22 ഫീമൈല്‍ കോട്ടയം . വെറുമൊരു നേഴ്സ്..?



22 ഫീമൈല്‍ കോട്ടയം .
പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ വളരെ നല്ല ചിത്രം.
നല്ല വിഷയം, നല്ല രചന,ശക്തവും വളരെ നിലവാരം പുലര്‍ത്തുന്നതുമായ അവതരണം.
ചിത്രത്തിന്റെ വ്യത്യസ്തമായ കാസ്ടിങ്ങും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
( പ്രതാപ് പോത്തന്‍ . ടി .ജി .രവി, സത്താര്‍ തുടങ്ങിയ പഴയ പ്രതിഭകളുടെ സാന്നിധ്യം ഒക്കെ എടുത്തു പറയട്ടെ. )
ഫഹദ് ഫാസില്‍ , റീമ കല്ലിങ്കല്‍ എന്നിങ്ങനെ യുവ താരങ്ങള്‍ക്കും 
കൂടുതല്‍ കരുത്തു തെളിയിക്കാന്‍ ലഭിച്ച നല്ല അവസരം കൂടിയാണ് ഈ ചിത്രത്തിലെ വേഷം.
പ്രതീക്ഷയ്ക്ക് ഉപരിയായി അതാതു വേഷങ്ങള്‍ വിജയിപ്പിക്കുവാനും ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

കഥയിലെക്കോ കഥാഗതിയിലെക്കോ പ്രതിപാദ്യ വിഷയത്തിന്റെ വിശദാംശങ്ങളിലെക്കോ കൂടുതലായി കടക്കുന്നില്ല.
എങ്കിലും ചില കാര്യങ്ങള്‍ എടുത്തു പറയാതെ വയ്യ.
തികച്ചും ആഴമേറിയതും, കാലിക പ്രാധാന്യമുള്ളതുമായ വിഷയം തന്നെ
ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിനു പുറത്ത് , പഠനത്തിനോ, ജോലി സംബന്ധമായോ 
സ്ഥിരതാമസമാക്കിയ പെണ്‍കുട്ടികള്‍ .....അവരില്‍ ചിലരുടെ ജീവിതഗതിയുടെ നന്‍മയും , തിന്‍മയും, 
ഒരു പോലെ ഇഴ ചേര്‍ന്ന ദ്രിശ്യാവിഷ്കാരം. 
മെട്രോ നാഗരികതയുടെ വാതായനങ്ങള്‍ തുറന്ന്., 
പുത്തന്‍ സ്വാതന്ത്ര്യത്തിന്റെ കാണാചിറകുകളും വീശി അവരില്‍ ചിലരെങ്കിലും പറന്നു തുടങ്ങും.
ദിശയറിയാതെ, ഇരുള്‍ മൂടിയ ഏതൊക്കെയോ ചതിക്കുഴികളില്‍ ചിറകു കുഴഞ്ഞു വീഴും വരെ.
അത്തരം എത്രയോ  സുന്ദരികളെ (സുന്ദരന്‍മാരെയും ) ഇവിടെ ബംഗ്ലൂര്‍ , ഹൈദ്രബാദ് ,ചെന്നൈ,പൂനെ  അങ്ങിനെ അങ്ങിനെ വമ്പന്‍ നഗരങ്ങളില്‍ നാം പലപ്പോഴായി  കാണുന്നു !
മറ്റു മേഖലകളില്‍ ഉള്ളതിനേക്കാള്‍ ഉപരിയായി , നഴ്സിംഗ് ,ഐ .ടി . രംഗങ്ങളിലാണ്
സ്വന്തം തൊഴില്‍ മേഖലയ്ക്ക് പേര് ദോഷം വരുത്താന്‍ കച്ചമുറുക്കി ഇറങ്ങിത്തിരിച്ച ഇത്തരക്കാരെ 
കൂടുതലായി കാണുന്നത് . (സിനിമ - സീരിയല്‍ -   മോഡലിംഗ്  രംഗത്ത് കൊടിക്കുത്തി വാഴാന്‍ എന്തിനും തയ്യാറായി ഇറങ്ങുന്ന ഒരു കൂട്ടം വേറെ ഉണ്ട് .അത് പിന്നെ പണ്ടേ അങ്ങിനാണല്ലോ. അത് വിട്ടേക്കാം.)
പട്ടണത്തിലെ അടിച്ചുപൊളി പരിഷ്കാരങ്ങളോട് എങ്ങിനെയും 
ഇഴുകിച്ചെരാനുള്ള ഒരു തരം വ്യഗ്രത 'എന്നൊക്കെ ചുരുക്കി പറഞ്ഞൊതുക്കാം.
വല്ല വിധേനയും കുറെ പോക്കെറ്റ്‌ മണി തരപ്പെടുത്തിയെടുക്കാന്‍ 
ഏതു വളഞ്ഞ വഴിയും സ്വീകരിക്കാനൊരുങ്ങുന്നവര്‍ .........
വഴിയില്‍ ഇന്നലെ കളഞ്ഞു കിട്ടിയ, യഥാര്‍ത്ഥ ഊരും പേരും അറിയാത്ത കാമുകന്‍റെ
ബൈക്കിനു പിന്നില്‍ മുന്നും പിന്നും നോക്കാതെ കറങ്ങാന്‍ ഒരുങ്ങിക്കെട്ടി ഇറങ്ങുന്നവര്‍ ........
സ്വന്തം ഭാവി ഭദ്രമാക്കാന്‍  നഗരത്തിലെ വമ്പന്‍ പണച്ചാക്കുകളുടെ 
സ്വാധീനം നേടിയെടുക്കാന്‍ മത്സരിക്കുന്ന വേറെ ഒരു കൂട്ടര്‍ ..........
ഇത്തരക്കാര്‍ ഈ മേഖലയില്‍ ധാരാളം വിലസുന്നു എന്ന യാഥാര്‍ത്ഥ്യം 
സമൂഹത്തില്‍ നിഷേധിക്കാനാവാതെ നിലനില്‍ക്കുന്നു  എന്നുള്ളത് കൊണ്ടാണല്ലോ 
" നീ വെറുമൊരു നേഴ്സ് ആണെടീ " 
എന്ന് ചിത്രത്തിലെ പുരുഷ കഥാപാത്രം നായികയോട് പുച്ഛത്തോടെ ചോദിക്കുമ്പോള്‍ 
ഒരു നെടുവീര്‍പ്പോടെ മാത്രം കുറച്ചു നേരത്തേക്കെങ്കിലും നമ്മളില്‍ പലര്‍ക്കും അത് കേട്ട് നില്‍ക്കേണ്ടി വന്നത് ! 
( ചലച്ചിത്രത്തിന്റെ ഉദ്ധ്യെശ്ശത്തെ കുറ്റപ്പെടുത്തുകയല്ല, കാരണം , വെറുമൊരു നേഴ്സ് എന്ന് പുച്ചിച്ചു തള്ളപെടേണ്ടവളല്ല 
ഒരു നല്ല നേഴ്സ് ' എന്ന് ചിത്രം വളരെ വ്യക്തമാക്കുന്നുണ്ട് പിന്നീട് )
മേല്പറഞ്ഞ വാചകം പോലെ സ്വന്തം തൊഴില്‍ മേഖലയ്ക്ക് , അല്ലെങ്കില്‍ ആ മേഖലയില്‍ 
ആത്മാര്‍ത്ഥമായി സേവനനുഷ്ഠിക്കുന്ന   ഒട്ടനവതി നല്ല നേഴ്സ്മാര്‍ക്ക്  അവഹേളനം ഉണ്ടാക്കുന്ന തരത്തില്‍ .
ദൈനംദിനജീവിതചര്യ തിരഞ്ഞെടുത്ത ഒട്ടനവതി സുന്ദരികള്‍ക്ക് ഇനിയെങ്കിലും ഇതൊരു പാഠമാവട്ടെ !!
ഇവരൊക്കെ കൂടി പേര് ദോഷം ഉണ്ടാക്കി വയ്ക്കുന്നത് ദൈവത്തിന്റെ കരസ്പര്‍ശം താന്താങ്ങളിലൂടെ 
ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ട അനുഗ്രഹീതമായ ഒരു തൊഴില്‍ മേഖലയ്ക്കും,
ആ രംഗത്ത്  ആത്മാര്‍ത്ഥമായി സേവനമനുഷ്ട്ടിക്കുന്ന ഒട്ടനവധി നല്ല നഴ്സിംഗ് സ്റ്റാഫുകള്‍ക്കുമാണ് .
( സ്വദേശത്തും , വിദേശത്തും, ആതുര ശുശ്രൂഷാ രംഗത്ത്ആത്മാര്‍ത്ഥമായി  സേവനനുഷ്ഠിക്കുന്ന,  സ്വന്തം തൊഴില്‍മേഖലയെ തികച്ചും ദൈവീകമായി കാണുന്ന  എല്ലാ നല്ലവരായ   നേഴ്സ്മാരെയും  നന്ദിയോടെ ഓര്‍മ്മിച്ചു കൊള്ളട്ടെ  )

ഈ ചിത്രത്തില്‍ , മേല്‍ പറയപെട്ട വാചകം കേട്ടപ്പോള്‍ 
മുന്‍പ് കണ്ട മറ്റൊരു മലയാള  ചിത്രം ഓര്‍മ്മ വന്നു.
ചിത്രം . കല്ല് കൊണ്ടൊരു പെണ്ണ്.
കുവൈറ്റ്‌ യുദ്ധ സമയത്ത് കൈയ്യിലുണ്ടായിരുന്നതെല്ലാം ഇട്ടെറിഞ്ഞ്‌ , തീര്‍ത്തും അഭയാര്‍ഥിയായി നാട്ടില്‍ തിരിച്ചെത്തിയ ഒരു മലയാളി നേഴ്സ്.
തിരികെ പോരുമ്പോള്‍ , യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ട്ടപ്പെട്ട ഒരു കൈക്കുഞ്ഞിനെ വഴിമദ്ധ്യേ അവള്‍ക്കു സംരക്ഷിക്കേണ്ടി വന്നു.
ആ കുഞ്ഞുമായി നാട്ടില്‍ തിരിച്ചെത്തിയ ആ സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങള്‍ , ഒറ്റപ്പെടുത്തലുകള്‍ . നിന്ദകള്‍ ...
അങ്ങിനെ അങ്ങിനെ ഏതൊരു ഹൃദയത്തെയും തൊട്ടുണര്‍ത്തും വിധം രചിക്കപ്പെട്ട ഒരു ചിത്രം.
ചിത്രത്തില്‍ ഒരു ഭാഗത്ത് . വഴി യാത്രാ മദ്ധ്യേ അവളുടെ കൈയ്യിലിരിക്കുന്ന കുഞ്ഞിനെ ചൂണ്ടി 
പരിഹസിക്കുന്ന ഒരു കൂട്ടം യുവാക്കളെ കാണാം.
അവരില്‍ ഒരുവന്‍ പറഞ്ഞു രസിക്കുന്നുണ്ട്.
" ഇവളുടെ കാര്യത്തില്‍ മാത്രമല്ല , കടല് കടന്നു പറക്കുന്ന എല്ലാ നേഴ്സ്മാരുടെയും ജീവിതം ഇതൊക്കെ തന്നെയാ."
അടുത്ത ക്ഷണം അവള്‍ കൈവീശി അവന്റെ ചെകിടത്തു ആഞ്ഞടിച്ചു കൊണ്ട്  പറയുന്നുണ്ട്.
" എന്നെ പറഞ്ഞതിനല്ല , നേഴ്സ്' എന്ന വാക്ക് കൂട്ടിച്ചേര്‍ത്തതിന് !!
എന്നോ ഒരിക്കല്‍ അലറിക്കരഞ്ഞു കൊണ്ട് നീ ഈ ഭൂമിയില്‍ പെറ്റു വീണപ്പോ....
ആ നിമിഷം നിന്നെ താങ്ങിയത് , ഇത് പോലെ ഏതെങ്കിലും ഒരു നേഴ്സിന്റെ  കൈകളായിരുന്നിരിക്കാം.....
 സിസേറിയന്റെ അബോധാവസ്ഥയില്‍ മയങ്ങിക്കിടന്നിരുന്ന നിന്റെ അമ്മ ' പോലും അപ്പോള്‍ അത് അറിഞ്ഞുകാണില്ല !!!
മനസാക്ഷിയുള്ള ഏതൊരുവന്റെയും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന വാക്കുകള്‍ ......
ഒരു ചലച്ചിത്രത്തിലൂടെയാണെങ്കിലുംഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നമ്മില്‍ പലരും നന്മയുടെ യാഥാര്‍ത്ഥ്യം തിരിച്ചരിയുന്നുണ്ടാകാം.
പക്ഷെ കണ്ടിട്ടും കാണാത്തതുപോലെ വഴി തെറ്റി പറക്കുന്നത് ഇതേ കുപ്പായമണിയുന്ന
പുതു തലമുറയിലെ ചിലരെങ്കിലുമാണ് എന്ന് തുറന്നു പറയാതെ വയ്യ.

ഇവിടെ 22 ഫീമൈല്‍ കോട്ടയം . എന്ന ഈ പുതിയ ചിത്രത്തിലും
ഒരു ഭാഗത്ത്, മരണാസന്നനായ ഒരു വയോവൃദ്ധന്‍ അയാളെ ശുശ്രൂഷിക്കുന്ന നേഴ്സിനോട്
നന്ദിയോടെ പറയുന്നുണ്ട്.
" നിന്നെപ്പോലെ കുറച്ചെങ്കിലും മാലാഖമാര്‍ ഇനിയും ശേഷിക്കുന്നത് കൊണ്ടാണ് 
  ഭൂമിയില്‍ ഇപ്പോഴും സന്തോഷം നിറഞ്ഞു നില്‍ക്കുന്നത്.
  ജീവിതം ...ഒരു സ്വര്‍ഘമാണ് മോളേ ...."  എന്ന് !
കരഘോഷങ്ങളുടെ അകമ്പടിയോടെ ഈ വാക്കുകള്‍ പറയപ്പെടുമ്പോള്‍
അഭിമാനത്തോടെ നെഞ്ചിലേറ്റു വാങ്ങാം , 
ആത്മാര്‍ത്ഥമായി ഈ രംഗത്ത് ശുശ്രൂഷ ചെയ്യുന്ന കാരുണ്യത്തിന്റെ ഓരോ മാലാഖമാര്‍ക്കും.

ആസക്തിയോടെ തെരുവില്‍ പിച്ചിചീന്തി എറിയപ്പെടെണ്ട  ഒന്നല്ല സ്ത്രീ സൌന്ദര്യം
എന്നൊരു സന്ദേശം കൂടെ ഈ ചിത്രം വളരെ വ്യക്തമായി മുന്നോട്ടു വയ്ക്കുന്നുണ്ട്‌.
കാമകണ്ണുകളോടെ മാത്രം പെണ്‍ ശരീരത്തെ നോക്കി കാണുന്ന 
ഓരോ മനോരോഗികള്‍ക്കും ഇതൊരു പാഠവുമാണ്.

അതിനേക്കാളുപരിയായി 
മുന്‍പേ സൂചിപ്പിച്ച പോലെ , 
നഴ്സിംഗ് പോലെ മഹത്തായ  പ്രവര്‍ത്തന മേഖല  തിരഞ്ഞെടുത്ത് മുന്നിട്ടിറങ്ങുന്ന വരും തലമുറയ്ക്കെങ്കിലും 
ഈ മേഖലയ്ക്കോ, നിങ്ങളുടെ സഹപ്രവര്‍ത്തകരായ വലിയൊരു കൂട്ടം വരുന്ന 
സജ്ജനങ്ങള്‍ക്കോ അപകീര്‍ത്തി ഉണ്ടാവാത്ത വിധം 
ഓരോ ചുവടും കരുതലോടെ ജീവിക്കുവാനുള്ള ആത്മവീര്യം 
നേടിയെടുക്കാനുള്ള സല്‍ബുദ്ധി ഈ ചിത്രം..... അഥവാ ഇതുപോലുള്ള 
ചിത്രങ്ങള്‍ സമ്മാനിക്കട്ടെ. 

ശ്രീ.ആഷിക് അബു , ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും, ഈ ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്ന 
നല്ലവരായ പ്രേക്ഷകര്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

ഇനിയും ഇതുപോലുള്ള ചിത്രങ്ങള്‍ ജനിക്കട്ടെ.
കാത്തിരിക്കാം.