ഈ ബ്ലോഗ് തിരയൂ

2012, ജൂലൈ 5, വ്യാഴാഴ്‌ച

കാവല്‍ക്കാര്‍


ഇവിടെ, ബാംഗ്ലൂര്‍ നഗരത്തില്‍ ചിലയിടങ്ങളില്‍ ഈയിടെ എന്നും രാത്രി നല്ല തണുത്ത കാറ്റ് വീശും.
സുഖകരം, എന്നാല്‍ അല്‍പ്പം ശക്തി കൂടിയ കാറ്റ് !
ഈ അടുത്തയിടെ  ഒരു രാത്രി ഞാന്‍ എന്‍റെ ഫ്ലാറ്റിന്‍റെ മുകളില്‍ ടെറസ്സില്‍ നില്‍ക്കുമ്പോള്‍ 
ഇതുപോലെ കാറ്റ് വീശുന്ന നേരം.
പൊടുന്നന്നെ, നാലാം നിലയുടെ ഉയരത്തോട് തൊട്ടടുത്തായി ഒരു നേര്‍ത്ത മരത്തിന്‍റെ
ഇനിയും നേര്‍ത്ത കൊമ്പിലെ ഉയര്‍ന്ന ചില്ലയില്‍ നിന്നും 
കാറ്റില്‍ ഒരു പക്ഷി തല്ലിയലച്ചു പറക്കുന്നത് കണ്ടു.
കാക്കയാവാം....
കുറച്ചു കൂടെ അടുത്തു ചെന്ന് ആ ചില്ലയിലേക്ക് നോക്കിയപ്പോള്‍ , തെളിഞ്ഞ  നിലാ വെളിച്ചത്തില്‍ കാണാം.
ആ ചില്ലമേല്‍ ഒരു കുഞ്ഞു കൂട് ഉണ്ട്. അതില്‍ കുറെ മുട്ടകളും !!
കാറ്റില്‍ കൂട് താഴെ വീഴാതിരിക്കാന്‍ , എവിടെന്നോ കൊണ്ടു വന്ന പ്ലാസ്റ്റിക്‌ ചരടുകള്‍ കൊണ്ടു
 കൂട് ഭദ്രമായി കെട്ടി വച്ചിരിക്കുന്നു !
തള്ളപ്പക്ഷിയാവാം കാറ്റില്‍ തല്ലിയലച്ചു പറന്നത്.



പിറ്റേന്ന് രാവിലെ , ഉറക്കമുണര്‍ന്ന ഉടനെ ഞാന്‍ നേരെ അവിടേക്ക് ചെന്നു.
കൂട്ടിലേക്ക് സൂക്ഷിച്ചു നോക്കി.
നോട്ടം കണ്ടു ഭയന്നിട്ടാവാം.തള്ള കാക്ക പറന്ന് എനിക്കരികില്‍ വന്നു 


ആ സമയം അവള്‍ക്കു തീരെ ഭയമേ ഇല്ല !!
അബല' എന്ന് എത്ര തളര്‍ത്തി പറഞ്ഞാലും.
അവളിലെ 'മാതൃത്വം " എന്ന വാക്കില്‍ ഒന്ന് തൊട്ടു നോക്കണം .അപ്പോള്‍ അറിയാം 
നിസ്സാരയായ പെണ്ണിന്‍റെ, ഉള്ളിന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ശക്തി!
ആ ശക്തിക്ക് അമ്മ ' എന്ന് പേര്‍ .
എന്നെ പിന്നോക്കം വിരട്ടി ഓടിക്കാനായിരുന്നു  അവളുടെ ശ്രമം.
അവള്‍ ഏറെ പണിപ്പെട്ടു. പിന്നെ ഒന്ന് ചുവടുമാറ്റി മറ്റൊരു ശ്രമം.
ഒരു പ്രത്യേക തരത്തില്‍ കരഞ്ഞു ഒച്ചവച്ചു ആരെയോ വിളിച്ചു.


നിമിഷങ്ങള്‍ക്കകം ,അതിന്‍റെ ഇണയാവാം...ഒരു കാക്ക കൂടി പറന്നെത്തി.
സ്വന്തം കുടുംബത്തോടുള്ള ഉത്തരവാദിത്വം തന്നാല്‍ ആയ വിധം അവനും നിറവേറ്റുന്നു.!!


ഇരുവരും എനിക്ക് ഇരുപുറവുമായി ചുറ്റി പറന്നു ബഹളം വച്ചു.
പിന്നെ സഹായത്തിനായി മറ്റു കാക്കകളെ വിളിച്ചു.
കര്‍ണാടകയിലെ മനുഷ്യരുടെ സ്വഭാവം തന്നെയാണെന്ന് തോന്നുന്നു ഇവിടുത്തെ മറ്റു ജീവികള്‍ക്കും.
കാക്കകള്‍ക്ക് പോലും.....!
കാരണം, അത് വഴി പോയ ഒറ്റ കാക്കയും അവരെ തിരിഞ്ഞു നോക്കിയില്ല.
ഇവിടുത്തെ മനുഷ്യരും ഇങ്ങിനെ ആണ്. സഹകരണവും, പ്രതികരണ ശേഷിയും നന്നേ കുറഞ്ഞ ആളുകള്‍ .
അങ്ങിനെ നോക്കുമ്പോള്‍ നമ്മള്‍ മലയാളികള്‍ വലിയ സംഭവം തന്നെ !
കേരളത്തിലെ കാക്കകളായിരുന്നെങ്കില്‍ ഇപ്പൊ കാണാമായിരുന്നു പൂരം !
കാക്ക കൂടും പോലെ ' എന്നൊരു ചൊല്ല് തന്നെ ഉണ്ട് നാട്ടില്‍ .
സംഘംചേരലും, പ്രതിഷേധവും, സമരവും , മുറവിളിയും ഒക്കെ നമ്മുടെ നാട്ടിലെ കാക്കകള്‍ക്ക് പോലും 
നന്നേ വശമുള്ളതാണല്ലോ.

ചുരുക്കിപറഞ്ഞാല്‍ , എന്നും രാവിലെ കൂട് കാണാന്‍ വരുന്ന എന്നെയും കാത്ത്, മുട്ടകള്‍ക്ക് മേലെ ,തള്ളക്കാക്കയും..
ഒരു വിളിപ്പാടകലെ മറ്റൊരു ചില്ലയില്‍ തന്തകാക്കയും കാത്തിരിപ്പുണ്ടാകും.
അവരുടെ പരാക്രമവും , മുറവിളിയും കാണുമ്പോ...
സത്യം പറയാല്ലോ ,  ചിരി വന്നു, പിന്നെ തോന്നി..കണ്ടു പഠിക്കാന്‍ ചിലത് ഉണ്ട് എന്ന്.

അല്പം ചിന്തിച്ചപ്പോള്‍ . ഒരുപാട് സന്തോഷം തോന്നി.
ജോലിയും , യാത്രകളും , തിരക്കും ഒഴിഞ്ഞ് , ചില ദിവസങ്ങള്‍ കൂടി, ഇന്നലെയാണ് വീണ്ടും ആ കൂടിനു അടുത്തു പോയത്.
ചെന്നു നോക്കുമ്പോള്‍ ....
കഥകളിലും മറ്റും കേട്ടു പഴകിയതാണ്. എന്നാലും നേരിട്ട് കാണുന്നത് ആദ്യമാണ്.
പക്ഷെ  വിശ്വാസമായത് ഇപ്പോഴാണ്.
ആ കൂട്ടില്‍ രണ്ടു പുതിയ അംഗങ്ങള്‍ ..!!
കൂട്ടില്‍ നിന്നും തലയുയര്‍ത്തി നോക്കുന്ന രണ്ടു പുള്ളികുയില്‍ കുഞ്ഞുങ്ങള്‍ !!
ഞാന്‍ ഒന്ന് രണ്ടു ഫോട്ടോ ക്ലിക്ക് ചെയ്തു.
അപ്പോഴേക്കും പറന്നെത്തി.തള്ളയും തന്തയും !!.
പാവങ്ങള്‍ .. അവര്‍ക്കിനിയും  മനസ്സിലായിട്ടില്ല.
തങ്ങളുടെ മുട്ടകള്‍ താഴെ തട്ടിയിട്ടു,പകരം സ്വന്തം മുട്ടകള്‍ 

കൂട്ടില്‍ ഇട്ട്, എങ്ങോട്ടോ പൊയ്കളഞ്ഞ കള്ളിക്കുയിലിന്‍റെ ചതി !! 
അവരിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല ഇവര്‍ തങ്ങളുടെ കുഞ്ഞുങ്ങളല്ല എന്ന്.
ഇപ്പോഴും ആവും വിധം അവര്‍ സംരക്ഷിക്കുന്നു ആ കുഞ്ഞുങ്ങളെ.


വിഷമം തോന്നി.  ഇനി...........
ഇനി എന്താവും സംഭവിക്കുക..?
ആവോ..? അറിയില്ല........ അറിയേണ്ട .
തിരികെ നടക്കുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു.


ഇനി..... ഇനി ഞാന്‍ ആ കൂടിനടുത്തേക്ക്  പോകില്ല.
പോയാലും, ഇനി....ഇനി  അങ്ങോട്ടേക്ക് നോക്കില്ല.
എന്നെങ്കിലും ഒരിക്കല്‍ ആ പാവങ്ങള്‍  തിരിച്ചറിയില്ലേ..?
തങ്ങള്‍ അവരുടെ അമ്മയപ്പന്‍മാരായിരുന്നില്ല  , വെറും കാവല്‍ക്കാര്‍ മാത്രമായിരുന്നു എന്ന് !! 

കാറ്റിനും, കഴുകനും,കാലനും, വിട്ടുകൊടുക്കാതെ പ്രാണന്  തുല്യം കാത്ത് പോറ്റിയ വെറും കാവല്‍ക്കാര്‍ !



7 അഭിപ്രായങ്ങൾ:

  1. ഉചിതമായ പേര് .. “കാവല്‍ക്കാര്‍ ”…
    കേട്ടിട്ടു മാത്രമുള്ള നുണക്കഥ സത്യമായി അല്ലേ…കാക്കക്കൂട്ടിലെ കള്ളിപ്പൂങ്കുയില്‍…
    ചിന്തിപ്പിക്കുന്നു ..തന്റെതല്ലാത്ത എന്തിനൊക്കെയോ വേണ്ടി ആവലാതിപ്പെടുന്ന തിരിച്ചറിവില്ലാത്ത കണ്ണ് തുറക്കാന്‍ കഴിയാത്ത ആസ്വദിച്ചു വേദനിക്കുന്ന എന്‍റെയും താങ്കളുടെയും ഈ മനുഷ്യ ജന്മത്തെയും ഓര്‍ത്ത് …!

    മറുപടിഇല്ലാതാക്കൂ
  2. ഒരു ശത്രുവിനെ പോലെ അവര്‍ക്കരികില്‍ ചെന്ന്, ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആ പാവങ്ങളുടെ
    മൌന നൊമ്പരം തൊട്ടറിയാനും,പങ്കു വയ്ക്കാനും കഴിഞ്ഞത് തീര്‍ത്തും ഒരു ഭാഗ്യമായി കരുതുന്നു.
    നന്ദി .... അവരുടെ നൊമ്പരത്തില്‍ പങ്കു ചേര്‍ന്നതിന് , ആത്മാര്‍ത്തമായ അഭിപ്രായങ്ങള്‍ക്ക്...
    സഹകരണത്തിന് എല്ലാം എല്ലാം . :)

    മറുപടിഇല്ലാതാക്കൂ
  3. കുയിലായിട്ടു തുടങ്ങിയ ഈ ശൈലി ഇപ്പോള്‍ കുയിലിനെക്കാളും കുടുതല്‍ നമ്മുടെ മെട്രോ നാഗരിഗതയുടെ ഇരയായ ഇന്നത്തെ മനുഷ്യരില്‍ ആണ് കണ്ടു വരുന്നത്.സമയത്തെ തോല്‍പ്പിക്കാനുള്ള ഓട്ടത്തില്‍ പലപ്പോഴും അറിയാതെ തോല്‍ക്കുന്നത് നാം തന്നെയാണ്.ഒപ്പം നമ്മുടെ ജീവിതവും മാനുഷിക മൂല്യങ്ങളും.!! ജെര്‍മനി പോലുള്ള രാജ്യങ്ങളില്‍ ജനസംഖ്യ കുറവാണ് ആ നാടുകളിലെ ഒക്കെ
    സ്ത്രീകള്‍ക്ക് പ്രസ്സവിക്കാന്‍ താല്‍പ്പര്യം ഇല്ലത്രെ !! ഇവരില്‍ ചിലര്‍ ആര്‍ക്കോ എവിടെയോ ജനിച്ച കുട്ടികളെ ദത്തെടുത്തു അവരുടെ കുഞ്ഞായി വളര്‍ത്തുന്നു . ജനിച്ച ഉടനെ കുഞ്ഞിനെ കുപ്പയില്‍ ഉപേക്ഷിച്ചു കടന്നു കളയുന്ന അമ്മക്കുയിലുകള്‍ നമ്മുടെ നാട്ടിലെ പത്രങ്ങളിലും പതിവ് കാഴ്ച്ചയാണല്ലോ.
    ശരിയാണ്. കാക്കക്കൂട്ടിലെ കള്ളിപ്പൂങ്കുയില്‍ ചിന്തിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. അമ്മക്കുയിലിനെ മാത്രമല്ല മനുഷ്യന്‍ അനുകരിക്കുന്നത്.
    ചിലപ്പോഴൊക്കെ കുയില്‍ കുഞ്ഞുങ്ങളെയും അനുകരിക്കുന്നതും കാണാം.
    അല്‍പ്പം വളര്‍ന്നു കഴിയുമ്പോഴാണ് അവര്‍ക്ക് തിരിച്ചറിവ് ഉണ്ടാകുന്നത്.
    അപ്പോള്‍ അവര്‍ക്ക് തോന്നും , തങ്ങള്‍ കാണാന്‍ എത്രയോ അഴകുള്ളവരാണ് .
    തങ്ങളുടെ ശബ്ദം എത്രയോ മധുരമാണ്.! എന്നൊക്കെ.
    വഴിയില്‍ എവിടെയോ തങ്ങളെപ്പോലെ അഴകുള്ളതും , ശബ്ദമാധുര്യമുള്ളതുമായ മറ്റു കുയിലുകളെ കണ്ടു
    അവരോടൊപ്പം ഇവരും പറന്നു പോകും ഒരുനാള്‍ .
    അന്ന് അവര്‍ തിരിച്ചറിയും. ഇതുവരെ തങ്ങളെ സംരക്ഷിച്ചു തീറ്റിപ്പോറ്റിയ മാതാപിതാക്കള്‍
    കണ്ണില്‍ കണ്ടതെല്ലാം കൊത്തിപ്പെറുക്കി നടക്കുന്ന , കാണാനഴകില്ലാത്ത കറുത്ത കരിങ്കാക്കകള്‍ ആയിരുന്നെന്ന് !!

    മറുപടിഇല്ലാതാക്കൂ
  5. മാറാട്ടങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും പക്ഷിലോകത്തും. രസകരമായിരിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  6. പൂപ്പി സി ഡി യില്‍ ഈ കള്ളി കുയിലിന്റെ കഥ ഞാന്‍ ഒരു നൂറു പ്രാവശേമെങ്കിലും കണ്ടു കാണും ......അത് കാണുമ്പോ കാണുമ്പോ കുയിലിനൂട് എനിക്ക് ദേഷ്യം വരാറുണ്ട് ....വര്‍ഗീസിന്റെ കാക്കയുടെ ലാസ്റ്റ് ഫോട്ടോ ......ഓ..സങ്കടം മുഴുവന്‍ ഉണ്ട് ,അതിന്റെ മുഖത്ത് .....കാലം ഇത്രയായിട്ടും കുയിലെന്തേ കൂട് കെട്ടാന്‍ പഠിച്ചില്ല ????കാക്കയെന്തേ കുയിലിന്റെ സൂത്രം മനസിലാക്കുന്നില്ല ????ഇതെല്ലാം അവരുടെ ഒരു ഒത്തു കളിയാനെങ്കിലോ ????

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുനിതാ ,

      കഥയില്‍ പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ കൂടി പറയട്ടെ..?
      കുറെ നാള്‍ കഴിഞ്ഞു ഒരിക്കല്‍ അവിടെ ചെന്ന് നോക്കുമ്പോള്‍ , അവിടെ ആ കൂട് മാത്രം ശേഷിക്കുന്നു.
      കാക്കകളും , കുയില്‍ കുഞ്ഞുങ്ങളും എവിടെക്കോ ഒക്കെ പറന്നു പോയിരിക്കുന്നു.!!
      ആ ഒഴിഞ്ഞ കൂട് കാണുമ്പോള്‍ വലിയ വിഷമം തോന്നി. ഇടയ്ക്കിടെ മറ്റു ചില കാക്കകള്‍ പറന്നു വന്നു, ഒളിഞ്ഞും തെളിഞ്ഞും നോക്കി, ആ കൂട്ടിനുള്ളില്‍ നിന്നും, ബലമുള്ള വള്ളികളും , കെട്ടി മുറുക്കുവാന്‍ ഉപയോഗിക്കപ്പെട്ട നേര്‍ത്ത ലോഹ നാരുകളും വലിച്ചു കൊത്തിയെടുത്ത് ദൂരേക്ക് പറന്നു പോകുന്നത് കാണാമായിരുന്നു.
      അവരറിയുന്നില്ലല്ലോ വഞ്ചനയുടെയും, നിരാശയുടെയും കഥാന്ത്യമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് !!.
      പിന്നെയും ചില നാളുകള്‍. പക്ഷെ, ഈ അടുത്തയിടെ ചെന്ന് നോക്കുമ്പോള്‍ അങ്ങിനൊരു കൂട് അവിടെയില്ല !!.
      അതു വച്ച് പിടിപ്പിക്കപ്പെട്ടിരുന്ന ആ മരവും !!
      ഇതിനോടകം ആ മരവും അവിടെനിന്നും മുറിച്ചു മാറ്റപ്പെട്ടിരുന്നു !!

      ഞാന്‍ പറഞ്ഞില്ലേ.....ചതിയുടെയും, വഞ്ചനയുടെയും കഥയാണല്ലോ ..
      പതിവുപോലെ തന്നെ "മനുഷ്യന്‍ " എന്ന ജീവിയുടെ രംഗപ്രവേശം തന്നെ വേണ്ടിവരുമല്ലോ കഥ പൂര്‍ത്തീകരിക്കപ്പെടുവാന്‍

      ഇല്ലാതാക്കൂ