ഈ ബ്ലോഗ് തിരയൂ

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ചാറ്റല്‍മഴത്തുള്ളികള്‍... (ഓര്‍മ്മ)

 അന്ന്....

 വര്‍ഷ മേഘങ്ങള്‍ അതുവഴി വിരുന്നു വന്നില്ല .....
 തണുത്ത കാറ്റ് വീശിയില്ല ....
 ചുവന്ന വാക പൂക്കള്‍  ആ മിറ്റത്ത്‌ പെയ്തിറങ്ങിയുമില്ല.....

" ഒരു ചാറ്റല്‍ മഴയെങ്ങാന്‍ പെയ്തിരുന്നെങ്ങില്‍......"

 എന്നിട്ടും ആ കുട്ടി വെറുതെ ആഗ്രഹിച്ചു.

പള്ളികൂട മുറ്റത്ത്‌ തീ പൊള്ളുന്നത്ര വെയില്‍.
ക്ലാസ് റൂമിനുള്ളില്‍ ഹിന്ദി പാഠങ്ങള്‍ ചൊല്ലികൊടുക്കുന്ന ആനി ടീച്ചറുടെ ശബ്ദം.
ആനി  ടീച്ചറുടെ പിരീഡ്  മാത്രം ആ വികൃതി ചെറുക്കന് ക്ലാസ്സില്‍ കയറാന്‍ അനുവാദമില്ല .

പൊതുവേ ഏതു വിഷയത്തിനും പഠിക്കാന്‍ മഹാ മോശമാണ് ആ കുട്ടി.
പ്രത്യേകിച്ചും രാഷ്ട്ര ഭാഷയുടെ കാര്യത്തില്‍..
അതും പോരാഞ്ഞു ഗാന്ധിയുടെ പാഠത്തില്‍ നിന്നും ഒരു മുഴുനീളന്‍ എസ്സേ പത്തു തവണ
എഴുതി വരാന്‍ കല്പന കിട്ടിയിരിക്കുന്നു ടീച്ചറുടെ വക.
എല്ലാ കുട്ടികളും എഴുതികാണിച്ചിട്ടും അവന്‍ മാത്രം എഴുതിയില്ല .
രാഷ്ട്ര ഭാഷ ആയാലെന്ത്, രാഷ്ട്ര പിതാവിന്‍റെ ജീവ ചരിത്രമായാലെന്ത്,
ഇഷ്ട്ടമില്ലാതെ അടിച്ചേല്‍പ്പിക്കപ്പെടുന്ന അറിവുകളോട് അവനു വിയോജിപ്പായിരുന്നു.

നാളുകള്‍ കടന്നു പോയ്കൊണ്ടേയിരുന്നു..........

ഒന്നും ഒറ്റയുമായി വഴിയെ കടന്നുപോകുന്ന മറ്റു അദ്ധ്യാപകര്‍,
അവനെ കളിയാക്കി കടന്നു പോകുമായിരുന്നു.

"ഒന്നുമില്ലേലും ഒരു ക്ലാസ്സ്‌ ലീഡറല്ലേടോ  താന്‍..?...
നാണമാവില്ലേ ......?
അതെങ്ങിനാ.. എന്ത് പറഞ്ഞാലും ഇങ്ങിനെ ഇളിച്ചോണ്ട്‌ നിന്നോളും...."

അവരും കടന്നുപോയി.

പിന്നെപിന്നെ പതിയെ ഹിന്ദി പിരീഡ്, വാതിലിനു പുറത്തുള്ള നില്‍പ്പ് അവസാനിപ്പിച്ചു-
സ്കൂള്‍ മതില് ചാടിക്കടന്നു വെളിയില്‍ കറങ്ങി നടപ്പ് ശീലമാക്കി, ആ കുട്ടി.

ടീച്ചറുടെ ക്ലാസ്സ്‌ കഴിയുന്നതുവരെ അവിടവിടെ ചുറ്റികറങ്ങി നടക്കും.
ശേഷം വരുന്ന പിരീഡിലെ അദ്ധ്യാപകനെ എന്തേലും കള്ളത്തരം പറഞ്ഞു പാട്ടിലാക്കി
വീണ്ടും ക്ലാസ്സില്‍ കയറിക്കൂടും
അതായി പുതിയ പതിവ്.
.....................................................................................................................................................
കൂടെ പഠിച്ച കുട്ടികളോട് ചോദിച്ചാല്‍  ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടാവും
ആ വികൃതി ചെറുക്കനെ...........
അത്....
അതീ ഞാന്‍ തന്നെയായിരുന്നു.....!!

പിന്നെയുമൊരു  ദിവസം...

ടീച്ചറുടെ ക്ലാസ് തുടങ്ങുന്നതിനു തൊട്ടു മുന്‍പ്.....
പതിവുപോലെ വെളിയില്‍ ചാടാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു ഞാന്‍.
കൂട്ടുകാരില്‍ ചിലര്‍ക്ക് ഒരു കുസൃതി തോന്നി.
അവര്‍ എന്നെ വിടാതെ വട്ടം പിടിച്ചു നിറുത്തി.
ചുമ്മാ വിരട്ടാന്‍ വേണ്ടി ചെയ്തതാണ്.
പെട്ടെന്ന് വാതിലിനു പുറത്തു ടീച്ചറുടെ കാല്‍പെരുമാറ്റം കേട്ടു.
എല്ലാവരുടെയും മുഖം പെട്ടെന്ന് മ്ലാനമായി.
ആ മുഖങ്ങളില്‍ ആകെ അമ്പരപ്പ് പടര്‍ന്നു.

ഇനി പുറത്തു കടക്കാന്‍ വേറെ പഴുതുകളില്ല...!!

അടുത്ത നിമിഷം..
ടീച്ചര്‍ ക്ലാസ്സിലേക്ക് കയറിയതും,
ഞാന്‍ പെട്ടെന്ന് ക്ലാസ്സിലെ ബഞ്ചുകള്‍ക്കടിയിലേക്ക്
പതുങ്ങിക്കിടന്നതും ഒരുമിച്ചായിരുന്നു !!
ചുറ്റിനും ഇരുന്ന ആണ്‍കുട്ടികളോട്
മിണ്ടരുതെന്ന് താക്കീത്  ചെയ്തു ഞാനവിടെ കമിഴ്ന്നു കിടന്നു.

ചിലര്‍ ചിരിയടക്കാന്‍ പാടുപെടുന്നത് കേള്‍ക്കാം.
പാഠം ചൊല്ലികൊടുക്കുന്നതിനിടെ ടീച്ചറുടെ കാല്‍പാദങ്ങള്‍
എനിക്കരിലൂടെ കടന്നു പോകുന്നത് എനിക്ക് കാണാം.
ഇടയ്ക്കെപ്പോഴോ പേടിച്ചു പേടിച്ചു തലയുയര്‍ത്തി നോക്കിയപ്പോള്‍......

പെണ്‍കുട്ടികളുടെ നിരയില്‍ ഒരുവള്‍ ....
( ക്രിസ്ടബെല്‍ മനോഹര്‍ - അതാണവളുടെ പേര് )
ഒന്ന് കണ്‍പാളി  നോക്കിയ നോട്ടത്തില്‍ എന്നെ കണ്ടു.
അവള്‍ അമ്പരന്നു.
ഞാന്‍ കണ്ണിറുക്കി ...
മിണ്ടിയാല്‍ നിന്‍റെ അന്ത്യമാണെടീ എന്ന് ആങ്ങ്യം കാട്ടി.
അവള്‍ക്കു ചിരി വന്നു.

പണ്ടെങ്ങോ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോ കഴുത്തിന്‌ പിടിച്ച ഓര്‍മ്മ കൊണ്ടാവാം.
പാവം, അവള്‍ മിണ്ടിയില്ല !!!
അങ്ങിനെ അന്നത്തെ പിരീഡും ഞാന്‍ കഷ്ട്ടി രക്ഷപെട്ടു.

കുസൃതിത്തരങ്ങളുടെ ഉഴപ്പന്‍ നാളുകള്‍ പിന്നെയും കടന്നുപോയി.

മറ്റൊരു ദിവസം ലഞ്ച് ബ്രേക്ക്  ടൈമില്‍ പുറത്തേക്കിറങ്ങുന്നതിനിടെ,
കെമിസ്ട്രി അദ്ധ്യാപിക മേരി ടീച്ചര്‍ ഓടി വന്നു ബലമായി പിടിച്ചു നിറുത്തി .
എനിക്ക് കാര്യം പിടികിട്ടി.
(ആനി ടീച്ചറുടെ കൊട്ടേഷനാ...,
എന്നെ ജീവനോടെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തുകാണും ആ കിഴവി. )

ഏതായാലും ഇത്തവണ പിടിക്കപ്പെട്ടു !!
അത് മനസ്സിലുറപ്പിച്ചു.

പോകും വഴി, കണ്ട എല്ലാ അധ്യാപകരോടും തന്‍റെ വിജയഗാഥ പറഞ്ഞറിയിച്ച്
മേരി ടീച്ചറങ്ങനെ ഗമയില്‍ നടന്നു.
പിന്നാലെ ഞാനും.

സ്റ്റാഫ്‌ റൂമിന്‍റെ വാതില്‍ക്കല്‍ എന്നെ കണ്ടതും ,
കാര്യ കാരണങ്ങളൊന്നും ചോദിച്ചില്ല .
സാമാന്ന്യം തരക്കേടില്ലാത്ത ഒരു വടി ചതഞ്ഞില്ലാതാകും വരെ ,
നീട്ടിപിടിച്ച എന്‍റെ കൈവെള്ളയില്‍ തല്ലിത്തീര്‍ത്തു, ഹിന്ദി ടീച്ചര്‍ തിരിച്ചു നടന്നു.

സീറ്റില്‍ ചെന്നിരിക്കുമ്പോള്‍ ടീച്ചറെന്തിനാവും  പൊട്ടിക്കരഞ്ഞത്...?
എനിക്ക് മനസ്സിലായില്ല.
എല്ലാവരും മൌനം.

"പാവം. ഊണ് കഴിക്കാന്‍ പോവുന്നിടത്തൂന്നു പിടിച്ചോണ്ട് വരുവാരുന്നു
 ഞാനവനെ. "

മേരി ടീച്ചറുടെ കുറ്റസമ്മതം.

എന്നോട് എന്നും വാല്‍സല്ല്യത്തോടെ മാത്രം സംസ്സാരിക്കാറുള്ള മലയാളം അദ്ധ്യാപിക
അടുത്ത് വന്നു പറഞ്ഞപ്പോള്‍.........!!
...
അപ്പോള്‍ മാത്രമാണ്....
കൈവെള്ളയിലല്ല...നീറ്റല്‍ വീണു വിങ്ങിയത് മനസ്സിന്‍റെ ആഴങ്ങളിലായിരുന്നു.

തന്‍റെ നീണ്ട അദ്ധ്യയന കാലഘട്ടത്തിനിടയില്‍ ഇക്കാലമത്രയും ഒരു
വിദ്ധ്യാര്‍ത്ഥിയെയും ഒന്ന് നുള്ളി പോലും വേദനിപ്പിചിട്ടില്ലത്രേ
ആ പാവം ടീച്ചര്‍.
ഇതാദ്യമായാ....
പാവം, അവര്‌ എന്തുമാത്രം വേദനിച്ചു കാണും....

ടീചേഴ്സില്‍ പലരുടെയും കണ്ണുകള്‍ കലങ്ങി.
ഒന്നും മിണ്ടാതെ,  ഞാനിറങ്ങി നടന്നു.

നീട്ടിപിടിച്ച കൈവെള്ളയില്‍ വീണു വിങ്ങുന്ന
വേനല്‍ വെയിലിന്‍റെ വെള്ളി വെളിച്ചം നോക്കി ഞാന്‍ ആ മുറ്റത്ത്‌ നിന്നു.

ചാറ്റല്‍ മഴ തുള്ളികള്‍ പെയ്തിറങ്ങുമോ......?
ചുവന്ന വാക പൂക്കളും...ഇളംകാറ്റും..........?

വെറുതെ ആഗ്രഹിച്ചു....
തെളിഞ്ഞ വാനില്‍ മിഴി പായിച്ച് വെറുതേ  അങ്ങിനെ നിന്നു.
..................................................................................................................................
കാലം..... !
എത്രയോ വേനലും, ഗ്രീഷ്മവും  കടന്നുപോയിരിക്കുന്നു...
എത്രയോ വര്‍ഷമേഘങ്ങളും, ചാറ്റല്‍ മഴത്തുള്ളികളും  പെയ്തു മാഞ്ഞിരിക്കുന്നു.....

വര്‍ഷങ്ങള്‍ എത്രയോ പിന്നെയും കടന്നു പോയിരിക്കുന്നു...
മനസ്സിന്‍റെ മുറിവുകള്‍ മായിക്കുന്ന കാലത്തിന്‍റെ
വികൃതിയാവാം......

അഭിമാനത്തോടെ പറയട്ടെ....
ഞാനിന്ന്...............
രാഷ്ട്രഭാഷ സംസാരിക്കുന്ന നാട്ടില്‍....
ഉത്തരേന്ത്യയില്‍............
അതും, രാഷ്ട്ര പിതാവിന്‍റെ കാല്‍ച്ചുവടുകള്‍ പതിഞ്ഞ
ഈ മണ്ണില്‍......
ഗുജറാത്തിന്‍റെ തലസ്ഥാന നഗരിയില്‍............

കാലം, എന്നെ ഇവിടെ കൊണ്ട് നിറുത്തിയിരിക്കുന്നു..!!

അതുകൊണ്ട് തന്നെയാവാം.
പള്ളിക്കൂട  മുറ്റത്തെ ആ പഴയ ഓര്‍മ്മകള്‍ ...
തിരിച്ചറിവുകള്‍....
ഈ നാളുകളില്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു..........
..............................................................................................................................................

ഇത്തവണത്തെ പൊന്നോണക്കാലം...

നാട്ടില്‍ പോവാനൊത്തില്ല.
പട്ടണത്തിലെ തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ്‌,
എവിടേലും ഒരിടത്ത് തനിയെ ഇരിക്കണം.

ഇത്തിരിയോളം പച്ചപ്പുകളും,ശുദ്ധവായുവുമുള്ള ,
എവിടെയെങ്കിലും ഒരിടം....

എനിക്ക് തെറ്റിയില്ല.....

ഇവിടെ .....,
സബര്‍മതീ നദിയുടെ കരയില്‍.....
രാഷ്ട്ര പിതാവിന്‍റെ ധ്യാനവും, സ്വപ്നങ്ങളും,..
പാദസ്പന്ദനങ്ങളും  ഉറങ്ങിക്കിടക്കുന്ന
ഈ ആശ്രമ മുറ്റത്ത്‌.......
സബര്‍മതിയിലെ തണല്‍ മരങ്ങളുടെ ചുവട്ടില്‍........

അവിടെ മൌനമായിരിക്കുമ്പോള്‍....
ഞാനാ പഴയ ഗുരുനാഥയെ ഓര്‍മ്മിച്ചു.

കൈവെള്ള നിവിര്‍ത്തി വെറുതേ നോക്കിയിരുന്നു.

ടീച്ചര്‍.!! .ഇപ്പൊ എവിടെയായിരിക്കും....?
എന്നെ ഓര്‍മ്മിക്കുന്നുണ്ടാവുമോ....?
ഇപ്പോഴും പിണക്കമായിരിക്കുമോ ആ പഴയ വികൃതിക്കുട്ടിയോട്....?

പഴമയുടെ സുഖമുള്ള ഒരു കുഞ്ഞുകാറ്റ് ,
എന്‍റെ കൈവെള്ള തഴുകി കടന്നുപോയി........!!

ഒരേയൊരു ഉത്തരം....
കാറ്റിന്‍റെ നനുത്ത സ്പന്ദനങ്ങളോട് .........

" ഇല്ല, ടീച്ചര്‍, ...അന്ന്........അന്നെനിക്ക് വേദനിച്ചില്ല .....!!...."

തെളിഞ്ഞ വെള്ളിവെയില്‍ വീണു തിളങ്ങിയ ആ ആശ്രമമുറ്റത്ത്‌,
എന്തിനെന്നറിയില്ല ,
എങ്ങുനിന്നോ ചാറ്റല്‍മഴ കണങ്ങള്‍ ചാറി വീണു.
നിമിഷങ്ങളോളം.........

നനുത്ത നീര്‍മുത്തുക്കള്‍ക്കിടയില്‍, ഈ കൈവെള്ളയില്‍
വീണു പടര്‍ന്ന ഒരു തുള്ളി കണ്ണീരിന്‍റെ നനവ്‌ ഞാനും തിരിച്ചറിഞ്ഞു.

അതെ,
തിരിച്ചറിവിന്‍റെ.....
കുറ്റ ബോധത്തിന്റെ ........
ഒരേയൊരു കണ്ണുനീര്‍ത്തുള്ളി..!!

എന്നും, എന്‍റെ പ്രിയപ്പെട്ട ഗുരുനാഥയ്ക്ക്,
                                                
                                                 സ്നേഹപൂര്‍വ്വം..



















2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

നിദ്ര . - ഒരു ഗാനം. (ഓര്‍മ്മ)

23 - ഏപ്രില്‍ -2007 . - രാത്രി.
എറണാകുളം - ലൂര്‍ദ് ഹോസ്പിറ്റല്‍ .

മരുന്നിന്‍റെയും ,സ്പിരിറ്റിന്‍റെയും ഗന്ധം തങ്ങിനിന്ന,
ആ ഇടനാഴി ശൂന്യമായിരുന്നു.
കാര്‍ഡിയോ ICU നു മുന്‍വശത്തെ
കാത്തു നില്‍പ്പിന്‍റെ .....,
നൊമ്പരങ്ങളുടെ......,
ദീര്‍ഘനിശ്വാസം പോലും കേള്‍ക്കാനില്ല
അത്ര നിശബ്ദത.
......................
ഏറെ നേരം കഴിഞ്ഞില്ല .
അരണ്ട വെളിച്ചമുള്ള ആ നനുത്ത ഇടനാഴിയുടെ
അങ്ങേ തലയ്ക്കല്‍ ഒരു നിലവിളി കേട്ടു.
 

ചങ്ക് പൊട്ടിക്കരയുന്ന ഒരു സ്ത്രീയുടെ ശബ്ദം!
bystander's റൂമിനടുത്താണ്.ശബ്ദം കേട്ടത് .
അങ്ങോട്ട്‌ ചെല്ലുമ്പോള്‍ ,
കാര്‍ഡിയോ പേഷ്യന്റ് ആണെന്ന് തോന്നുന്നു.
ഒരു കാരണവരെ stetcher'ല്‍  ICU ലേക്ക് കൊണ്ട് പോകുന്നത് കണ്ടു.
അയാളുടെ ഭാര്യയാവും, പ്രായം ചെന്ന ആ സ്ത്രീ.
മിറ്റത്ത്‌ നിന്നു പൊട്ടിക്കരയുന്ന അവരെ bystander's റൂമില്‍ നിന്നിറങ്ങി വന്ന 

മറ്റു സ്ത്രീകള്‍ വന്നു കൂട്ടികൊണ്ട് പോയി.
കണ്ണീരും, അലമുറയും അടങ്ങാതെ നിന്ന ആ സ്ത്രീയെ ആശ്വസിപ്പിക്കാന്‍
മറ്റുള്ളവര്‍ നന്നേ പ്രയാസ്സപ്പെടുന്നത് കണ്ടു.
പ്രായമേറെ ചെന്ന ഒരമ്മയുടെ കണ്ണീരല്ലേ
എങ്ങിനെയാ കണ്ടുനില്‍ക്കാ

ഞാന്‍ അവര്‍ക്ക് ചാരെ ചെന്നു.
തോളില്‍ കൈവച്ചു പറഞ്ഞു.

" ഇവിടെവരെ കൊണ്ടെത്തിക്കാനായില്ലേ..?
  ഇനി പ്രാര്‍ഥിക്കാം.അത്രെല്ലേ നമുക്ക് ചെയ്യാവൂ.
  കരയണ്ട .
  ദാ ഇവിടെ ഈ നില്‍ക്കുന്ന എല്ലാരും ഒരേ സങ്കടം അനുഭവിക്കുന്നവരാ .
  എല്ലാരുടേം, ബന്ധുമിത്രാധികള്‍ ഉണ്ട്, അഡ്മിറ്റ്‌ ചെയ്യപ്പെട്ടവരുടെ   കൂട്ടത്തില്‍.
  വിഷമിക്കാതിരിക്കൂ ,അരുതാത്തതൊന്നും സംഭവിക്കില്ല."

അവര്‍ കണ്ണീരടക്കാന്‍ പ്രയാസ്സപെടുന്നത് കണ്ടു.
നിശബ്ദതയുടെ ചെറിയൊരു ഇടവേള കൂടി .

ആ ശൂന്യതയില്‍ കേള്‍ക്കാം..
മനസ്സിന് ആശ്വാസമേകുന്ന ഒരു ഗാനം!!
രോഗികള്‍ ഉറങ്ങുന്നതിനു മുന്‍പ് ആ ആശുപത്രിയില്‍
പതിവായി കേള്‍പ്പിക്കുന്ന ഗാനമാവാം.
  
    "ഞാനുറങ്ങാന്‍ പോകും മുന്‍പേ ...
     നിനക്കേകുന്നിതാ നന്ദി നന്നായ്.
     ഇന്നു നീ കാരുണ്യപൂര്‍വ്വം
     തന്ന നന്മകള്‍കൊക്കെയ്ക്കുമായി.........

ജോബ് ‌മാസ്റ്ററുടെ പ്രശസ്തമായ ആ ഈണവും
അര്‍ത്ഥവത്തായ വരികളും ധ്യാനിച്ച്‌
അവിടം ഒന്നാകെ മൌനമായി നിന്നു.

"റോസ്സി ജോസ്സിന്‍റെ  bystander  ആരാ..? "
ഒരു നേഴ്സ് വന്നു ചോദിച്ചു .
ഞാന്‍ അരികില്‍ ചെന്നു.

വാതിലിനരികില്‍ Dr. ജോര്‍ജ് തയ്യില്‍ ( cardiologist ),ഉം , ജൂനിയര്‍  ഡോക്ടര്‍ ഉം
നിന്നിരുന്നു.

"അറിയാല്ലോ ,ആവുന്നത്ര ട്രൈ ചെയ്തു.
  പത്തു മിനിറ്റ് മുന്‍പ്. ഹേര്‍ട്ട് ബീറ്റ്സ് നിലച്ചു.
  പേസ്‌ മേക്കേര്‍ കൊടുത്തു നോക്കി.
  but,.....
  sorry Mr.Varghese ...
  നിങ്ങളുടെ അമ്മ മരിച്ചു. !!

ഒരു ഞെട്ടല്‍ പോലുമുണ്ടായില്ല .
അത് കേള്‍ക്കുമ്പോള്‍.
ഒരു മരവിപ്പ് മനസ്സിലാകെ പടരുന്നത്‌ അറിഞ്ഞു.
ഞാന്‍ തിരിഞ്ഞു ,എനിക്കരികില്‍ നില്‍ക്കുന്ന
ആ അമ്മയെ നോക്കി.
അവര്‍ ഭീതിയോടെ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഡോക്ടര്‍ എന്നോടെന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന്!!
ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ഞാന്‍ നിന്നു.

വീണ്ടുമൊരിക്കല്‍ ആ ഗാനത്തിന്റെ ഈരടികള്‍ക്ക് കാതോര്‍ത്തു.

   " ഞാനുറങ്ങാന്‍ പോകും മുന്‍പേ ...
     നിനക്കേകുന്നിതാ നന്ദി നന്നായ്.
     ഇന്നു നീ കാരുണ്യപൂര്‍വ്വം
     തന്ന നന്മകള്‍കൊക്കെയ്ക്കുമായി.........

അത് മനസ്സിന് ഏറെ ആശ്വാസം പകര്‍ന്നു.
നന്ദിയുള്ള വാക്കുകളോടെയാണ് അമ്മച്ചി കടന്നുപോയത്.
നീണ്ട ഒരുറക്കത്തിനു മുന്‍പ് ,
നല്‍കപ്പെട്ട എല്ലാ നന്മകള്‍ക്കും പരമപിതാവിന് നന്ദിയോടെ....

അതെ ..ഒരു നല്ല മരണം.

രണ്ടു നാള്‍ മുന്‍പ്,
ആശുപത്രി കിടക്കയില്‍ വച്ചു.
കൈ തടവികൊടുക്കുമ്പോള്‍
അമ്മ പറഞ്ഞു.

"വേദനിക്കുന്നു.."
ഞാന്‍ കളിയാക്കി.

"ഇച്ചിരി വേദനിക്കട്ടെ....കുഞ്ഞുംനാളില്‍  എന്നെ കൊറേ തല്ലിയിട്ടുല്ലതല്ലേ...?
നാട് മുഴുവന്‍ ഓടിച്ചിട്ട്‌..!!! .."

അമ്മ ചിരിച്ചു.
എന്നിട്ട് പറഞ്ഞു.

"അന്ന് തല്ലിയതിന്റെയാ ..നാളിതുവരെ നിന്നെ കുറിച്ച് നല്ലതേ കേട്ടിട്ടുള്ളൂ ഞാന്‍.
എനിക്കത് മതി."

ജീവിതാവസാനം അമ്മ എന്നെ കുറിച്ച് നല്ലതേ പറഞ്ഞുള്ളൂ
പിന്നെന്തിനാ ഞാനും കരയുന്നെ..?

പിന്നെ പറഞ്ഞു,

"എനിക്കിപ്പോ അത്ര കുഴപ്പമൊന്നും തോന്നുന്നില്ല    ... ലീവ് കൂട്ടണ്ട
 നാളെത്തന്നെ ബംഗ്ലൂരേക്ക് പൊയ്ക്കോള്ളൂ..."  എന്ന്.

യാത്ര പറഞ്ഞു ഇറങ്ങുമ്പോ എന്നെ തിരികെ വിളിച്ചു
 കവിളില്‍ ഉമ്മവച്ചു. അപ്പൊ അമ്മയുടെ കണ്ണു നിറഞ്ഞു.

ഓര്‍മ്മവച്ചതിനു ശേഷം അമ്മ എനിക്ക് തന്ന ആദ്യത്തെ ചുംബനം.
" അവസാനത്തേതും..!! "

ഫാര്‍മസിയില്‍ നിന്നു അമ്മയ്ക്കുള്ള മരുന്നുകളുമായി എന്‍റെ ഭാര്യ അരികില്‍ വന്നു.
എന്‍റെ ഒന്നുരണ്ടു  സുഹൃത്തുക്കളും.
ഞാന്‍ പറഞ്ഞു.

"അമ്മച്ചി പോയി..! "

നിശബ്ദമായി നില്‍ക്കവേ
പ്രിയപ്പെട്ട ഒരു സുഹൃത്ത്‌.
റെജികുമാര്‍' എനിക്കരികില്‍ വന്നു.
മൌനമായിതന്നെ അയാളുടെ കൈ എന്‍റെ തോളില്‍ അമര്‍ത്തി.
അയാളുടെ മനസ്സ്  എന്താണ് മന്ത്രിക്കുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം.
"അമ്മ" എന്ന വാക്കിനോട് എന്നേക്കാള്‍ ബഹുമാനമാണ് അയാള്‍ക്ക്‌.

വീണ്ടും ICU' വില്‍ നിന്നും ഒരു നേഴ്സ്
ഒന്ന് രണ്ടു സര്‍ട്ടിഫികേറ്റ് കടലാസ്സുകളുമായി വന്നു.
മരണ രേജിസ്ടരഷന്  ഉള്ള കടലാസ്സുകള്‍..

അതിലൊന്ന് എനിക്ക് തന്നു.
അടുത്ത കടലാസ്സ്.......
എനിക്കരികില്‍ നിന്ന ആ സ്ത്രീയ്ക്കും..!!!!

ശേഷം അവിടെ എന്ത് നടന്നെന്നു നോക്കാന്‍ നില്‍കാതെ ഞാന്‍ നടന്നു.
ഇടനാഴിയുടെ അങ്ങേ തലയ്ക്കലെ നിശബ്ദമായ ഇരുട്ടിലേക്ക്.........

നിശബ്ദതയുടെ  നിമിഷാര്‍ദ്ധങ്ങള്‍
ആത്മാവ്കൊണ്ട് ഹൃദയത്തോട് ചൊല്ലുന്നു...

ഒരു ഗാനത്തിന്റെ വരികള്‍...
ഒരേ ഈണം.
സമാധാനത്തില്‍ വിശ്രമിക്കുന്നവര്‍ക്ക് വേണ്ടി ...

" രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു...
  അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്‍പോട്ടോടുന്നു..............."



 

2010, ജൂലൈ 28, ബുധനാഴ്‌ച

കാട്.ഒരു മടക്കയാത്ര.......( യാത്ര/ അനുഭവം.)

Then no harm will befall you;  no disaster will come near your tent".
                                                         

-Psalms - 91 :10 /The Holy Bible


സെറിന്‍ സേവ്യര്‍ , ...( എന്‍റെ പ്രിയ സുഹൃത്ത്‌.)......


ഓര്‍ക്കുന്നുണ്ടോ അന്നത്തെ ആ യാത്ര..?
നെല്ലിയാമ്പതി വേല കഴിഞ്ഞു,
മഞ്ഞും മലമടക്കുകളും താണ്ടി ,
കാട്ടു വഴികളിലൂടെ ഒരു മടക്ക യാത്ര..?
.................................................................................................................
സന്ധ്യയോടടുത്ത സമയം.
താഴ്വരകളിലെ തേയില കൊളുന്തുകളില്‍,
തണുപ്പിന്‍റെ നീര്‍ മുത്തുക്കള്‍ പടര്‍ന്നു തുടങ്ങുന്നു.
ഒരു കിഴവന്‍ K.S.R.T.C  കിതപ്പണയാതെ വന്നു നിന്നു.
നെന്മാറ'യ്ക്കുള്ള ലാസ്റ്റ്  ബസ്സാണ്.
അധികവും തമിള്‍ വംശജരാണ് ബസ്സിനുള്ളില്‍.
എസ്റ്റേറ്റ്‌ ജീവനക്കാരാവാം.
അവരും, കുഞ്ഞുകുട്ടി പരാതീനങ്ങളും. ....
ഞാനും, സെറിനും ബസ്സിനുള്ളില്‍ കയറിക്കൂടി.
ഞങ്ങളെ യാത്രയാക്കി രതീഷേട്ടന്‍  ‍'
(എന്‍റെ എഡിറ്റിംഗ് മാസ്റ്റര്‍ ,പിന്നെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍)
തിരികെ നടക്കുന്നത് കണ്ടു.


പിന്നെ കാഴ്ചകള്‍......


ബസ്സിന്‍റെ പിന്‍വശത്തെ ചില്ല് ,ഒരു നല്ല പെയിന്‍റിംഗ് കാന്‍വാസ് പോലെ മനോഹരമായി കാണപ്പെട്ടു.
(അത് K.S.R.T.C  യുടെ ഗുണവതികാരം കൊണ്ടല്ലട്ടോ )
അതിനു പിന്നില്‍ മരവിച്ചു നിന്ന ദൃശ്യഭംഗി അത്രക്കും മനോഹരമായിരുന്നു.!!
മലമടക്കുകള്‍ക്ക് കീഴെ,പച്ച പുതച്ച താഴ്വരയിലെ തേയിലത്തോട്ടങ്ങള്‍....
ഒറ്റപ്പെട്ട Quarters കള്‍ ......
മരങ്ങള്‍........,
ഓറഞ്ചും, യൂക്കാലിയും, പേരയുമൊക്കെ......
തണുപ്പുമറയിലൂടെ ചെങ്കുത്തായി താഴേക്കിറങ്ങുന്ന, വിജനമായ കാട്ടുവഴി !
dangerous hairpin bend..!
ചുരമിറങ്ങി വീശുന്ന കൊടക്കാറ്റില്‍ താഴ്വരയൊന്നാകെ മാഞ്ഞില്ലാതാകുന്നത് കാണാം.
റോഡിന്‍റെ ഒരു വശം അഗാധമായ ഗര്‍ത്തമാണ്.
പഞ്ഞിക്കെട്ടുകള്‍ പോലെ പാറി നടക്കുന്ന മേഘകീറുകള്‍ക്കും,
എത്രയോ മേലെയാണ് നാമിപ്പോള്‍...
ഒരു സ്വപ്നത്തിലെന്ന പോലെ ..!
...............................................................................
ധൃതിപിടിച്ചു overtake  ചെയ്തു കടന്നുവന്ന
ഒരു ജീപ്പ് യാത്രക്കാര്‍ ഡ്രൈവറോട് എന്തോ വിളിച്ചു പറഞ്ഞു.
കിഴവന്‍ വണ്ടി ഒന്ന് സ്ലോ ആയി,റോഡിന്‍റെ മറുവശത്തെ ചെങ്കുത്തായ കയറ്റതോട്  ചേര്‍ന്ന്നിന്നു.
ചിലരൊക്കെ താഴെയിറങ്ങി കാര്യം തിരക്കി.


"വണ്ടിയുടെ ഒരു വശം ടയറു പഞ്ചറാണത്രേ..! , ആ ജീപ്പുകാര് കണ്ടത് ഭാഗ്യായി.
ഇല്ലേല് പിടിച്ചാ കിട്ടില്ല. താഴേക്ക്‌ മറിഞ്ഞാല് പിന്നെ നോക്കണ്ട ഒരെണ്ണതിനേം...."


"ഇനിയിപ്പോ എന്താ പരിപാടി..? "
- ആരോ തിരക്കി.


"ഡിപ്പോയില്‍ന്നു വണ്ടി വരണം.."
"ഡിപ്പോ പാലക്കാടല്ലേ..? , ഒത്തിരി ദൂരമില്ലേ..? "
അത് വന്നിട്ടിനി എപ്പഴാ..?


"ഓ , അതിനി നാളേക്ക് നോക്കിയാ മതി.
ഈ  രാത്രി ഇനി വണ്ടികളൊന്നും മലകേറില്ല .."
- കണ്ടക്ടര്‍ പറഞ്ഞു നിറുത്തി.


KSRTC  അല്ലേ, ബാക്കി തുകയും മടക്കിക്കിട്ടില്ല .
ചുരുക്കിപ്പറഞ്ഞാല്‍
ക്ഷണനേരം കൊണ്ട് ജനമെല്ലാം പെരുവഴിയില്‍.
പെട്ടെന്നാണ് അത് ശ്രദ്ധിച്ചത് !!
യാത്രക്കാരില്‍ ഒട്ടു ഭൂരിഭാഗം പേരും, കുഞ്ഞുകുട്ടി പരാധീനങ്ങളെയും ചുമലിലേറ്റി,
വന്ന വഴിയെ തിരിച്ചു നടക്കുന്നു.!!


ഒരു മുക്കാല്‍ മണിക്കൂറെങ്കിലും ബസ്സിനു തന്നെ യാത്ര ചെയ്തിട്ടുണ്ട് ഇവിടെ വരെ.
അത്രയും ദൂരം നടന്നു മല കയറുന്നതെങ്ങിനെ..?
കാര്യം തിരക്കി.
"ങാ, നിങ്ങള്‍ക്കീ സ്ഥലം അത്ര പരിച്ചയമില്ലാഞ്ഞിട്ടാ,
ഇത് ഗോവിന്ദമലയാ........
തൊട്ടടുത്ത്‌ കാട്ടിനുള്ളിലെ ഒരു വഴിച്ചാല് ചൂണ്ടി അവരു പറഞ്ഞു.
"നേരം ഇരുട്ടി.അവനിപ്പോ ഇറങ്ങും, " മോഴയാ"
ജീവന്‍ ബാക്കി വയ്ക്കില്ല.!! .."


അധികം  പറഞ്ഞു നില്‍ക്കാതെ അവരു ധ്രുതിയില്‍ നടന്നു മറഞ്ഞു.
കൂട്ടത്തില്‍ ശേഷിച്ചവരില്‍ ഒരാള്‍ പറഞ്ഞു.
"ഇതുവഴിയാ സ്ഥിരം വരവ്.
ഇന്നലെക്കൂടി ഒരു എസ്റ്റേറ്റ്‌ വണ്ടി മറിച്ചു കൊക്കേല്‍ എറിഞ്ഞേ ഉള്ളൂ .
ആ ഡ്രൈവര്‍ തലനാരിഴക്കാ രക്ഷപെട്ടത് !! "
ഞങ്ങളാ വഴിചാലിലേക്ക് നോക്കി .
ഞെരിഞ്ഞമര്‍ന്ന ഈറ്റക്കാടിന്റെ ഭാഗങ്ങള്‍ കാണാം.
ഒറ്റയാന്‍റെ പതിവ് വഴി !!......


മോഴ ..!
ഒറ്റയാനാ.. കൊമ്പനല്ല, എന്നാല്‍ പിടിയുമല്ല.
കാട്ടാനക്കൂട്ടത്തിലെ നപുംസകം' എന്നാണു കേട്ടുകേള്‍വി.
ഇടഞ്ഞ കൊമ്പനെക്കള്‍ ശൌര്യം കൂടുമത്രെ..!
വേറെയാരോ പറയുന്നത് കേട്ടു.


"പതിവായിട്ടൊരു വരയനേം' കാണാറൊണ്ടിവിടെ !! "
(അവര്‍ അടുത്ത നാട്ടുകാരായത് കൊണ്ട് ചെല്ലപ്പേരില്‍ പറഞ്ഞെന്നെ ഉള്ളൂ
"വരയെനെന്നു " ഉദ്ധ്യേശിച്ചത് അസ്സല്‍ "കടുവയെതന്നെ ..! )
ആദ്യമൊക്കെ ഒരു സാഹസിക യാത്രയുടെ ത്രില്‍ ഒക്കെ തോന്നി.
പിന്നെപ്പിന്നെ കാടിന്‍റെ മട്ടും, ഭാവവും മാറി.
കോടയും, ഇരുട്ടും ഒന്നിച്ചിറങ്ങി അവിടം മൂടിക്കെട്ടി.
തമ്മില്‍ കാണാനാവാത്തത്ര ഇരുട്ട്. !!
താഴ്വരകളില്‍, കാട്ടുചീവീടുകളുടെ കാതടപ്പിക്കുന്ന ഭയാനക ശബ്ദം!
(വൃത്തികെട്ട ജന്തുക്കള്‍ !)
തുളച്ചുകയറുന്ന  തണുപ്പ്.


ഒന്നോ രണ്ടോ ജീപ്പുകള്‍ പലപ്പോഴായി മല കയറി വന്നു.
നെന്മാറയില്‍ നിന്നുള്ള ലാസ്റ്റ് ട്രിപ്പ്‌ വണ്ടികളാണ്.
ഞങ്ങള്‍ ചിലര്‍ മുന്നില്‍ ചെന്ന് കാര്യം പറഞ്ഞു.
"തിരിച്ചു മലയിറങ്ങുന്നത്‌ അപകടമാ ...
നോക്കാം,ആളെയിറക്കി തിരിച്ചു വരാം..."
എന്നൊക്കെപ്പറഞ്ഞു അവരു പോയി.


വീണ്ടും അവിടം കൂരിരുട്ടില്‍ തന്നെ.
ഒരു തെരുവ്വിളക്ക് പോലുമില്ല.
കണ്ണെത്താ ദൂരത്തോളം മനുഷ്യവാസവുമില്ല!!
ഒരു വാഹനവും മലയിറങ്ങി വന്നില്ല.
എല്ലാവരുടെയും ദൃഷ്ട്ടികള്‍ ആ കാട്ടുചാലിലേക്കായിരുന്നു.
ഇരുളില്‍ എവിടെയോ ഇലകള്‍ക്ക് അനക്കം തട്ടുന്നത് കണ്ടു.
കാട്ടുച്ചുള്ളികള്‍ ഞെരിഞ്ഞമരുന്ന ശബ്ദത്തിനു കാതോര്‍ത്തു.


ചിലപ്പോള്‍ വെറും തോന്നലാവുമോ....!!
പിന്നെ തിരിച്ചറിഞ്ഞു.
മരവിച്ച കോടക്കാറ്റില്‍ അലിഞ്ഞുചേര്‍ന്ന ആനപ്പിണ്ട'ത്തിന്‍റെ രൂക്ഷഗന്ധം.!!


വീണ്ടും വെളിച്ചം!!
രണ്ടു ജീപ്പുകള്‍ അടുത്തടുത്ത്‌ മലകയറി വന്നു.
നെല്ലിയാമ്പതിക്കാ.........
ഒരു ജീപ്പില്‍ അത്യാവശ്യം സ്ഥലമുണ്ട്.
ഞങ്ങള്‍ കൈകാട്ടി നിറുത്തി കാര്യം പറഞ്ഞു.
ഡ്രൈവര്‍മ്മാര്‍ എതിര്‍ത്തു.


"നിങ്ങളെ കൊണ്ടുവിട്ടാല്‍ പിന്നെ ഞങ്ങള്‍ എങ്ങിനെ തിരിച്ചു മല കയറും..?
കാട്ടുമൃഗങ്ങളുടെ ശല്ല്യമുള്ളതാ. എന്തേലും പിണഞ്ഞാല്‍ ഒരു മനുഷ്യ ജീവിപോലും അറിയില്ല. "


ഞങ്ങള്‍ ഒരു തീരുമാനം പറഞ്ഞു.


"ഓരോരുത്തരും ഇരട്ടി ചാര്‍ജ് തരാം.
നിങ്ങള്ക്ക് അടിവാരത്ത് റൂം എടുത്തു സ്റ്റേ ചെയ്യാമല്ലോ.
നേരം പുലര്‍ന്നാല്‍ തിരിച്ചു പോരുകയുമാവാം. "


അതിലൊരാള്‍ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.
രണ്ടു വണ്ടിയിലുള്ളവരേം കൂടി ഒന്നിലേക്ക് കുത്തി നിറച്ചു, ജീപ്പിലൊരെണ്ണം മലമുകളിലേക്ക്.
ശേഷിച്ച ജീപ്പില്‍ ഒരു തരത്തില്‍ കയറിക്കൂടി ഞങ്ങള്‍ വീണ്ടും അടിവാരത്തേക്ക് യാത്ര തുടര്‍ന്നു.
പോകും വഴിക്ക്........


യാത്രയും, അലച്ചിലും സമ്മാനിച്ച ക്ഷീണം കൊണ്ടാവാം.
എല്ലാവരും ഒരു വിധം മൌനമായിരുന്നു. ജീപ്പിനുള്ളില്‍.
മുന്‍ സീറ്റില്‍ ഡ്രൈവരോടോപ്പമായിരുന്നു  ഞാനും, സെറിനും ഇരുന്നിരുന്നത്.


അരണ്ട വെളിച്ചത്തില്‍ മുന്നില്‍ തെളിയുന്ന വിജനമായ കാട്ടുവഴി.
വഴിയില്‍,
എവിടെയൊക്കെയോ ചിലയിടങ്ങളില്‍  മാന്‍ കൂട്ടത്തെയും, കാട്ടുമുയലിനെയും കണ്ടു.
പിന്നെയും ഹൈര്‍പിന്‍ വളവുകള്‍...
കൂരിരുട്ട്.................!
പെട്ടെന്ന്...
ഒരേയൊരു മിന്നായം,.....
വഴിയില്‍ ഒരു കാഴ്ചകണ്ടു.
തുകല് പോലെ എന്തോ ഒരു ശീലചുറ്റിയ,
കാടന്‍ മുടിയും, തീഷ്ണമായ മുഖഭാവവുമുള്ള  'ഒരു സ്ത്രീ !!!
ഒരു കാട്ടുവാസി .....
അവളുടെ തോളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു കൈക്കുഞ്ഞ്.
റോഡിന്‍റെ മറുവശത്ത് അവരോടൊപ്പം നടക്കുന്ന മറ്റൊരു ആണ്‍കുഞ്ഞിനേയും കണ്ടു.
അവന്‍റെ കയ്യില്‍ തൂക്കിപിടിച്ചിരിക്കുന്ന ഒരു കുപ്പിയും.
(വല്ല കാട്ടുതേനോ മറ്റോ ആവാം.)
ഒരേയൊരു നിമിഷം.
വീണ്ടും, കൂരിരുട്ടിന്‍റെ വിജനതയില്‍ ആ സ്ത്രീയും, കുഞ്ഞുങ്ങളും മറഞ്ഞു.


"അയ്യോ ..ഒരു സ്ത്രീയും കുഞ്ഞുങ്ങളും.!! ഈ കാട്ടുവഴിയില്‍ അവരെങ്ങോട്ടു പോകുന്നു..?"


പെട്ടെന്ന് ഞാന്‍ ആരോടെന്നില്ലാതെ ചോതിച്ചു പോയി.
കൂട്ടത്തില്‍ കാരണവന്‍ മാരിലൊരാള്‍ പറഞ്ഞു.


"അതാ ശരിക്കും കാട്ടുവാസ്സികള്‍...അതിനെ അങ്ങനെ പകല്‍ വെളിച്ചത്തില്‍ കാണുക പതിവില്ല.
ഉള്‍ക്കാട്ടിലൂടെയെ ഇവര്‍ സഞ്ചരിക്കൂ....."


"അവര്‌....അവരെങ്ങോട്ടാ പോകുന്നെ...?  "


"അങ്ങിനെ ഇന്നിടം എന്നൊന്നുമില്ല ..അതുങ്ങള്‍ക്ക് സ്ഥിരമായി ഒരു വാസം ഇല്ല.
ഇങ്ങിനെ സഞ്ചരിച്ചു കൊണ്ടേയിരിക്കും.
ഏതെങ്കിലും, കാട്ടുകനികളോ, പഴങ്ങളോ ഒക്കെ തിന്നും....
കാട്ടുറവകളില്‍ നിന്നും കുടിക്കും.....
വിശ്രമിക്കണമെന്നു തോന്നിയാല്‍ ഏതെങ്കിലും, കാട്ടിലോ പാറയിടുക്കിലോ കിടന്നുറങ്ങും. അത്രതന്നെ. "


"അപ്പൊ കാട്ടുമൃഗങ്ങള്‍ ആക്രമിക്കില്ലേ ..?
 ഈ കുഞ്ഞുങ്ങള്‍ക്ക്‌ പേടിയാവില്ലേ...? "


"ഇവര് സാധാരണ മനുഷ്യരെപ്പോലെയല്ല .മനുഷ്യന്‍റെ ഗന്ധം ദൂരെനിന്നേ മൃഗങ്ങള്‍ തിരിച്ചറിയും,
എന്നാല്‍ ഇവരുടെ ശരീരഗന്ധം പോലും, മനുഷ്യന്റെതല്ല..!!
ശരിക്കും കാടിന്‍റെ മക്കള്‍. ....കാട്ടുവാസികള്‍..  "


പിന്നെയും മറ്റു ചിലത്കൂടെ പറഞ്ഞു.
അവര്‍ക്ക് തലമുറകളായി കൈമാറിവന്ന ചില വിശ്വാസങ്ങള്‍ ഉണ്ടത്രെ.
കാരണവന്മാര്‍ പകര്‍ന്നുകൊടുത്ത അറിവുകള്‍.
"അതിരുവിലക്ക് മന്ത്രം " എന്ന് പേരുപറഞ്ഞു.
അവര്‍ രാത്രി വിശ്രമിക്കുന്നതിനു ചുറ്റും വിരല്‍ കൊണ്ടൊരു അദൃശ്യ വൃത്തം വരച്ചു, പ്രാര്‍ത്ഥന ചൊല്ലും.
പിന്നെ ആ വിശ്വാസ വലയത്തിനുള്ളില്‍ ഭയം കൂടാതെയുള്ള സുഖനിദ്ര .
അപകടകാരിയായ ഒരു ജീവിയും ആ വലയം ബേധിച്ചു അകത്തു കയറില്ല.
അതാണ്‌ വിശ്വാസം.......
അതാണ്‌ സത്യം..............
മലകളെയും മാറ്റുവാന്‍ പോന്ന " വിശ്വാസത്തിന്‍റെ ശക്തി "  എന്ന് വേദങ്ങളില്‍ 
എഴുതിയിരിക്കുന്നതിന്‍റെ  പൊരുള്‍ അന്ന് മനസ്സിലായി.
തിരുവെഴുത്തുകള്‍ പോലും എടുത്തു പറയുന്നു.


"നിഷ്കളങ്കമായ മനസ്സിനേക്കാള്‍ വലിയ സുരക്ഷാ കവചം വേറെയില്ല. "
......................................................................................................................................................................................
പലതിനെക്കുറിച്ചും അറിവുനേടി എന്നഹങ്കരിക്കുന്ന
ആധുനിക  മനുഷ്യന് ഇത് വെറും അന്തവിശ്വാസമോ, കെട്ടുകഥയോ ആവാം.
"വിശ്വാസം" എന്ന അതിമഹത്തായ ശക്തി തിരിച്ചറിഞ്ഞ ഈ പാവങ്ങളുമായി
തട്ടിച്ചു നോക്കുമ്പോള്‍,
ആരാണ്, "മനുഷ്യന്‍" എന്ന് വിളിക്കപ്പെടുവാന്‍
ഏറ്റവും യോഗ്യര്‍..?


പ്രപഞ്ചത്തോടും, സൃഷ്ടികര്‍ത്താവിനോടും ഇണങ്ങിജീവിക്കുന്ന, ഈ കാടുവാസ്സികളോ..,
അതോ...,
കരയും, കായലും, വനവും, പച്ചപ്പുകളും, ശുദ്ധവായുവും, ജലാശയങ്ങളും,
പ്രപഞ്ചത്തിന്‍റെ  സുരക്ഷാപാളികളും വരെ കവര്‍ന്നെടുക്കുകയും,
വിശ്വാസത്തിന്‍റെ പേരില്‍ പോലും , സ്വന്തം സഹജീവികളെക്കൂടെ മാല്‍സ്സര്യത്തോടെ
കൊന്നൊടുക്കുകയും ചെയ്യുന്ന  ഇന്നത്തെ ആധുനിക മനുഷ്യരോ ?
.............................................................................................................................................................................................


പുലര്‍ച്ചയോടടുക്കെ ഞങ്ങള്‍ വനാതിര്‍ത്തി കടന്നു.
കാടിനോട്‌ വിടപറയുമ്പോള്‍ മനസ്സ് മന്ത്രിച്ചു...
ഒരു മൌനപ്രാര്‍ത്ഥന................


"വനങ്ങള്‍ എന്നും സംരക്ഷിക്കപെടട്ടെ....
ജന്തുജാലങ്ങളും, കാടും, കാട്ടാറുകളും, കാട്ടുവാസ്സികളും,
എല്ലാം, എല്ലാം, എന്നും നിലനില്‍ക്കട്ടെ.


ഇനിയും, നേരിനും, നന്മകള്‍ക്കും  കാതോര്‍ക്കാം....................
                                     
                                     പ്രതീക്ഷയോടെ....വിശ്വാസത്തോടെ..........,






































2010, ജൂലൈ 22, വ്യാഴാഴ്‌ച

ഓര്‍മ്മകളുടെ ഓണക്കാലം...(കഥ)


പനി ലേശം കുറവുണ്ട് .......
പഴകിയ ജനലഴികള്‍ക്കപ്പുറം,
തുള്ളിത്തൂവുന്ന ചാറ്റല്‍ മഴ .

കിടന്ന കിടപ്പില്‍  കട്ടില്‍ തലയ്ക്കലെ ജനല്‍ പാളികളിലേക്ക് മിഴിപായിച്ചാല്‍ ,
"അമ്മാളുവമ്മ"യ്ക്ക് കാണാം .
അഴികള്‍ക്കപ്പുറത്തെ ഇത്തിരി ചതുരത്തിനുള്ളില്‍ മഴമേഘങ്ങള്‍ എവിടെയ്ക്കോ , ധൃതി വച്ചു  പായുന്നത്.
ഏറെ കഴിഞ്ഞാല്‍ ഇരുളില്‍ തെളിയുന്ന നിലാബിംബം.
"എത്ര നേരമെന്നുവച്ചാ അതും നോക്കി കിടക്ക്വ ! "
വീണ്ടും മയങ്ങിതുടങ്ങിയതാണ് ......
എപ്പോഴോ മഴ നാരുകള്‍ ചെറുതായൊന്നു ഒച്ച വച്ചു ചാറി.
പിന്നെയും നിശബ്ദത .

ഒരു തണുത്ത കാറ്റ്...
കാറ്റിനൊപ്പം അക്കരെക്കാവില്‍ നിന്നും രാമായണ പാരായണം വ്യക്തമായി കേട്ടു. തെല്ലു നേരം.
പിന്നെ കാറ്റും ശബ്ദ വീജികളും അവിടം കടന്നു ദൂരേക്ക്‌ ദൂരേക്ക്‌ പോയി.
കര്‍ക്കിടക മാസമാണ്.
എവിടെയോ കൊട്ടും തുടിയും കേട്ടു.
"മാളുവമ്മേ വിളക്ക് തെളിയിച്ചോ നീയ്യ്‌..? , ക്ടാങ്ങള് ആരാ അപ്പുറത്ത്..?"
ശരിക്കും മാഷ്‌ അപ്പുറത്തൂന്നു വിളിച്ചു ചോദിക്കുന്ന പോലെ തന്നെ തോന്നും ചില നേരത്ത്.
തനിച്ചാക്കി , മാഷ് പോയിട്ട് കാലമെത്ര കഴിഞ്ഞു.!
ഓര്‍മ്മകള്‍ക്കിന്നും  നല്ല തെളിച്ചമാണ്.
"ഊം ...ഓര്‍മ്മകളേ ഉള്ളൂ .....(ഒരു ഞരക്കം പോലെ മാളുവമ്മ പറയാന്‍ ശ്രമിച്ചു. )
പിന്നെ ഈ ജനലഴികല്‍ക്കപ്പുറത്തെ ഇത്തിരിക്കഴ്ച്ചകളും , കുഴമ്പിന്‍റെ  മണമുള്ള ഈ പഴയ മുറിയും."
.............................. .........................................................
അതെ, ഓര്‍മ്മകള്‍.....
മനസ്സൊന്നു പായിച്ചാല്‍  കാണാം,.....കേള്‍ക്കാം...,ഗന്ധം പോലും അടുത്തറിയാം......
മറവിയുടെ പടിക്കെട്ട് കടന്നു അവയോരോന്നും ഓടിയെത്തുകയായി.
നളിനിയേടത്തിയും, ഓരത്തും പറ്റെയുമായി.ചെറുമക്കളും ,ഇളമുറക്കാരും ......

പാടത്തും തൊടിയിലും
വേലായുധനും ,പണിക്കാരുമൊക്കെമൊക്കെയുണ്ട്.
കൊയ്ത്തും, മെതിയും, ആര്‍പ്പും, ആരവങ്ങളും..............
എവിടെയോ ഉത്സവക്കൊടിയേറ്റത്തിന്‍റെ   മേളം .............
 മധുവിനും, ഭദ്രയ്ക്കും ഇത്തവണ അവധി കിട്ടിയോ ആവോ..?
ഓണപ്പൂട്ടിനു ,പിള്ളേര്‍ക്ക് എട്ടുപത്തു നാള്‍ അവധിയില്ലതിരിക്കുവോ..!
അതുങ്ങളും വരും മുത്തശ്ശിയെക്കാണാന്‍.

കളരിത്തരയില്‍ ആരാ വിളക്കുവച്ചേ......?
മാഷ്ടെ വായ്ത്താരിക്കൊന്നിച്ചു , കോല്‍തട്ടും,  അങ്കത്താരിയും കേള്‍ക്കുന്നു.
ചാടിക്കെട്ടി ചുവടുവയ്ക്കുന്ന മെയ്യഭ്യാസികളുടെ ഒരുമയുടെ കാല്‍താളം !
ഇനിയുമുണ്ട് ഒത്തിരിപ്പേര്‍ .....
ഈ തറവാടിന്‍റെ ഓര്‍മ്മകളില്‍ ഓടിയെത്തുന്നവര്‍.
ലക്ഷ്മിയും, നാരായണിയും, പണിക്കാരി നീലിയും,
പിന്നെ,......
ങാ, മാഷ്ടെ വല്യേട്ടന്‍....
ശേഖരേട്ടന്‍,..അക്കരെക്കാവിനടുത്തു ഇപ്പോഴും താമസ്സമുണ്ട് .
എട്ടത്തിയേം കൂട്ടി ഇടയ്ക്ക് ഈ വഴിക്കൊക്കെ വരും,..
വല്ലപ്പോഴും...
വയ്യാഞ്ഞിട്ടവും, വയസ്സ് ഒത്തിരി ചെന്നില്ല്യെ.....
പിന്നെ ആരാ.....
ങാ , ബംഗ്ലൂരുന്നു അവധിക്കു വരുമ്പോ മാഷ്ടെ ഒരു പഴയ ശിഷ്യന്‍,...
ഒരു ക്രിസ്ത്യാനിക്കുട്ടി.
ഗീ വര്‍ഗീസ്‌ എന്നോ  മറ്റോ പേര്  പറഞ്ഞത് ഓര്‍ക്കുന്നു.
അയാള് വന്നു പോകും ഇത്രടം വരെ.
അതിന്‍റെ  അരങ്ങേറ്റത്തിന് വയ്യാഞ്ഞിട്ടും, മാഷൊന്നിച്ചു പോയത് ഇപ്പഴും ഓര്‍മ്മണ്ട്.
കല്യാണമൊക്കെ കഴിഞ്ഞൂന്ന് പറഞ്ഞു . ഒരു കുട്ടീമുണ്ടെത്രെ.
................................................................
ഓര്‍മ്മകളുടെ താളങ്ങളില്‍ ഓരോരുത്തരും ഒളിഞ്ഞും, തെളിഞ്ഞും
വന്നു പൊയ്ക്കൊണ്ടിരുന്നു.
എപ്പോഴോ വീണ്ടും ചാറ്റല്‍ മഴ.
പെയ്തും, പെയ്യാതെയും ,പുലരും വരെ ചിണുങ്ങി നിന്നു.
പിന്നെ, നീണ്ടൊരു മയക്കത്തിലേക്ക്.
പാതി മയക്കത്തില്‍ ചിലതുകൂടെ തെളിഞ്ഞു ഓര്‍മ്മയില്‍ .
പടിപ്പുരയ്ക്കലും, മിറ്റത്തും, നെറയെ പുല്ലും, നാട്ടുപച്ചയും വളര്‍ന്നു
കിടക്കാവും.
ആരും വരാതായി ഇപ്പൊ ഈ വഴിക്ക്....
വല്ലപ്പോഴും നാണിതള്ളയോ മറ്റോ മരുന്നും, പച്ചയും ,പറിക്കാന്‍ വന്നാലായി മിറ്റത്ത്‌.
ഇടയ്ക്കെപ്പോഴോ 'പുള്ളുവോകുടം'  വന്നു കൊട്ടിപ്പാടി പോയി.
ഇവിടാരാ അതുങ്ങള്‍ക്ക് എന്തേലും നല്ലത് കൊടുക്കാന്‍..!

ഒക്കെ അവന്‍റെ മനസ്സുപോലെ തന്നെ.
രാജീവന്‍! .....
ഇളയമകനാ....
ഇവിടെ ഇപ്പൊ അയാളാ എന്‍റെ കാര്യങ്ങള്‍ നോക്കാന്‍.
ഒരു മുന്‍ശ്ശുണ്ടി  പ്രകൃതം....ആരുമായും ചെരില്ല്യാ...
അവന്‍റെ നാള് പോലും പൂരാടാ ...ഒറ്റ പൂരാടം.
ചീട്ടുകളീം, ഒരു നിയന്ത്രണമില്ലാത്ത മദ്യസേവേം.....
കൊറേ പറമ്പും വിറ്റു തുലച്ചു. അവനായിട്ടു തന്നെ.
ഒടുക്കം കൊച്ചിനേം കൂട്ടി കല്ല്യാണീം അവള്‍ടെ വഴിക്ക് പോയി.
ഇനി വരില്ല്യാ ...ആരും വരില്ലാവും. ഈ വഴിക്ക്.
ന്‍റെ പേരാ അവന്‍റെ കുട്ടിയ്ക്ക്.
"മാളു"
അമ്മാളുവമ്മ ഓര്‍മ്മിച്ചു....
ഓര്‍മ്മകളുടെ നിഴല്‍ വീണ മുറ്റത്തു അവളുടെ കുഞ്ഞു കാല്‍പ്പാടുകള്‍ തെളിഞ്ഞു മാഞ്ഞു.
പലവട്ടം.
ചെറുമക്കളെ സ്വപ്നം കണ്ടു ആ അമ്മ മയങ്ങി..
..................................................................................................
പിന്നെയും നിമിഷാര്‍ദ്ധങ്ങള്‍........
ഓര്‍മ്മകള്‍ക്കും ,മയക്കത്തിനുമിടയില്‍, കൊഴിഞ്ഞു പോകുന്ന ദിനരാത്രങ്ങള്‍...........

ഈയിടെ രാമായണ പാരായണം കേള്‍ക്കാറെയില്ല്യാ...
മഴമേഘങ്ങളും,  ഈ വഴി കടന്നു പോവുക പതിവില്ല.
പകല്‍, മാനം തെളിഞ്ഞു നിന്നു.
രാത്രി,
തെങ്ങോലകള്‍ക്കപ്പുറം നിറമൊത്ത നിലാവും കണ്ടു.
ഇത്തവണ ഒഴുകിയെത്തിയ കാറ്റിലലിഞ്ഞിരുന്നത്, സോപാന സംഗീതമായിരുന്നു.

പാതിമയക്കത്തില്‍ ഉണര്‍ന്നു കിടന്ന ഒരു പുലര്‍ക്കാലത്ത് .......
അത്ര വ്യക്തതയില്ല .....
പതിവില്ലാത്ത ആരോ വന്നു നില്‍ക്കുന്നു അരികില്‍.
ആരോ...
ഒരു പെണ്‍കുട്ടിയാവാം....പ്രായംതി കഞ്ഞ ഒരുവള്‍ .....
അവളുടെ കൈവിരലുകള്‍ മാളുവമ്മയെ തൊട്ടു.
അവള്‍ തന്നെ മൂക്ക് കണ്ണാടി എടുത്തു മുഖത്ത് വച്ചു കൊടുത്തു.
"മുത്തശ്ശീ .....!"
ആ ശബ്ദം!!......
മാളുവമ്മ തലയുയര്‍ത്തി വയ്ക്കാന്‍ മുന്നോട്ടു ആഞ്ഞു.
അവളുടെ കൂടെ ആരോ ഉണ്ട്.
അയാള്‍ പിടിച്ചു., തലയിണ ചാരി വച്ചു കൊടുത്തു.
"മുത്തശ്ശീ ....."
അവള്‍ ഒരിക്കല്‍ കൂടെ വിളിച്ചു.
ആ ശബ്ദം.!!!
അവര്‍ക്ക് തിരിച്ചറിയാനാവുന്നുണ്ട്.
അതെ,
അമ്മാളുവമ്മയ്ക്ക്  വ്യക്തമായി കാണാം അവളെ..!
ശ്രീലതാ വര്‍മ്മ......
മുത്തശ്ശിയുടെ ശ്രീക്കുട്ടി...!
മാളുവമ്മയുടെ കണ്ണ് നിറഞ്ഞു.
അവളുടെ രൂപം വീണ്ടും അവ്യക്തമായി.

മൂത്ത മകള്‍ ശ്രീലക്ഷ്മിയുടെ കുട്ടിയാണ്.
ഒരേയൊരു മകള്‍.
പട്ടണത്തില്‍ ജോലിചെയ്യുന്നു.
Travel & Tourism Field ആണ് .

അന്ന് അമ്മാളുവമ്മയ്ക്ക് പതിവില്ലാത്ത ഉന്മേഷം തോന്നി.
അവള്‍ പകല്‍ മുഴുവന്‍ കൂടെയിരുന്നു.
ഒരുപാട് വര്‍ത്തമാനം പറഞ്ഞു.

"ലക്ഷ്മി ഇപ്പൊ എവിടാ..?
ഈ അടുത്ത് അവള് വിളിച്ചപ്പോ പറഞ്ഞതാ എന്നോട്.
ഓര്‍മ്മ നിന്നില്ല്യാ.....
ഗോപുവും അവിടെതന്നല്ല്യെ...?
എവിടാ ഇപ്പൊ..?
സിലോണിലോ അതോ സിങ്കപ്പൂരോ ...?"

"അമ്മ സിങ്കപ്പൂര് തന്നുണ്ട് .....അച്ഛന്‍ അവിടല്ല.......വേറെ നാട്ടിലാ.
 san jose....നോര്‍ത്ത്  അമേരിക്കയിലാ..."

"ങാ ..എല്ലാരും പലയിടങ്ങളിലാ ....ഇനി എപ്പഴാ
ഒന്നോന്നിച്ചു കാണാന്‍.....പിള്ളേരെയെല്ലാവരേം....?  "

ഇടയ്ക്കെപ്പോഴോ ചോതിക്കണമെന്നു വച്ചു.
പക്ഷെ വേണ്ടിവന്നില്ല .
അവള്‍ തന്നെ വിളിച്ചു പരിചയപ്പെടുത്തി .കൂടെ വന്നയാളെ.
ഒരു വിദേശി ചെറുപ്പക്കാരന്‍.
ഒരു സഞ്ചാരി.
നമ്മുടെ നാടൊക്കെ കാണാനും ,
ചിട്ടവട്ടങ്ങളും, രീതികളും ഒക്കെ പഠിക്കാനുമൊക്കെയാവും ഇപ്പൊ ഇവിടെ.
ഇവളാ അവന്‍റെ വഴിക്കാട്ടി!
ഇപ്പഴത്തെ കുട്ടികള്‍ക്ക് ഇതെല്ലാം തരം കൂട്ടുകാരാ...
അയാള്‍ അടുത്തുവന്നു.
നിഷ്കളങ്കമായി ചിരിച്ചു. ...മാളുവമ്മയുടെ കൈവിരലുകളില്‍ തൊട്ടു.
ഭാഷയറിയാതെ  "മുത്തശ്ശീ " എന്ന് വിളിക്കാന്‍ ശ്രമിച്ചു.
അവള്‍ വല്ലാതെ ചിരിച്ചു.
അയാളും...........................
 മുത്തശ്ശി പരിഭവം പറഞ്ഞു .
"പാവം .എന്തിനാ ആ കുട്ടിയെ കളിയാക്കുന്നെ ,..?
അവനറിയാവുന്ന പോലെ പറഞ്ഞു.
ഏതായാലും എന്നെ അവന്‍റെ മുത്തശ്ശിയായി കണ്ടല്ലോ അയാള് ."

പിന്നെ ദിവസങ്ങള്‍ കടന്നുപോവുന്നത് അറിഞ്ഞതേയില്ല .
പനി മാറി.
ക്ഷീണവും തീരെ കുറഞ്ഞു.
ഇപ്പൊ എഴുന്നേല്‍ക്കാം.....നില്‍ക്കാം .......
ആരെങ്കിലും കൈത്താങ്ങ്‌ തന്നാല്‍  ഒറ്റച്ചുവടുവച്ചു നടക്കാം.
"എല്ലാറ്റിനും ന്‍റെ കുട്ടീണ്ടല്ലോ കുറചീസ്സം..."
ധന്വോന്തരം തേച്ചു ചൂടുവെള്ളത്തില്‍ കുളിച്ചു.
താഴത്തെ വരാന്തയിലും ഉമ്മറത്തും അവള്‍ കൈപിടിച്ച് കൊണ്ടുപോയി.
മിറ്റത്തെ പുല്ലും പച്ചയുമൊക്കെ പണിക്കാരികള് വന്നു വെടിപ്പാക്കാന്‍ തുടങ്ങീരിക്കണൂ.
അങ്ങേപ്പക്കത്തെ കിടാങ്ങളൊക്കെയുണ്ട് മിറ്റത്ത്‌ അങ്ങിങ്ങായി.
പൂപറിക്കാന്‍ വന്നതാ.
"ദെവസം എത്ര മുന്നോട്ടു പോയിരിക്കണൂ...ഇന്ന് ചിത്തിരയാ ഈശ്വരാ. ..! ഓണക്കാലമായി ...! "
ശ്രീക്കുട്ടിയും അയാളും ചേര്‍ന്ന് മിറ്റത്ത്‌ പൂക്കളമൊരുക്കി.
അയാള് അതെല്ലാം ഫോട്ടോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടാരുന്നു.
പാവം. അതിനു ഇതൊക്കെ എത്ര കൌതുകമായിരിക്കും..

ഉച്ചമയക്കത്തിന് കിടന്നിട്ടു ഉറക്കം വന്നില്ല.
കിടക്കാന്‍ തോന്നുന്നില്ല അവിടൊക്കെ നടന്നു മതിയായില്ല്യ.
തറവാട്ടില് വീണ്ടും കാല്‍പ്പെരുമാറ്റം കേട്ടു തുടങ്ങീരിക്കണൂ....!
ഒരു ചെറു മയക്കത്തിനിടെ പിന്നെയും ചെറിയ കോലാഹലങ്ങള്‍.. ..
പൊട്ടിച്ചിരികള്‍......
ആളനക്കം.................
കിടാങ്ങളാരോ വന്നിരിക്കണൂ .
വിശ്വസ്സിക്കാനായില്ല്യാ ...
ഭദ്രയും , പിള്ളാരും ഇങ്ങെത്തി.
മധു നാളെയെ വരൂത്രെ.
ശ്രീക്കുട്ടി വന്നതറിഞ്ഞ് എത്തിയതാണ് അവരും.
ങാ , മനസ്സ് നിറഞ്ഞു.
എല്ലാരും ഇനി ഓണം കഴിഞ്ഞേ പോവുള്ളൂ.

സന്ധ്യയ്ക്ക് ദീപാരാധന തൊഴാന്‍ പിള്ളേര് കൂടെ കൊണ്ടുപോയി.
വരും വഴി ശ്രീക്കുട്ടി സ്വകാര്യം പറഞ്ഞു.
"പിന്നേയ് മുത്തശ്ശീ ..ഒരല്‍ഭുതം സംഭവിചിരിക്കണൂ തറവാട്ടില് !
കണ്ടാല്‍ മിണ്ടാത്ത ആളാ.
ഇത്തവണ എന്ത് തോന്നീന്നാവോ ..
രാജിയമ്മാവന്‍'.....!
വന്നപ്പോ അടുക്കളെയ്ക്കുള്ളത് കൊറേ വാങ്ങിക്കൊണ്ടുവന്നിരിക്കണൂ ..!
ഉത്രാടത്തിനും , തിരുവോണത്തിനും ഒക്കേയ്ക്കും ഉള്ളതെല്ലമായി.
ആശ്ച്ചര്യായി എനിക്ക്.
കുശലം ചോതിക്കേം ചെയ്തു.
അച്ഛനേം ,അമ്മയെമോക്കെ തിരക്കി. ! "

മാളുവമ്മ ഉള്ളു നിറഞ്ഞു പ്രാര്‍ത്ഥിച്ചു.
ദേവ്യേ...നല്ലബുദ്ധി കൊടുക്കണേ ന്‍റെ കുട്ടിയ്ക്ക്..."
"ശരിയാ ..അവനു നല്ല മാറ്റണ്ട്.
പണ്ടും  ഭക്ഷണകാര്യങ്ങളില്‍ മുടക്കം വരുത്തീട്ടില്ലെട്ടോ എനിക്കവന്‍.
ഈയിടെ മരുന്നും ,കുഴമ്പും വാങ്ങി കൊണ്ടത്തന്നു.
അടുത്തിടെ പുറത്തൊക്കെ അങ്ങിനെ കറക്കം തീരെ കുറവാന്നു തോന്നുന്നു.
ബീഡീം, സിഗരറ്റും ,പുകയുന്ന മണമാ ആ മുറിക്കകത്തൂന്നു."
....................................................................................................................................................
പുലര്‍ച്ചെ ആദ്യ വണ്ടിക്കു തന്നെ മധുവും ഇങ്ങെത്തി .
ആകെ കോലാഹലമായി ഒരിക്കല്‍ കൂടി തറവാട്ടില്.
കളിയും, ചിരിയും, കുസൃതികളും.
എല്ലാം ഒരു സ്വപ്നത്തിലെന്നപോലെ .

സായിപ്പും, ശ്രീക്കുട്ടിയും കൂടി പുള്ളുവ കുടിയില്‍ പോയി കുടം വായിപ്പിച്ചു. പാടിക്കെട്ടൂത്രേ.
അവര്‍ക്ക് കൈ നെറയെ എന്തൊക്കെയോ കൊടുത്തൂന്നു.ശ്രീക്കുട്ടി പറഞ്ഞു.
ഏതായാലും നന്നായി.
ഓണം പോലും പട്ടിണി നാളാ ആ പാവങ്ങള്‍ക്ക്.
വന്നപ്പോ അമ്മാളുവമ്മയ്ക്കും കൊണ്ടുകൊടുത്തു ഒരോണപ്പുടവ.
അയാള്‍ടെ വക.

ആ കുട്ടി എന്തൊക്കെയോ പഠിക്കാനും Research ചെയ്യാനുമൊക്കെയുള്ള വരവാ എന്നറിഞ്ഞു.
നമ്മുടെ നാടും വിദ്യകളുമൊക്കെ.
യോഗ പഠിച്ചു. ഓറയും...പ്രാണചക്രങ്ങളും , കുണ്‍ഡലിനീ ധ്യാനവും വരെ ഹൃദിസ്ഥമാണത്രെ അതിന്.

അക്കരെക്കാവിനടുത്താ ഇപ്പോഴത്തെ കളരി.
അവിടെ പോവാനിരിക്കരുന്നു അവര്.
പിന്നെ ശ്രീക്കുട്ടിയുടെ അഭിപ്രായത്തിനു , പിള്ളേരെയൊക്കെ ഇങ്ങോട്ട് കൊണ്ട് പോന്നു.
സായിപ്പിന് കാണാന്‍ വേണ്ടിയാണേലും തറവാട്ടുമിറ്റത്ത് ഒരിക്കല്‍ കൂടെ
ചുവടും, ‌കോല്‍ത്താരിയും, അങ്കത്താരിയും ശബ്ദം വച്ചു.
കിടക്കാന്‍ നേരം ശ്രീക്കുട്ടി പറഞ്ഞു.
"ഇന്ന് രാജിയമ്മാവനെ കണ്ടില്ലല്ലോ ഇവിടെങ്ങും,...
രാത്രി വൈകിയും വന്നിട്ടില്ല.
എനിക്ക് ചില സംശയങ്ങളില്ലാതില്ല ."
അവളും സംശയിച്ചത് ശരിയായിരുന്നു.
അയാള് ചെരുതുരുത്തിയ്ക്ക് പോയിരുന്നു.
കാര്യങ്ങള്‍ തുറന്നു ഏറ്റു പറയാനുള്ള മനസ്സുണ്ടായി.
അത് തന്നെ നല്ല കാര്യം.
ഒട്ടും പ്രതീക്ഷിക്കാത്തത് തന്നെ സംഭവിച്ചു.
തിരിച്ചു വന്നപ്പോ കല്യാണിയും, മാളുവുമുണ്ടായിരുന്നു കൂടെ.
അമ്മാളുവമ്മയ്ക്ക്  ഇതില്‍പ്പരം ഇനിയെന്ത് വേണം..!
ഉത്രാടതലേന്ന്  രാജീവന്‍റെ കാറില്‍ ശ്രീമോളും, സായിപ്പും,ഭദ്രയും,മധുവും കൂടി
ശേഖരേട്ടന്‍റെ  വീട്വരെപ്പോയി വന്നു.
കൂട്ടത്തില്‍ മാളുവമ്മയേം കൂടെ കൂട്ടിയിരുന്നു.
അങ്ങനെ ഒരിക്കല്‍ കൂടെ അവരേം കാണായി.
..................................................................
ഉത്രാടരാത്രി ആകെ മേളം.......
അടുക്കളയിലും, മിറ്റതും, വരാന്തയിലുമൊക്കെ.
അടുത്തെവിടെയോ കൈകൊട്ടിക്കളി കേട്ടു.
പോയി കാണാനൊത്തില്ല മാളുവമ്മയ്ക്ക്.
പിള്ളാര്‌ ചിലര് പോയി.
ഒപ്പം ആ സായിപ്പ് കുട്ടിയും.
........................................................................
തിരുവോണനാളും, സദ്യവട്ടങ്ങളുമൊക്കെ കെങ്കേമമായി
അടുത്ത ദിവസങ്ങളില്‍ തന്നെ
ഭദ്രയും പിള്ളേരും മടങ്ങി.
അവധി തീരുകല്ലേ പിള്ളേര്‍ക്ക്.
ശ്രീക്കുട്ടിയും ,സായിപ്പും കുറച്ചു ദെവസം കൂടെ നിന്നു തറവാട്ടില്.
പോകുന്നതിന്‍റെ തലേ രാത്രി ..
അക്കരെകാവിനടുത്തു
മട്ടന്നൂരിന്റെ ചെണ്ട കേള്‍ക്കാന്‍ കൊണ്ടുപോയി മാളുവമ്മയെക്കൂടെ.
ഒരു വലിയ ആഘോഷം.
മട്ടന്നൂര് മാത്രല്ല,"കോട്ടക്കല്‍ ശിവരാമനും", "ദക്ഷിണാമൂര്‍ത്തിസ്വാമി" യുമൊക്കെ  ഉണ്ടാരുന്നു അവിടെ ചടങ്ങിന്.

പിറ്റേ സായാഹ്നം.
ഇനിയും ഒരുപാട് ഓര്‍മ്മകളില്‍ താലോലിക്കാന്‍
നന്മയുടെ നല്ല ഒരോണക്കാലം സമ്മാനിച്ച്‌ അവള്‍ മടങ്ങുകയായി.
ശ്രീക്കുട്ടി....
ഒപ്പം ആ സായിപ്പും.
എല്ലാവരുടെയുമൊക്കെ ഫോട്ടോ എടുത്തു ,പടിയിറങ്ങും മുന്‍പ്,
അയാള്‍ അമ്മാളുവമ്മയുടെ  കാല്‍വിരലുകള്‍ ഒരിക്കല്‍ കൂടി തൊട്ടു.
പിന്നെ, ആ കവിളില്‍ വാല്‍സല്ല്യത്തോടെ ചുംബിച്ചു.
അവരുടെ കണ്ണുകള്‍ നിറഞ്ഞു.
ആ അമ്മ തലയില്‍ കൈ വച്ചു അനുഗ്രഹിച്ചു പറഞ്ഞു.
"നന്നായി വരും കുട്ട്യേ .....ഈശ്വര കടാക്ഷണ്ടാവും. ........
നല്ലതേ വരൂ.....മിടുക്കനാവുംട്ടോ......."

ശ്രീക്കുട്ടിയെ തക്കത്തിന് കിട്ടിയപ്പോ അമ്മാളുവമ്മ സ്വകാര്യം ചോതിച്ചു.
"നല്ല കുട്ടിയാ ...നാടും രീതിയുമൊക്കെ ഇപ്പൊ ആരാ നോക്ക്വാ..
മനപ്പോരുത്ത്വമാ വേണ്ടത്.
അയ്യാള് , നെന്നെ മംഗലം ചെയ്യാന്‍ മോഹണ്ടോ കുട്ട്യേ നിനക്ക്...?
അവളും കുസൃതിയോടെ മുത്തശ്ശിയെ ചുംബിച്ചു.
എന്നിട്ട് കളിയാക്കി പറഞ്ഞു.
"കൊള്ളാല്ലോ മോഹം ന്‍റെ മാളുവമ്മേ..."
പിന്നെ കൂട്ടിച്ചേര്‍ത്തു.
"ജോഷ്വാ എനിക്കെന്നും നല്ലൊരു സുഹൃത്താണ്....
ഇനിയും....ഇനിയും ഒരുപാടുപേര്‍ വരും..............
എവിടെന്നോ വന്നു, എങ്ങോട്ടോ പോകും അവരൊക്കെ.
അപ്പോഴും ശ്രീക്കുട്ടി ഇവിടെക്കാണും.
മനസ്സുകൊണ്ട് എന്നും മുത്തശ്ശീടെ ചാരെ........
ഒന്ന് വിളിച്ചാല്‍ ഞാനിങ്ങോടിയെതില്ലേ..?
പോകുമ്പോള്‍ ഒന്ന് കൂടെ പറഞ്ഞു.
"യാത്രക്കിടയിലെ ഒരു തണല്‍മരം.......
ഒരു..പാവം വഴിവിളക്ക്......................
അത്രേയുള്ളൂ ഈ ശ്രീക്കുട്ടി.
അത്രെ ആവാന്‍ പാടുള്ളൂ........"

അവളുടെയും കണ്ണ് നിറഞ്ഞു.
അകന്നു പോകുമ്പോഴും  ആ മനസ്സ് ചോതിക്കുന്നത് മുത്തശ്ശിക്ക് കേള്‍ക്കാം.

"തനിച്ചാക്കി പോകുമ്പോ ...സങ്കടണ്ടോ മുത്തശ്ശ്യേ......? "
മനസ്സ് കൊണ്ട് തന്നെ മറുപടി.

"ഇല്ല കുട്ട്യേ ...തനിച്ചല്ലല്ലോ ഞാനിനി ഇവിടെ........
മാളൂട്ടിയുണ്ട്......കല്യാണിയുണ്ട്.......രാജീവന്‍......
ഈ വരാന്തയും,....മുറ്റവും,.....കളരിത്തറയും....കാവും.....
പിന്നെ..,
എന്നും മനസ്സില്‍ താലോലിക്കാന്‍,
നന്മയുടെ ഒരുപിടി നല്ല ഓര്‍മ്മകളും,
ഒരോണക്കാലവും..
................................................

















2010, ജൂൺ 26, ശനിയാഴ്‌ച

എന്‍റെ പ്രണയം

പ്രണയം..................................
....................................................................................
എനിക്കിന്നും പ്രണയമാണ് ..

എന്റെ ഇഷ്ട്ടങ്ങളോട് ..സങ്കല്‍പ്പങ്ങളോട്.......
വര്‍ണ്ണാഭമായ സ്വപ്നങ്ങളോട്‌...........................
കാതില്‍ ഇന്നും മൂളല്‍ മാഞ്ഞിട്ടില്ലാത്ത,
താരാട്ട് പാട്ടിനോട്................................................
കുട്ടിക്കാലത്തോട് ................................................
സൌഹൃദങ്ങളോട് .............................................

ഗൃഹാദുര്വത്വത്തിന്റെ  ഗന്ധം  മാറാത്ത ഓര്‍മ്മകളോട് ,
ഓര്‍മ്മകളിലെ കുഞ്ഞു നൊമ്പരങ്ങളോട്...........................

ജനലഴികള്‍ക്കപ്പുറത്തെ  ചാറ്റല്‍ മഴയോട് ....
ഈറന്‍ തുള്ളികളുടെ ചുംബനമേറ്റ,
മണ്ണിന്റെ ഗന്ധതോട്.............................................................

കായലിലെ കുഞ്ഞോളങ്ങളില്‍ വീണു കലങ്ങിയ ,
ഓണ നിലാവിന്റെ ബിംബത്തോട്‌ ...................................
ചുരമിറങ്ങിവീശുന്ന കാറ്റിലലിഞ്ഞ ,
നാടന്‍ പാട്ടിന്‍റെ  ഈണങ്ങളോട് ......................................
കാവിനോട് .......തൊടികളോട്..........................................
കൊട്ടും, കുരവയും, ആര്‍പ്പും, മേളങ്ങളും,
ആഹ്ലാദത്തിരയടിക്കുന്ന, ഉത്സവപ്പാടങ്ങളോട്.............

ആഘോഷനാളുകളോട്,....................................................
പൂക്കളോട്, 
പുലരിയോട്................................................
സന്ധ്യയോട്..................................

ഇരുളിന്റെ തലങ്ങില്‍ കുഞ്ഞു വെളിച്ചം പടര്‍ത്തുന്ന,
വിശുദ്ധിയുടെ തിരിനാളങ്ങളോട്....................................

കുളിരിന്റെ മറ മാറിയിട്ടില്ലാത്ത പുലരിമഞ്ഞിന്‍റെ
താഴ്വരയിലെ, നനുത്ത പുല്‍നാമ്പുകളോട് .................

മുത്തശ്ശിക്കഥകളിലെ സുന്ദരിയായ രാജകുമാരിയോട്..

വിടര്‍ന്ന ഇതളുകള്‍ പാതയോരത്ത് ചീന്തിയെറിഞ്ഞു ,
ദൂരങ്ങളിലെങ്ങോ നടന്നു മറഞ്ഞ, പ്രണയിനിയോടും
അവള്‍ സമ്മാനിച്ച, ആ നൊമ്പരത്തോടും .....................
ഉള്ളിന്‍റെയുള്ളില്‍  പ്രണയം ഒളിപ്പിച്ചു ,
മിണ്ടാതെ,............. യാത്ര പോലും പറയാതെ,
എങ്ങോട്ടോ കടന്നുപോയ കൂട്ടുകാരിയോട് ................
അര്‍ഹിക്കാത്ത സ്നേഹം ഒരു പാട് പകര്‍ന്നു
തന്ന, ജീവിത സഖിയോടു ........................................................

ബന്ധനങ്ങളില്ലാത്ത, ബന്ധങ്ങളോട് ........................................
ഇനിയും വന്നുചേരാനിരിക്കുന്ന സൌഹൃദ ങ്ങളോട്......
നിഷ്കളങ്കമായ കുഞ്ഞു പുഞ്ചിരിയോടും,
കണ്ണീര്‍ക്കണങ്ങളോടും............................................................

ഈ നിമിഷത്തോട് ...................................................................
ഇനിയും എഴുതിത്തീര്‍ന്നിട്ടില്ലാത്ത  ഈ ജീവിതത്തിന്റെ
ശേഷിക്കുന്ന താളുകളോട് ......................................................

അതിനുമപ്പുറം കാത്തു നില്‍ക്കുന്ന,
അറിയപ്പെടാത്ത അനന്തതയോട്...........................................
എല്ലാം എല്ലാം, ക്രിയാത്മകമായി വാര്‍ത്തെടുത്ത ,
ആ മഹാ ശില്‍പ്പിയുടെ കൈവിരലുകളോട് ......................

ഒടുവില്‍....................................................................................

പ്രണയത്തിന്റെ പവിഴമുത്തുക്കള്‍ എന്നും,
കോര്‍ത്ത്‌ വയ്ക്കാനിഷ്ട്ടപ്പെടുന്ന ഈ കുഞ്ഞു മനസ്സിനോടും.
.............................................................................................................
അതെ,
എനിക്ക്...എനിക്കിന്നും  പ്രണയമാണ്.......................................

എന്നോടും , എന്‍റെ പ്രണയത്തോടും തന്നെ.................................

2010, ജൂൺ 22, ചൊവ്വാഴ്ച

ചില്ല് ജാലകത്തിനപ്പുറം . ( അനുഭവം )


ശീതീകരിക്കപ്പെട്ട ആ മുറിയില്‍, നനുത്ത തുള്ളികള്‍ ഈറനണിയിച്ച

ചില്ലുജാലകതിനപ്പുറം,
പകലിന്‍റെ നിമിഷങ്ങള്‍ക്ക്‌ നിറം മങ്ങുന്നു .
തെരുവ് വിളക്കിന്‍റെ വര്‍ണ്ണങ്ങള്‍....
നഗര സന്ധ്യയുടെ ചടുല താളങ്ങള്‍ ...
ദൂരെ,
തിരമാലകള്‍ക്ക്മേല്‍ തനിയെ പറക്കുന്ന ഒരു പക്ഷി .
അതിനുമപ്പുറം തുറമുഖത്തോട്‌ വിടപരഞ്ഞകലുന്ന ഒരു സഞ്ചാരക്കപ്പലിന്റെ
യാത്രാമൊഴി .
.................................................................................................
അന്ന്
എറണാകുളം
മറൈന്‍ ഡ്രൈവിലെ പ്രശസ്ഥമായ ഒരു കളര്‍ ലാബില്‍ 'വീഡിയോ
എഡിറ്റര്‍ 'ആയി ജോലി ചെയ്യുന്ന കാലം .
പതിവുപോലെ പകലത്തെ വര്‍ക്ക്‌ ഓര്‍ഡര്‍കള്‍ ഒതുക്കിതീര്‍ക്കാനുള്ള
ശ്രമത്തിലായിരുന്നു ഞാന്‍ .
Reception Counter ' ല്‍ നിന്നും ഒരു call connect ചെയ്തു.
ഒരു വര്‍ക്ക്‌ ഓര്‍ഡര്‍ ഉണ്ട്.
മാന്യമായി വസ്ത്രധാരണം ചെയ്ത ഒരു യുവാവ്.
മുന്‍പരിചയം തോന്നുന്നില്ല .
ആദ്യമായി വരുന്നതാവാം.
proffessioanal വര്‍ക്ക്‌ ഒന്നുമല്ല .
ഒരു ചെറിയ ഓര്‍ഡര്‍.
അയാളുടെ മൊബൈല്‍ cam 'ല്‍ പകര്‍ത്തിയ അഞ്ചോ , ആറോ വീഡിയോ ക്ലിപിങ്ങ്സ് .
ആകെക്കൂടെ 2 -3 minutes ദൈര്‍ഘ്യമേ കാണൂ .
അവ വീഡിയോ CD ഫോര്‍മാറ്റ്‌ലേക്ക് പകര്‍ത്തി കൊടുക്കുകയേ വേണ്ടൂ .
കൂടിവന്നാല്‍ 5 മിനിറ്റ് നേരത്തെ ജോലി .
ഞാന്‍ ഓര്‍ഡര്‍ എടുത്തു.

"മൂന്ന് ദിവസം കഴിയും .ഉടനെയൊന്നും ആവില്ല ."

ഞാന്‍ പറഞ്ഞു.

" കുറച്ചൂടെ നേരത്തെ കിട്ടുമോ..? "

" No , പറ്റില്ല, pending works ഒത്തിരി ഉണ്ട്. " ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

ഓര്‍ഡര്‍ ഷീറ്റ് സൈന്‍ ചെയ്യുന്നതിനിടെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു

" ഇവന്മാര് പറയുന്ന സമയതിനൊക്കെ കൊടുത്താല്‍ നമ്മള് ചെയ്യുന്ന ജോലിക്ക് യാതൊരുവിലയുമുണ്ടാകില്ല.
അഞ്ചോ,പത്തോ മിനിറ്റ് കൊണ്ട് സംഗതി കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ ഇവന്മാര് ഇവിടെക്കിടന്നുഒച്ചവയ്ക്കും.
എന്തിനാ വെറുതെ പൊല്ലാപ്പ്..?
so , എപ്പഴും രണ്ടു ദിവസം കൂട്ടി പറഞ്ഞു ഓര്‍ഡര്‍ എടുക്കുന്നത് തന്നെയാ നല്ലത്."

അഞ്ചു മിനിറ്റ്നേരത്തെകാര്യമല്ലേ ഉള്ളൂ,
പിന്നെ ചെയ്യമെന്നോര്‍ത്തു ഓര്‍ഡര്‍ കവര്‍ മാറ്റി വച്ചു.
സത്യം പറയാല്ലോ, ........ ഞാനത് മറന്നു!!.
മൂന്നാം ദിവസം വൈകീട്ട് ...................
അയാള്‍ വീണ്ടും വന്നു,
എന്ത് പറയും എന്നോര്‍ത്ത് ഒരു നിമിഷം ഞാനൊന്ന് അമ്പരന്നു.
പിന്നെ, പരിഭ്രമം പുറമേ കാണിക്കാതെ വിദഗ്ദമായി ചോദിച്ചു ,

"നിങ്ങളത് ഏതു ഫോര്‍മാറ്റിലാ ഷൂട്ട്‌ ചെയ്തത്..?
because , ഫോര്‍മാറ്റ്‌ ഇവിടെ സപ്പോര്‍ട്ട് ചെയ്യുന്നില്ല.
so , നാളെ വരൂ. ഒന്നൂടെ ഒന്ന് ചെക്ക്‌ ചെയ്യേണ്ടി വരും. "

എതിര്‍ത്തില്ല!.......പരിഭവം ഒന്നും പറഞ്ഞില്ല! ......
ശാന്തമായി തലയാട്ടി , അയാള്‍ ക്ഷമയോടെ തിരികെ നടന്നു .
അത്ര വലിയ കുറ്റബോധമൊന്നും എനിക്കും തോന്നിയില്ല.
preview ഓഫ്‌ ചെയ്തു ഞാന്‍ video Conversion Start ചെയ്തു .
(അങ്ങിനെയാകുമ്പോ വീണ്ടും 2 മിനിട്ടുകൂടെ ലാഭം .)

ഇനിയുമൊരു സായാഹ്നം .......................... .....
പകല്‍ വെളിച്ചത്തിന്റെ നിമിഷങ്ങള്‍ക്ക് വീണ്ടും നിറം മങ്ങുകയായി.
പകരം....
നഗരസന്ധ്യകളില്‍ അങ്ങിങ്ങായി പാഞ്ഞുപോകുന്ന വേഗതകളുടെ കലങ്ങിയ
വര്‍ണ്ണങ്ങള്‍ ..
തെരുവിന്റെ ചടുലതാളങ്ങള്‍ ..............

പതിവുപോലെ അന്നും ഞാനല്‍പ്പം തിരക്കിലാണ് .
counter ല്‍ നിന്നും call ഉണ്ട് .
reception ല്‍ wait ചെയ്യുന്ന customers ന്റെ കൂട്ടത്തില്‍ അയാളെ കണ്ടു.
"CD Billing Counter ല്‍ ഏല്പിച്ചിട്ടുണ്ട് കളക്ട്ടു ചെയ്തോളൂ "
ഞാന്‍ മറുപടി പറഞ്ഞു
"അതല്ലാ അയാള്‍ക്ക്‌ CD ഒന്ന് check ചെയ്തു നോക്കണമെന്ന് "
എനിക്ക് വല്ലാതെ ദേഷ്യം തോന്നി.
ഞാനാ കൌണ്ടര്‍ സ്ടാഫ്ഫിനെ വഴക്ക് പറഞ്ഞു
" നിങ്ങളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് time Spend
ചെയ്യിക്കുന്നത്..? അറിയാല്ലോ ഇവിടുത്തെ തിരക്ക്..? ഉം ..ശരി , വരാന്‍
പറയൂ.."
ഞാന്‍ പറഞ്ഞതും സത്യമായിരുന്നു.
അന്ന് അല്‍പ്പം കൂടെ തിരക്കുള്ള ദിവസമായിരുന്നു .
ലാബിനുള്ളില്‍ തന്നെ, തിരക്ക് പിടിച്ചു അങ്ങുമിങ്ങും ഓടി നടക്കുന്ന Staff
കളും , customers ഉം .
ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ല .
അയാള്‍ എന്റെ അരികിലെത്തി.
ഞാന്‍ ആ CD യിലെ video Clips ല്‍ ആദ്യത്തേത് play ചെയ്തു നോക്കി.
തീരെ നിലവാരം കുറഞ്ഞ ഒരു മൊബൈല്‍ ക്യാമറയില്‍ അലക്ഷ്യമായി ചിത്രീകരിച്ചത്
പോലെ തോന്നിക്കുന്ന , നിറം മങ്ങിയ ഒരു video clip .
ആരൊക്കെയോ സംസാരിക്കുന്നു.
ചിലര്‍ നില്‍ക്കുന്നു. മറ്റു ചിലര്‍ കസേരകളില്‍ ഇരുന്നു സംസാരിക്കുന്നു.
അവര്‍ക്കരികില്‍ ഒന്നും ശ്രദ്ധിക്കാതെ നിലത്തിരുന്നു കളിക്കുന്ന ഒരു കൊച്ചു
കുട്ടി.
അവനെയും കടന്നു ആ ദൃശ്യം കുറച്ചുകൂടെ മുന്നോട്ടു...................
എല്ലാവരും സംസാരിക്കുന്നത് ശ്രദ്ധവച്ച് കേട്ട് , കട്ടിലിന്റെ തലക്കല്‍
ഉയര്‍ത്തി വച്ച തലയിണയില്‍ ചാരിയിരിക്കുന്ന ഒരു യുവതി.
ഒരു പച്ച ഗൌണ്ണ്‍ പോലെ എന്തോ ധരിച്ചിട്ടുണ്ട് അവര്‍.
ഭംഗിയായി ബോബ് ചെയ്തു വെട്ടിയിരിക്കുന്ന തലമുടി .
പ്രസന്നമായ മുഖഭാവം.
മറ്റുള്ളവരുടെ സംസാരവും, നിലത്തിരുന്നു കളിക്കുന്ന കുഞ്ഞിന്റെ കുസൃതികളും
ഒക്കെ ശ്രദ്ധിച്ചു നോക്കുന്നുണ്ട് അവര്‍.
"അത് അവളുടെ കുഞ്ഞായിരിക്കാം.'
ഞാന്‍ ഓര്‍ത്തു.
ആ Clip തീര്‍ന്നതും ഞാന്‍ ആ CD പുറത്തെടുക്കാന്‍ കൈ നീട്ടി .
"അടുത്ത Clip കൂടെ ഒന്ന് നോക്കാമോ..?"
അയാള്‍.
"ശ്ശൊ!! ഞാന്‍ മനസ്സില്‍ പറഞ്ഞു.
അടുത്ത Clip'ഉം ഏതാണ്ട് മുന്നത്തെ അതുപോലെ തന്നെ.
"ഇനി ആ അവസാനത്തെ clip കൂടെ ."
അയാള്‍ വീണ്ടും പറഞ്ഞു .
"ഹ്ഹോ ഇതോടെ കഴിഞ്ഞൂല്ലോ " ഞാന്‍ മനസ്സില്‍ ആശ്വസിച്ചു.
പക്ഷെ, ആ ദൃശ്യം!!!!!

ആള്‍ക്കൂട്ടത്തിനിടയിലേക്ക് പതിയെ വന്നടുക്കുന്ന ഒരു Van'....
അതൊരു ambulance' ആണെന്ന് പിന്നെ വ്യക്തമായി!!
പിന്നെ എന്തൊക്കെയോ അവ്യക്തമായ ദൃശ്യങ്ങള്‍ .....
ചില നിമിഷങ്ങള്‍ക്ക് ശേഷം.......
വീണ്ടും വ്യക്തമായ ദൃശ്യം..!
ചിലര്‍ തോളിലേറ്റി താഴെ ഇറക്കിയ ഒരു മഞ്ചത്തില്‍ ,
ശാന്തമായൊരു നിദ്രയിലെന്നവണ്ണം, മിഴികള്‍ പൂട്ടി , പുഞ്ചിരിതൂകി
കിടക്കുന്നു മുന്‍പേ കണ്ട ആ സ്ത്രീ .!!!!
താഴെ ആ മഞ്ചത്തിനരികില്‍ ബന്ധുക്കള്‍ക്കൊപ്പം ആ കുഞ്ഞിനേയും കാണാം.
ആ കുഞ്ഞുകൈപ്പിടിയില്‍ അപ്പോഴും മുറുകെപ്പിടിച്ചിരുന്നു, ഏതോ ഒരു
കളിപ്പാട്ടം.
അതിനിടയിലെവിടെയോ , ആ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു കരയുന്നു,
എനിക്കരികില്‍ നില്‍ക്കുന്ന ആ മനുഷ്യന്‍ !!
ഒരു ഞെട്ടലോടെയാണ് ഞാന്‍ ആ ദൃശ്യത്തില്‍ നിന്ന് കണ്ണുകള്‍ പിന്‍വലിച്ചത്
" അത്! .........ആ സ്ത്രീ, നിങ്ങളുടെ...?...."
"ഭാര്യ!! " - അയാള്‍ പറഞ്ഞു.
" പോകുമെന്ന്..................
(അയാള്‍ തുടര്‍ന്നു)
എനിക്കറിയാമായിരുന്നു........ അവള്‍ പോകുമെന്ന് ..,
ഏറ്റവും അവസാനനിമിഷം! .. അപ്പോഴാ മനസ്സിലായത്‌.
മരിക്കുന്നതിനു ഏതാനും മുന്‍പ് ഞാന്‍ പകര്‍ത്തി സൂക്ഷിച്ചതാ ഇതൊക്കെ.!!
ഇനി എപ്പോഴൊക്കെ കാണണമെന്ന് തോന്നിയാലും ..എനിക്ക്.................."

കണ്ണുകള്‍ ഈറനണിഞ്ഞില്ല., ......വാക്കുകള്‍ ഇടറിയില്ല....,
പക്ഷെ പറഞ്ഞു വന്നത് പൂര്‍ത്തിയാക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞുമില്ല.
തിരയടങ്ങാത്ത ഒരു സങ്കടക്കടല്‍ ആര്‍ത്തിരംബുകയാവാം ആ നെഞ്ചിനുള്ളില്‍.
"ഞാന്‍ ...ഞാനിപ്പോ എന്താ പറയുക..? "
കൈവിരലുകള്‍ ചേര്‍ത്ത് പിടിച്ചു ഞാന്‍ ചോദിച്ചു.
"ഏയ്‌ സാരമില്ലെന്നേ. ...."
എന്റെ ചുമലില്‍ തട്ടി ,അത് പറഞ്ഞു തിരികെ നടക്കുമ്പോള്‍ അയാള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
................................................
ഓര്‍മ്മകള്‍ക്ക് നിറം മങ്ങിയ നനുത്ത, ചില്ല്ജാലകത്തിനപ്പുറം ഒരിക്കലും മായാത്ത വിരഹ നൊമ്പരങ്ങളുടെ ഭാരങ്ങളും പേറി നടന്നു മറയുന്ന ആ സുഹൃത്തിനെ ഓര്‍മ്മിക്കുമ്പോള്‍
ഉള്ളിലെവിടെയോ നോവ്‌ പടരുന്നത്‌ ഇന്നും ഞാനറിയുന്നു.
................................................
ദൂരെ, സന്ധ്യാ വര്ണ്ണങ്ങള്‍ ചായം പടര്‍ത്തിയ കുഞ്ഞോളങ്ങള്‍ക്ക് മേലെ തീരത്തോട് യാത്ര പറഞ്ഞകലുന്ന സഞ്ചാരക്കപ്പലിന്റെ യാത്രാമൊഴി കേള്‍ക്കുന്നുണ്ടോ ?
അതോ,......
വര്‍ണ്ണങ്ങളും, തീരത്തിന്റെ ആഹ്ലാദാരവങ്ങളും വിട്ടൊഴിഞ്ഞു തനിയെ പറന്നകലുന്ന ഒരു കടല്‍ പക്ഷിയുടെ വിരഹ നൊമ്പരങ്ങളുടെ പതിഞ്ഞ തേങ്ങലോ..?
................................................................................................................................

( ഒന്ന് രണ്ടു സുഹൃത്തുക്കളെ ഞാന്‍ ഈ ക്ലിപിങ്ങ്സ് കാണിച്ചിരുന്നു . ആ ഓര്‍മ്മകള്‍ ഇന്നും നൊമ്പരപ്പെടുത്തുന്നു എന്ന് പിന്നീടു പറയാനിടയായ  അവരില്‍ ചിലരെയും ഞാനിവിടെ  ഓര്‍മ്മിക്കട്ടെ,  )
Mr . Alex Jojo  (Professional Photographer-Ernakulam)
Mr.Sam Baby ( jermis )   (Professional Photographer-Ernakulam)
Mr.Lal Thipparambil (Lalettan) - Video Editor -Fuji Color World -Ernakulam