ഈ ബ്ലോഗ് തിരയൂ

2012, ജൂലൈ 5, വ്യാഴാഴ്‌ച

കാവല്‍ക്കാര്‍


ഇവിടെ, ബാംഗ്ലൂര്‍ നഗരത്തില്‍ ചിലയിടങ്ങളില്‍ ഈയിടെ എന്നും രാത്രി നല്ല തണുത്ത കാറ്റ് വീശും.
സുഖകരം, എന്നാല്‍ അല്‍പ്പം ശക്തി കൂടിയ കാറ്റ് !
ഈ അടുത്തയിടെ  ഒരു രാത്രി ഞാന്‍ എന്‍റെ ഫ്ലാറ്റിന്‍റെ മുകളില്‍ ടെറസ്സില്‍ നില്‍ക്കുമ്പോള്‍ 
ഇതുപോലെ കാറ്റ് വീശുന്ന നേരം.
പൊടുന്നന്നെ, നാലാം നിലയുടെ ഉയരത്തോട് തൊട്ടടുത്തായി ഒരു നേര്‍ത്ത മരത്തിന്‍റെ
ഇനിയും നേര്‍ത്ത കൊമ്പിലെ ഉയര്‍ന്ന ചില്ലയില്‍ നിന്നും 
കാറ്റില്‍ ഒരു പക്ഷി തല്ലിയലച്ചു പറക്കുന്നത് കണ്ടു.
കാക്കയാവാം....
കുറച്ചു കൂടെ അടുത്തു ചെന്ന് ആ ചില്ലയിലേക്ക് നോക്കിയപ്പോള്‍ , തെളിഞ്ഞ  നിലാ വെളിച്ചത്തില്‍ കാണാം.
ആ ചില്ലമേല്‍ ഒരു കുഞ്ഞു കൂട് ഉണ്ട്. അതില്‍ കുറെ മുട്ടകളും !!
കാറ്റില്‍ കൂട് താഴെ വീഴാതിരിക്കാന്‍ , എവിടെന്നോ കൊണ്ടു വന്ന പ്ലാസ്റ്റിക്‌ ചരടുകള്‍ കൊണ്ടു
 കൂട് ഭദ്രമായി കെട്ടി വച്ചിരിക്കുന്നു !
തള്ളപ്പക്ഷിയാവാം കാറ്റില്‍ തല്ലിയലച്ചു പറന്നത്.



പിറ്റേന്ന് രാവിലെ , ഉറക്കമുണര്‍ന്ന ഉടനെ ഞാന്‍ നേരെ അവിടേക്ക് ചെന്നു.
കൂട്ടിലേക്ക് സൂക്ഷിച്ചു നോക്കി.
നോട്ടം കണ്ടു ഭയന്നിട്ടാവാം.തള്ള കാക്ക പറന്ന് എനിക്കരികില്‍ വന്നു 


ആ സമയം അവള്‍ക്കു തീരെ ഭയമേ ഇല്ല !!
അബല' എന്ന് എത്ര തളര്‍ത്തി പറഞ്ഞാലും.
അവളിലെ 'മാതൃത്വം " എന്ന വാക്കില്‍ ഒന്ന് തൊട്ടു നോക്കണം .അപ്പോള്‍ അറിയാം 
നിസ്സാരയായ പെണ്ണിന്‍റെ, ഉള്ളിന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ശക്തി!
ആ ശക്തിക്ക് അമ്മ ' എന്ന് പേര്‍ .
എന്നെ പിന്നോക്കം വിരട്ടി ഓടിക്കാനായിരുന്നു  അവളുടെ ശ്രമം.
അവള്‍ ഏറെ പണിപ്പെട്ടു. പിന്നെ ഒന്ന് ചുവടുമാറ്റി മറ്റൊരു ശ്രമം.
ഒരു പ്രത്യേക തരത്തില്‍ കരഞ്ഞു ഒച്ചവച്ചു ആരെയോ വിളിച്ചു.


നിമിഷങ്ങള്‍ക്കകം ,അതിന്‍റെ ഇണയാവാം...ഒരു കാക്ക കൂടി പറന്നെത്തി.
സ്വന്തം കുടുംബത്തോടുള്ള ഉത്തരവാദിത്വം തന്നാല്‍ ആയ വിധം അവനും നിറവേറ്റുന്നു.!!


ഇരുവരും എനിക്ക് ഇരുപുറവുമായി ചുറ്റി പറന്നു ബഹളം വച്ചു.
പിന്നെ സഹായത്തിനായി മറ്റു കാക്കകളെ വിളിച്ചു.
കര്‍ണാടകയിലെ മനുഷ്യരുടെ സ്വഭാവം തന്നെയാണെന്ന് തോന്നുന്നു ഇവിടുത്തെ മറ്റു ജീവികള്‍ക്കും.
കാക്കകള്‍ക്ക് പോലും.....!
കാരണം, അത് വഴി പോയ ഒറ്റ കാക്കയും അവരെ തിരിഞ്ഞു നോക്കിയില്ല.
ഇവിടുത്തെ മനുഷ്യരും ഇങ്ങിനെ ആണ്. സഹകരണവും, പ്രതികരണ ശേഷിയും നന്നേ കുറഞ്ഞ ആളുകള്‍ .
അങ്ങിനെ നോക്കുമ്പോള്‍ നമ്മള്‍ മലയാളികള്‍ വലിയ സംഭവം തന്നെ !
കേരളത്തിലെ കാക്കകളായിരുന്നെങ്കില്‍ ഇപ്പൊ കാണാമായിരുന്നു പൂരം !
കാക്ക കൂടും പോലെ ' എന്നൊരു ചൊല്ല് തന്നെ ഉണ്ട് നാട്ടില്‍ .
സംഘംചേരലും, പ്രതിഷേധവും, സമരവും , മുറവിളിയും ഒക്കെ നമ്മുടെ നാട്ടിലെ കാക്കകള്‍ക്ക് പോലും 
നന്നേ വശമുള്ളതാണല്ലോ.

ചുരുക്കിപറഞ്ഞാല്‍ , എന്നും രാവിലെ കൂട് കാണാന്‍ വരുന്ന എന്നെയും കാത്ത്, മുട്ടകള്‍ക്ക് മേലെ ,തള്ളക്കാക്കയും..
ഒരു വിളിപ്പാടകലെ മറ്റൊരു ചില്ലയില്‍ തന്തകാക്കയും കാത്തിരിപ്പുണ്ടാകും.
അവരുടെ പരാക്രമവും , മുറവിളിയും കാണുമ്പോ...
സത്യം പറയാല്ലോ ,  ചിരി വന്നു, പിന്നെ തോന്നി..കണ്ടു പഠിക്കാന്‍ ചിലത് ഉണ്ട് എന്ന്.

അല്പം ചിന്തിച്ചപ്പോള്‍ . ഒരുപാട് സന്തോഷം തോന്നി.
ജോലിയും , യാത്രകളും , തിരക്കും ഒഴിഞ്ഞ് , ചില ദിവസങ്ങള്‍ കൂടി, ഇന്നലെയാണ് വീണ്ടും ആ കൂടിനു അടുത്തു പോയത്.
ചെന്നു നോക്കുമ്പോള്‍ ....
കഥകളിലും മറ്റും കേട്ടു പഴകിയതാണ്. എന്നാലും നേരിട്ട് കാണുന്നത് ആദ്യമാണ്.
പക്ഷെ  വിശ്വാസമായത് ഇപ്പോഴാണ്.
ആ കൂട്ടില്‍ രണ്ടു പുതിയ അംഗങ്ങള്‍ ..!!
കൂട്ടില്‍ നിന്നും തലയുയര്‍ത്തി നോക്കുന്ന രണ്ടു പുള്ളികുയില്‍ കുഞ്ഞുങ്ങള്‍ !!
ഞാന്‍ ഒന്ന് രണ്ടു ഫോട്ടോ ക്ലിക്ക് ചെയ്തു.
അപ്പോഴേക്കും പറന്നെത്തി.തള്ളയും തന്തയും !!.
പാവങ്ങള്‍ .. അവര്‍ക്കിനിയും  മനസ്സിലായിട്ടില്ല.
തങ്ങളുടെ മുട്ടകള്‍ താഴെ തട്ടിയിട്ടു,പകരം സ്വന്തം മുട്ടകള്‍ 

കൂട്ടില്‍ ഇട്ട്, എങ്ങോട്ടോ പൊയ്കളഞ്ഞ കള്ളിക്കുയിലിന്‍റെ ചതി !! 
അവരിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല ഇവര്‍ തങ്ങളുടെ കുഞ്ഞുങ്ങളല്ല എന്ന്.
ഇപ്പോഴും ആവും വിധം അവര്‍ സംരക്ഷിക്കുന്നു ആ കുഞ്ഞുങ്ങളെ.


വിഷമം തോന്നി.  ഇനി...........
ഇനി എന്താവും സംഭവിക്കുക..?
ആവോ..? അറിയില്ല........ അറിയേണ്ട .
തിരികെ നടക്കുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു.


ഇനി..... ഇനി ഞാന്‍ ആ കൂടിനടുത്തേക്ക്  പോകില്ല.
പോയാലും, ഇനി....ഇനി  അങ്ങോട്ടേക്ക് നോക്കില്ല.
എന്നെങ്കിലും ഒരിക്കല്‍ ആ പാവങ്ങള്‍  തിരിച്ചറിയില്ലേ..?
തങ്ങള്‍ അവരുടെ അമ്മയപ്പന്‍മാരായിരുന്നില്ല  , വെറും കാവല്‍ക്കാര്‍ മാത്രമായിരുന്നു എന്ന് !! 

കാറ്റിനും, കഴുകനും,കാലനും, വിട്ടുകൊടുക്കാതെ പ്രാണന്  തുല്യം കാത്ത് പോറ്റിയ വെറും കാവല്‍ക്കാര്‍ !