ഈ ബ്ലോഗ് തിരയൂ

2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

The Shadow ( Story )




നഗരം .
സന്ധ്യയോടടുത്ത സമയം.
തെരുവിന്റെ വര്‍ണ്ണങ്ങള്‍ , ....തിരക്ക് , പരക്കം പാച്ചില്‍ ...
ഇന്ദിരാ ലൈനിലെ ആ തിരക്കൊഴിഞ്ഞ റെസിടെന്‍സി കോളനിയില്‍ നില്‍ക്കുമ്പോഴും 
ദൂരെ, നഗരത്തിന്റെ  ഇരമ്പം കേള്‍ക്കാം .
കോളനിയിലെ വീടുകളിലൊന്നില്‍ .......

ആ വീട് , കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തുന്ന ഒരു ഡാറ്റാ എന്‍ട്രി ഫേമോ മറ്റോ ആണ്.
നൈറ്റ്‌ ഡ്യൂട്ടി ചെയ്യാന്‍ ജോയിന്‍ ചെയ്ത രണ്ടുപേരേ ഉള്ളൂ അവിടെ .
സോഹന്‍ എന്ന സീനിയര്‍ സ്ടാഫും , വിഷ്ണു വിദ്യാധരന്‍ എന്ന ഒരു തരികിട ചെറുക്കനും.
വിഷ്ണു ഏതു നേരവും മൊബൈലില്‍ ആരോടൊക്കെയോ സൊള്ളുന്നത് കേള്‍ക്കാം ഇരുപത്തിനാല് മണിക്കൂറും !
ഈ ആഴ്ച ഇവര്‍ രണ്ടുപേരാണ് നൈറ്റ് ഡ്യൂട്ടിക്ക് .

ഇന്നെന്തോ വിഷ്ണു കുറച്ചു നേരം മൌനമായി അടങ്ങി ഒതുങ്ങി ഇരുന്ന് ടൈപ്പ് ചെയ്യുന്നത് കണ്ടു.
സോഹന്‍ ഇടയ്ക്ക് അത് ശ്രദ്ധിക്കാതിരുന്നില്ല. പിന്നെ, കാര്യമായിട്ടൊന്നു നോക്കിയപ്പോഴാണ് അവന്‍ ടൈപ് ചെയ്യുന്നത് 
ടാറ്റാ എന്ട്രി ഒന്നുമല്ല , ഫൈസ് ബുക്കില്‍ തിരക്ക് പിടിച്ച ചാറ്റിങ്ങാന് ആരോടോ ..
ഇടയ്ക്കിടെ തൊട്ടു മുന്നിലെ ജനലിലൂടെ കാണാവുന്ന വലിയ വീട്ടിലേക്കു ഒളികണ്ണിട്ടു നോക്കുന്നുമുണ്ട്.
കൂടെ ഒരു കള്ളചിരിയും ...

ഇടയ്ക്ക് ഒരു മിസ്സ്ഡ് കാള്‍ വന്നു. അവനു ചിരി , പതിവിലേറെ സന്തോഷം....!

സോഹന്‍ ഒന്നും എടുത്തു ചോതിക്കാനോന്നും നിന്നില്ല.
എന്നാലും കുറെ കഴിഞ്ഞപ്പോ വിഷ്ണു  തന്നെ സത്യം പറഞ്ഞു.
ഒന്നൊന്നായി ...

"ദാണ്ടേ ആ വീട്ടിലെ പുതിയ കക്ഷിയില്ലേ..? "
"ഏതു കക്ഷി..? "
"ഹാ , ആ പുതിയ വേലക്കാരിപെങ്കൊച്ച് !! "
" ഓ അത് വേലക്കാരി ഒന്നുമല്ല , അവിടുത്തെ ആന്റീടെ അകന്ന ഏതോ ബന്ധുവാ . ഊം ? ആ കുട്ടി ?  "
" ഏയ്‌ , ഒന്നുമില്ലാ ... ( ഒരു നീണ്ട മൌനം , ഒരു കള്ളച്ചിരി ) ...വളഞ്ഞു ! , ഇന്നു അവളുടെ നമ്പര്‍ കിട്ടി . "

സോഹനു ദേഷ്യമാണ് തോന്നിയത് 

" നിന്നേ പോലത്തെ പിള്ളേര്‍ക്കൊക്കെ ആകെക്കൂടെ ഈ ഒരു വിചാരമെയുള്ളോ ? വളക്ക്വാ,  ചാക്കിലാക്കുക , 
എന്നിട്ട് കൊണ്ടുപോയി.... " ( അയാള്‍ അത് അവിടെ അടക്കി ) 

"ഏയ്‌ ഇതങ്ങിനല്ല. ."
" പിന്നെ..? പിന്നെങ്ങിനാണ്..? "

അവന്‍ കുറച്ചു നേരം മിണ്ടിയില്ല. 
അല്പം കഴിഞ്ഞു , പിന്നെയും സന്തോഷം പുറത്തുചാടി.  

" ഇന്നു ......ഇന്നു രാത്രി തമ്മില്‍ കാണാമെന്നു സമ്മതിച്ചു അവള്‍ !! " 
" ആര്..? എവിടെ..?  എവിടെപ്പോയി കാണുംന്നു ? "     - സോഹന്റെ ശബ്ദം കനത്തു.

" നിനക്ക്  തൊട്ടപ്പുറത്തെ  വീട്ടിലും ഉണ്ടല്ലോ ഒരു തൊലി വെളുംബത്തി ! അപ്പൊ അതോ..?
അത് വേണ്ടാന്നു വച്ചോ  ഇങ്ങിനൊരെണ്ണത്തിനെ ഒത്തു കിട്ടിയപ്പോ..? "

"ഏയ്‌  അയ്യേ , ഇത് അങ്ങിനല്ല , അത് സീരിയസ്.  ഞങ്ങള്‍ തമ്മില്‍ ഇഷ്ട്ടത്തിലാ , ശരിക്കും "
" അപ്പൊ ഇതോ  ? ഇത് പിന്നെങ്ങിനാണ് ..? "

അവന്‍ ( ചിരി ) 

" ചുമ്മാ ടൈം പാസ് ! " കിട്ടിയ ചാന്‍സ് കളയണ്ടാന്നു വെറുതേ ..ഒരു ...ഒരു ...." 
" ചുമ്മാ അങ്ങ് കിട്ടിയതല്ലല്ലോ , പിന്നാലെ നടന്നു വളച്ചിട്ടു !! .... ( സോഹന്‍ എന്തൊക്കെയോ മുറു മുറുത്തു ) "

അത് അങ്ങിനെ കഴിഞ്ഞു ...
പക്ഷെ അന്ന് രാത്രി.. !!

പാതിരാത്രിയോടടുത്ത സമയം.
എല്ലാ വീട്ടിലും ലൈറ്റ് അണഞ്ഞിരുന്നു .
വെളിയിലെ, മതിലിന്റെ പരിസരത്തു അരണ്ട നിലാവെളിച്ചം മാത്രം.

സോഹന്‍ , മുറിയിലെ ഇരുട്ടില്‍ ചുമ്മാ നോക്കി നില്‍ക്കുക മാത്രം ചെയ്തു.
അപ്പോള്‍ കാണാം. 
മതിലിനു മുകളിലൂടെ ശബ്ധമുണ്ടാക്കാതെ തത്തിപ്പിടിച്ചു കയറി അങ്ങേ അതിര്‍ത്തിയിലേക്ക് ചാടി, 
ഇരുട്ടില്‍ മറയുന്ന വിഷ്ണുവിന്റെ അരണ്ട രൂപം ! 

പിന്നെ ഇരുട്ട് മാത്രം. വേറെ ഒന്നും വ്യക്തമല്ല.
സോഹന്‍ അല്‍പ നേരം അത് നോക്കി നിന്നു , പിന്നെ മുറിക്കകത്തെ ഇരുട്ടിലേക്ക് അയാളും തിരിഞ്ഞു .
പൊടുന്നനെ , ദൂരെ എവിടെയോ കാടന്‍ പൂച്ചകള്‍ കടിപിടിച്ചു കരയുന്ന ശബ്ദം കേട്ടു.
പിന്നാലെ തെരുവ് നായ്ക്കളുടെ കുരയും !
നായ്ക്കളുടെ ശബ്ദം അങ്ങിനെ പടര്‍ന്നു പിടിച്ച് കയറി വരികയാണ്.
പതിയെ അത് പരിസരത്തെ വീടുകളിലെ  മുന്തിയ ഇനം നായ്ക്കളുടെ മുഴങ്ങുന്ന ശബ്ദമായി വളര്‍ന്നു !! 

സോഹന്‍ ഒന്ന് ഭയന്നു , എന്താണാവോ ഇനി സംഭവിക്കുക ! 
അയാള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. 

അപ്പോള്‍ ഇരുട്ടില്‍ ചെടികളുടെ ഇലകള്‍ അനങ്ങുന്ന ശബ്ദം അടുത്തു വരുന്നു. 
ചവിട്ടി മെതിച്ചു ഓടുന്ന ശബ്ദം .
പിന്നെ മതിലിനു മുകളില്‍ വിഷ്ണുവിന്റെ അരണ്ട രൂപം ...

മതിലില്‍ നിന്നും അവന്‍ ഇങ്ങേ അതിര്‍ത്തിയിലേക്ക് ചാടിയതും , 
തൊട്ടടുത്ത വീടുകളിലെതോ ഒന്നില്‍ വെളിച്ചം പരന്നു .
ഇപ്പോള്‍ അവന്‍റെ രൂപം വളരെ വ്യക്തം !!
പക്ഷെ , അവനും നന്നായി വിരണ്ടു , ഒരേ ഒരു നിമിഷം കൊണ്ടു മറ്റൊന്നും ചിന്തിക്കാതെ തൊട്ടടുത്ത 
മറ്റൊരു മതിലില്‍ പിടിച്ച് കയറി അവന്‍ തെരുവിലേക്ക് ചാടി .
സ്ട്രീറ്റ് ലൈറ്റിനു ചുവട്ടില്‍ നിന്നും വെപ്രാളത്തോടെ ഓടി ഇരുട്ടില്‍ മറഞ്ഞു അവന്റെ  രൂപം.

സോഹന്റെ മുഖത്ത്  അമ്പരപ്പ് മാറി ചിരിയാണ് തെളിഞ്ഞത് , ഈ വെപ്രാളവും പരക്കം പാച്ചിലും കണ്ടപ്പോള്‍ .
ചിരിയുടെ നേര്‍ത്തൊരു മിന്നലാട്ടം.
അയാള്‍ തിരികെ വര്‍ക്ക് റൂമിലേക്ക്‌ വന്നു .

കുറെ നേരം അയാള്‍ അവിടിരുന്നു ടൈപ് ചെയ്തു. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി.
വെളുപ്പാന്‍ കാലത്ത് എപ്പോഴോ മൊബൈല്‍ റിംഗ് കേട്ടാണ് ഉണര്‍ന്നത്.

അങ്ങേത്തലക്കല്‍ വിഷ്ണുവാണ്. 
തെരുവില്‍ എവിടെയോ ഇരുട്ടില്‍ ഒളിച്ചു നിന്നുള്ള വിളിയാണ്. 
ഇടറിയ ശബ്ദം .... പരിഭ്രമം....

" എന്താ അവിടെ നടന്നത്..? എനിക്കൊന്നും ഓര്‍മ്മയില്ല. ആരൊക്കെ കണ്ടു..? "

സോഹന്‍ ഒന്നുകൂടെ എരിവു കയറ്റി. 

" നീ ...നീയിതു എവിടുന്നാ വിഷ്ണൂ ? ഞാന്‍ പറഞ്ഞതല്ലേ. വേണ്ടാത്ത പണിക്കു പോവണ്ടാന്നു. ! ഇനി പറഞ്ഞിട്ടെന്താ ?
എല്ലാരും അറിഞ്ഞു. എല്ലാരും കണ്ടു. നിന്റെയാ പെണ്ണും, അതിന്‍റെ തന്തേം തള്ളേം എല്ലാരും....
ഞാന്‍ ....ഞാനാകെ വിരണ്ടാതാ , എന്നോട് വല്ലവരും വല്ലതും ചോതിക്കുമോന്നു ,  നാളെ പുലര്‍ന്നാല്‍ അറിയാം ഇനി എന്തൊക്കെയാ...." 

അങ്ങേത്തലക്കല്‍ മൌനം...നെടുവീര്‍പ്പ് ....

" അവര്‍ ആ പെങ്കൊച്ചിനെ പിടിച്ചു. അതിനു കുറെ തല്ലും കിട്ടി. പാവം ...വെറുതേ നീ കാരണം...
....ഞാന്‍ പറഞ്ഞതല്ലേ മരിയാദയ്ക്ക് ..... " - സോഹന്‍ കൂട്ടിചേര്‍ത്തു .

അങ്ങേ തലക്കല്‍ മൌനം. ഫോണ്‍ കട്ട് ആയി. 
സോഹന്‍ ഫോണ്‍ താഴെ വച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും മുഖത്തു ഒരു പുഞ്ചിരി പടര്‍ന്നു. 
" ഇരിക്കട്ടെ ഒരു പണി " - അയാള്‍ മനസ്സില്‍ ഓര്‍ത്തു . 

വെളുപ്പിന് ഒരു മൂന്നു മൂന്നരമണിയായിക്കാണും . സോഹന്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് ..
പെട്ടെന്ന് മുറിയിലെ ടൂബ് ലൈറ്റിനു എന്തോ ഒരു തകരാറു   പോലെ.
വെളിച്ചം മങ്ങിയും തെളിഞ്ഞും , ഒരു വിറയല്‍ പിടിച്ചപോലെ .
വോള്‍ട്ടെജു കുറഞ്ഞിട്ടാവാം...പെട്ടെന്ന് വെളിച്ചം പൂര്‍ണ്ണമായും അണഞ്ഞു.

അയാള്‍ എണീറ്റ്‌  മൊബൈല്‍ വെളിച്ചത്തില്‍ തീപ്പെട്ടി കണ്ടെടുത്തു മേശമേല്‍ ഇരുന്ന 
മെഴുതിരി തെളിച്ചു. 
ആ അരണ്ടവെളിച്ചത്തില്‍ അയാള്‍ക്ക്‌ കാണാം ...!
മെഴുതിരിയുടെ അങ്ങേ വശത്തെ ഇരുട്ടില്‍ വിഷ്ണു .
അരണ്ട വെളിച്ചത്തില്‍ അവന്‍ മതിലും ചാരി നില്‍ക്കുന്നു. 
തീഷ്ണമായ നോട്ടം.
ഇമ വെട്ടാതെ സോഹനെത്തന്നെ  നോക്കി , കയ്യും കെട്ടി അവന്‍ അങ്ങിനെ നില്‍ക്കുന്നു !! 

സോഹന്‍ ഒന്ന് പരിഭ്രമിച്ചു . പിന്നെ മുഖത്തു പതിവ് കുസൃതി ചിരി വീണ്ടെടുത്തു.
അപ്പോഴേക്കും അതേ നില്‍പ്പില്‍ അവന്‍ ചോദിച്ചിരുന്നു 

" എന്തിനാ എന്നോട് നീ കള്ളം പറഞ്ഞത്..? "
വിഷ്ണു -  അത് ചോതിക്കുമ്പോഴും അവനില്‍ യാതൊരു ഭാവമാറ്റവുമില്ല. 
സോഹന്‍ - അയാള്‍ക്ക്‌ മറുപടി ഉണ്ടായിരുന്നില്ല. , പതിവ് ചിരി . അത്രമാത്രം. 
വിഷ്ണു മൌനം. അതേ നോട്ടം . അതേ നില്‍പ്പ്......

പക്ഷെ അപ്പോഴേക്കും സോഹന്റെ മൊബൈല്‍ വീണ്ടും റിംഗ് ചെയ്തു. 
അയാള്‍ തിരിഞ്ഞു മൊബൈല്‍ എടുത്തു അറ്റന്‍ഡ് ചെയ്തു.

അങ്ങേത്തലക്കല്‍ നിന്നു ചോദ്യം.

" ഞങ്ങള്‍ ഈ വിളിക്കുന്ന നമ്പര്‍ , നിങ്ങള്‍ക്ക് അടുത്തറിയാവുന്ന ആരുടെയെങ്കിലുമാണോ ?
നിങ്ങള്‍ ഇയാളുടെ അടുത്ത സുഹൃത്തോ മറ്റോ..? "

" ഊം എന്താ..? "

" കുറെ നേരം മുന്‍പ് ഈ ഫോണില്‍ നിന്നു നിങ്ങളെയാ അവസാനം വിളിച്ചിരിക്കുന്നത് , അത് കണ്ടിട്ടാ നിങ്ങളെ വിളിച്ചത്.
പറയുന്നതില്‍ ഒന്നും വിചാരിക്കരുത്, അറിയിക്കതെയിരിക്കാന്‍ വേറെ മാര്‍ഘമില്ല . 
നിങ്ങള്‍ ഒന്ന് ടെര്‍മിനല്‍ ജങ്ക്ഷന്‍ വരെ ഒന്ന് വരണം.
അല്‍പ്പനേരം  മുന്‍പ് ...ഇയാള്‍ .......
ഞങ്ങള്‍ കണ്ടതാണ് , അറിഞ്ഞു കൊണ്ടു തന്നെ ചെയ്തതാണ് അയാള്‍  ...
അയാള്‍ ....ഒരു കണ്ടയ്നര്‍ ലോറിയുടെ മുന്നിലേക്ക്‌ എടുത്തു ചാടി !  സംഭവ സ്ഥലത്ത് തന്നെ മരിച്ചു !!!  " 

സോഹന്‍ ..!!!

അയാള്‍ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയതും , മുറിയില്‍  വെളിച്ചം    പരന്നതും ഒരുമിച്ചായിരുന്നു. 
പക്ഷെ , അവിടം ശൂന്യമായിരുന്നു !!! 
മെഴുതിരിനാളവും അപ്പോഴേക്കും അണഞ്ഞിരുന്നു. 
അപ്പോള്‍  .....  അപ്പോള്‍  മാത്രമാണ് അയാള്‍ അത് ശ്രദ്ധിച്ചത് , 
ആ മുറി .....
അത് നേരത്തെ തന്നെ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. !!!