ഈ ബ്ലോഗ് തിരയൂ

2012, ജൂൺ 25, തിങ്കളാഴ്‌ച

പ്രിയപ്പെട്ട മഞ്ചാടിക്കുരു ......




" അന്ന് രാത്രി വീട്ടില്‍ ആരും ഉറങ്ങിയില്ല .
ഓരോരുത്തര്‍ക്കും പറയാന്‍ ഓരോ കാരണങ്ങളുണ്ടായിരുന്നു.
കടുത്ത ചൂടിന്‍റെ , മൂളിപ്പറക്കുന്ന കൊതുകിന്‍റെ , അലറിക്കരയുന്ന കുഞ്ഞിന്‍റെ .......
................ദുഖം ......ദുരാഗ്രഹം ......പശ്ചാത്താപം .......!  "


ചിത്രം : മഞ്ചാടിക്കുരു , ചലച്ചിത്രകാരി : അഞ്ജലി മേനോന്‍ 









അതെ; ദുഖവും, ദുരാഗ്രഹങ്ങളും , പശ്ചാത്താപവും , ശിഥിലമായ ബന്ധങ്ങളും......,  പുറമേ പൊട്ടിത്തെറിച്ചും, ഉള്ളിന്‍റെ ഉള്ളില്‍ അടക്കിപ്പിടിച്ചു തേങ്ങിയും 
ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നവരുമായ   ഒരു പറ്റം പച്ച മനുഷ്യരുടെ കഥ.
ഒപ്പം, ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന നല്ലൊരു ബാല്യകാലത്തിന്റെയും .....
അല്‍പ്പം വൈകിയാണ് ഇവിടെ, ബാംഗ്ലൂര്‍ നഗരത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത് .
വന്‍ ജനത്തിരക്ക് ഒന്നും ഉണ്ടായില്ലെങ്കിലും, അമ്മമാര്‍ , അമ്മൂമ്മമാര്‍ ,യുവാക്കള്‍ , കുട്ടികള്‍ ..അങ്ങിനെ ഒത്തുകൂടിയവര്‍ എല്ലാവരും 
ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ  ഒന്നിച്ചു ഒരു മനസ്സോടെ ആസ്വദിച്ചു ഈ ചിത്രം. !
കഥാപാത്രങ്ങളോടൊത്തു ചിരിച്ചും , ഓര്‍മ്മകളില്‍ ഒന്ന് പിന്നോക്കം സഞ്ചരിച്ചും,ചിലപ്പോഴൊക്കെ കണ്ണുകള്‍ ഒന്ന് ഈറനണിഞും...
അങ്ങിനെ അങ്ങിനെ ഒരു വലിയ കയ്യടിയോടെ അവസാനം ഇരിപ്പിടത്തില്‍ നിന്ന് എണീക്കും വരെ !! 
പതിവ് ചിത്രങ്ങള്‍ കാണുമ്പോഴുള്ള വിലകുറഞ്ഞ കമന്റുകളോ , മറ്റു കോലാഹലങ്ങളോ ഒന്നും ഇല്ലാതെ , ഒരു നല്ല ചിത്രം കാണുന്നതും 
വളരെ കാലത്തിനു ശേഷമാണ്.(ഏതൊരാളുടെ ഉള്ളിലും ഉറങ്ങിക്കിടപ്പുണ്ടാവുമല്ലോ നല്ലൊരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ . അതുകൊണ്ട് കൂടിയാവാം )
യാഥാര്‍ത്ത്യത്തോട് വളരെ അടുത്തു നില്‍ക്കുന്ന അഭിനയ മികവു കാഴ്ച്ച വച്ചിരിക്കുന്നു ഓരോ അഭിനേതാക്കളും.
പ്രിഥ്വിരാജ് സുകുമാരന്‍ എന്ന നല്ല കലാകാരന്‍റെ  ശബ്ദവും,ശൈലിയും, അവതരണ മികവും ഒക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു .
മികച്ച രചന ,മികച്ച ഗാനങ്ങള്‍ , പശ്ചാത്തല സംഗീതം , വളരെ നല്ല  ചിത്രീകരണം. ( അതും ഒരു വിദേശ സിനിമാട്ടോഗ്രഫെരുടെ ചിത്രീകരണ മികവില്‍ )
ഗൃഹാതുരത്ത്വം തുളുമ്പുന്ന ദ്രിശ്യ വിരുന്നു സമ്മാനിച്ചു എന്ന് വേണം പറയാന്‍ .
മേന്മ  ദ്രിശ്യങ്ങളുടെത് മാത്രമല്ല, ശബ്ദങ്ങളുടെത് കൂടിയാണ് ...
ചിത്രത്തിന്‍റെ തുടക്കത്തില്‍  ചിതറി വീഴുന്ന   മഞ്ചാടി മണികളുടെ ....., കാറ്റില്‍ വിറകൊള്ളുന്ന അമ്പല പറമ്പിലെ ആലിലകളുടെ....,
കൊതിയോടെ അടര്‍ത്തുന്ന മിട്ടായിയുടെ പളുങ്ക് കടലാസ്സിന്റെ ..., മച്ചിന്‍ മുകളില്‍ കുറുകുന്ന പ്രാവുകളുടെ..... അങ്ങിനെ അങ്ങിനെ........

ചുരുക്കിപറഞ്ഞാല്‍ ഒരുപാട് വലിയ കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന  ഒരുകുഞ്ഞു കഥ !!.... ഒരു കൊച്ചു ചിത്രം... !!
എത്ര എടുത്തു പറഞ്ഞാലും മതിയാവാത്തത് " മഞ്ഞാടിക്കുരു " എന്ന പേര് സ്വീകരിച്ചതിനാണ്. 
ചിത്രത്തില്‍ ഒരിടത്ത് പറയുന്നുണ്ടല്ലോ 
 " കൈ നിറയെ കാശ് കിട്ടിയാല്‍ എന്ത് വാങ്ങും ..? "
" കുന്ന്നോളം മഞ്ഞാടിക്കുരു ! "
" പോടീ മണ്ടീ, മഞ്ഞാടിക്കുരു ആരേലും കാശ് കൊടുത്ത് വാങ്ങുവോ..? അതൊരു വിലയില്ലാത്ത സാധനാ ...." 

ചിത്രം ഇനിയും കണ്ടിട്ടില്ലാത്ത പ്രിയപ്പെട്ട സിനിമാ പ്രേമികള്‍ ഒന്ന് കണ്ടു നോക്കൂ, ആ പേരിനു വിലയുണ്ടോ ഇല്ലയോ എന്ന് ..
അത്രമാത്രം പറഞ്ഞു നിറുത്തട്ടെ ....
ഒപ്പം അഭിനന്ദനങ്ങള്‍ , ആശംസകള്‍ ...ഞങ്ങളുടെ ഫൈസ്ബുക്ക്‌ സുഹൃത്തും, ചലച്ചിത്രകാരിയുമായ  അഞ്ജലി മേനോനും , എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ....


2 അഭിപ്രായങ്ങൾ: