ഈ ബ്ലോഗ് തിരയൂ

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ചാറ്റല്‍മഴത്തുള്ളികള്‍... (ഓര്‍മ്മ)

 അന്ന്....

 വര്‍ഷ മേഘങ്ങള്‍ അതുവഴി വിരുന്നു വന്നില്ല .....
 തണുത്ത കാറ്റ് വീശിയില്ല ....
 ചുവന്ന വാക പൂക്കള്‍  ആ മിറ്റത്ത്‌ പെയ്തിറങ്ങിയുമില്ല.....

" ഒരു ചാറ്റല്‍ മഴയെങ്ങാന്‍ പെയ്തിരുന്നെങ്ങില്‍......"

 എന്നിട്ടും ആ കുട്ടി വെറുതെ ആഗ്രഹിച്ചു.

പള്ളികൂട മുറ്റത്ത്‌ തീ പൊള്ളുന്നത്ര വെയില്‍.
ക്ലാസ് റൂമിനുള്ളില്‍ ഹിന്ദി പാഠങ്ങള്‍ ചൊല്ലികൊടുക്കുന്ന ആനി ടീച്ചറുടെ ശബ്ദം.
ആനി  ടീച്ചറുടെ പിരീഡ്  മാത്രം ആ വികൃതി ചെറുക്കന് ക്ലാസ്സില്‍ കയറാന്‍ അനുവാദമില്ല .

പൊതുവേ ഏതു വിഷയത്തിനും പഠിക്കാന്‍ മഹാ മോശമാണ് ആ കുട്ടി.
പ്രത്യേകിച്ചും രാഷ്ട്ര ഭാഷയുടെ കാര്യത്തില്‍..
അതും പോരാഞ്ഞു ഗാന്ധിയുടെ പാഠത്തില്‍ നിന്നും ഒരു മുഴുനീളന്‍ എസ്സേ പത്തു തവണ
എഴുതി വരാന്‍ കല്പന കിട്ടിയിരിക്കുന്നു ടീച്ചറുടെ വക.
എല്ലാ കുട്ടികളും എഴുതികാണിച്ചിട്ടും അവന്‍ മാത്രം എഴുതിയില്ല .
രാഷ്ട്ര ഭാഷ ആയാലെന്ത്, രാഷ്ട്ര പിതാവിന്‍റെ ജീവ ചരിത്രമായാലെന്ത്,
ഇഷ്ട്ടമില്ലാതെ അടിച്ചേല്‍പ്പിക്കപ്പെടുന്ന അറിവുകളോട് അവനു വിയോജിപ്പായിരുന്നു.

നാളുകള്‍ കടന്നു പോയ്കൊണ്ടേയിരുന്നു..........

ഒന്നും ഒറ്റയുമായി വഴിയെ കടന്നുപോകുന്ന മറ്റു അദ്ധ്യാപകര്‍,
അവനെ കളിയാക്കി കടന്നു പോകുമായിരുന്നു.

"ഒന്നുമില്ലേലും ഒരു ക്ലാസ്സ്‌ ലീഡറല്ലേടോ  താന്‍..?...
നാണമാവില്ലേ ......?
അതെങ്ങിനാ.. എന്ത് പറഞ്ഞാലും ഇങ്ങിനെ ഇളിച്ചോണ്ട്‌ നിന്നോളും...."

അവരും കടന്നുപോയി.

പിന്നെപിന്നെ പതിയെ ഹിന്ദി പിരീഡ്, വാതിലിനു പുറത്തുള്ള നില്‍പ്പ് അവസാനിപ്പിച്ചു-
സ്കൂള്‍ മതില് ചാടിക്കടന്നു വെളിയില്‍ കറങ്ങി നടപ്പ് ശീലമാക്കി, ആ കുട്ടി.

ടീച്ചറുടെ ക്ലാസ്സ്‌ കഴിയുന്നതുവരെ അവിടവിടെ ചുറ്റികറങ്ങി നടക്കും.
ശേഷം വരുന്ന പിരീഡിലെ അദ്ധ്യാപകനെ എന്തേലും കള്ളത്തരം പറഞ്ഞു പാട്ടിലാക്കി
വീണ്ടും ക്ലാസ്സില്‍ കയറിക്കൂടും
അതായി പുതിയ പതിവ്.
.....................................................................................................................................................
കൂടെ പഠിച്ച കുട്ടികളോട് ചോദിച്ചാല്‍  ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടാവും
ആ വികൃതി ചെറുക്കനെ...........
അത്....
അതീ ഞാന്‍ തന്നെയായിരുന്നു.....!!

പിന്നെയുമൊരു  ദിവസം...

ടീച്ചറുടെ ക്ലാസ് തുടങ്ങുന്നതിനു തൊട്ടു മുന്‍പ്.....
പതിവുപോലെ വെളിയില്‍ ചാടാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു ഞാന്‍.
കൂട്ടുകാരില്‍ ചിലര്‍ക്ക് ഒരു കുസൃതി തോന്നി.
അവര്‍ എന്നെ വിടാതെ വട്ടം പിടിച്ചു നിറുത്തി.
ചുമ്മാ വിരട്ടാന്‍ വേണ്ടി ചെയ്തതാണ്.
പെട്ടെന്ന് വാതിലിനു പുറത്തു ടീച്ചറുടെ കാല്‍പെരുമാറ്റം കേട്ടു.
എല്ലാവരുടെയും മുഖം പെട്ടെന്ന് മ്ലാനമായി.
ആ മുഖങ്ങളില്‍ ആകെ അമ്പരപ്പ് പടര്‍ന്നു.

ഇനി പുറത്തു കടക്കാന്‍ വേറെ പഴുതുകളില്ല...!!

അടുത്ത നിമിഷം..
ടീച്ചര്‍ ക്ലാസ്സിലേക്ക് കയറിയതും,
ഞാന്‍ പെട്ടെന്ന് ക്ലാസ്സിലെ ബഞ്ചുകള്‍ക്കടിയിലേക്ക്
പതുങ്ങിക്കിടന്നതും ഒരുമിച്ചായിരുന്നു !!
ചുറ്റിനും ഇരുന്ന ആണ്‍കുട്ടികളോട്
മിണ്ടരുതെന്ന് താക്കീത്  ചെയ്തു ഞാനവിടെ കമിഴ്ന്നു കിടന്നു.

ചിലര്‍ ചിരിയടക്കാന്‍ പാടുപെടുന്നത് കേള്‍ക്കാം.
പാഠം ചൊല്ലികൊടുക്കുന്നതിനിടെ ടീച്ചറുടെ കാല്‍പാദങ്ങള്‍
എനിക്കരിലൂടെ കടന്നു പോകുന്നത് എനിക്ക് കാണാം.
ഇടയ്ക്കെപ്പോഴോ പേടിച്ചു പേടിച്ചു തലയുയര്‍ത്തി നോക്കിയപ്പോള്‍......

പെണ്‍കുട്ടികളുടെ നിരയില്‍ ഒരുവള്‍ ....
( ക്രിസ്ടബെല്‍ മനോഹര്‍ - അതാണവളുടെ പേര് )
ഒന്ന് കണ്‍പാളി  നോക്കിയ നോട്ടത്തില്‍ എന്നെ കണ്ടു.
അവള്‍ അമ്പരന്നു.
ഞാന്‍ കണ്ണിറുക്കി ...
മിണ്ടിയാല്‍ നിന്‍റെ അന്ത്യമാണെടീ എന്ന് ആങ്ങ്യം കാട്ടി.
അവള്‍ക്കു ചിരി വന്നു.

പണ്ടെങ്ങോ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോ കഴുത്തിന്‌ പിടിച്ച ഓര്‍മ്മ കൊണ്ടാവാം.
പാവം, അവള്‍ മിണ്ടിയില്ല !!!
അങ്ങിനെ അന്നത്തെ പിരീഡും ഞാന്‍ കഷ്ട്ടി രക്ഷപെട്ടു.

കുസൃതിത്തരങ്ങളുടെ ഉഴപ്പന്‍ നാളുകള്‍ പിന്നെയും കടന്നുപോയി.

മറ്റൊരു ദിവസം ലഞ്ച് ബ്രേക്ക്  ടൈമില്‍ പുറത്തേക്കിറങ്ങുന്നതിനിടെ,
കെമിസ്ട്രി അദ്ധ്യാപിക മേരി ടീച്ചര്‍ ഓടി വന്നു ബലമായി പിടിച്ചു നിറുത്തി .
എനിക്ക് കാര്യം പിടികിട്ടി.
(ആനി ടീച്ചറുടെ കൊട്ടേഷനാ...,
എന്നെ ജീവനോടെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തുകാണും ആ കിഴവി. )

ഏതായാലും ഇത്തവണ പിടിക്കപ്പെട്ടു !!
അത് മനസ്സിലുറപ്പിച്ചു.

പോകും വഴി, കണ്ട എല്ലാ അധ്യാപകരോടും തന്‍റെ വിജയഗാഥ പറഞ്ഞറിയിച്ച്
മേരി ടീച്ചറങ്ങനെ ഗമയില്‍ നടന്നു.
പിന്നാലെ ഞാനും.

സ്റ്റാഫ്‌ റൂമിന്‍റെ വാതില്‍ക്കല്‍ എന്നെ കണ്ടതും ,
കാര്യ കാരണങ്ങളൊന്നും ചോദിച്ചില്ല .
സാമാന്ന്യം തരക്കേടില്ലാത്ത ഒരു വടി ചതഞ്ഞില്ലാതാകും വരെ ,
നീട്ടിപിടിച്ച എന്‍റെ കൈവെള്ളയില്‍ തല്ലിത്തീര്‍ത്തു, ഹിന്ദി ടീച്ചര്‍ തിരിച്ചു നടന്നു.

സീറ്റില്‍ ചെന്നിരിക്കുമ്പോള്‍ ടീച്ചറെന്തിനാവും  പൊട്ടിക്കരഞ്ഞത്...?
എനിക്ക് മനസ്സിലായില്ല.
എല്ലാവരും മൌനം.

"പാവം. ഊണ് കഴിക്കാന്‍ പോവുന്നിടത്തൂന്നു പിടിച്ചോണ്ട് വരുവാരുന്നു
 ഞാനവനെ. "

മേരി ടീച്ചറുടെ കുറ്റസമ്മതം.

എന്നോട് എന്നും വാല്‍സല്ല്യത്തോടെ മാത്രം സംസ്സാരിക്കാറുള്ള മലയാളം അദ്ധ്യാപിക
അടുത്ത് വന്നു പറഞ്ഞപ്പോള്‍.........!!
...
അപ്പോള്‍ മാത്രമാണ്....
കൈവെള്ളയിലല്ല...നീറ്റല്‍ വീണു വിങ്ങിയത് മനസ്സിന്‍റെ ആഴങ്ങളിലായിരുന്നു.

തന്‍റെ നീണ്ട അദ്ധ്യയന കാലഘട്ടത്തിനിടയില്‍ ഇക്കാലമത്രയും ഒരു
വിദ്ധ്യാര്‍ത്ഥിയെയും ഒന്ന് നുള്ളി പോലും വേദനിപ്പിചിട്ടില്ലത്രേ
ആ പാവം ടീച്ചര്‍.
ഇതാദ്യമായാ....
പാവം, അവര്‌ എന്തുമാത്രം വേദനിച്ചു കാണും....

ടീചേഴ്സില്‍ പലരുടെയും കണ്ണുകള്‍ കലങ്ങി.
ഒന്നും മിണ്ടാതെ,  ഞാനിറങ്ങി നടന്നു.

നീട്ടിപിടിച്ച കൈവെള്ളയില്‍ വീണു വിങ്ങുന്ന
വേനല്‍ വെയിലിന്‍റെ വെള്ളി വെളിച്ചം നോക്കി ഞാന്‍ ആ മുറ്റത്ത്‌ നിന്നു.

ചാറ്റല്‍ മഴ തുള്ളികള്‍ പെയ്തിറങ്ങുമോ......?
ചുവന്ന വാക പൂക്കളും...ഇളംകാറ്റും..........?

വെറുതെ ആഗ്രഹിച്ചു....
തെളിഞ്ഞ വാനില്‍ മിഴി പായിച്ച് വെറുതേ  അങ്ങിനെ നിന്നു.
..................................................................................................................................
കാലം..... !
എത്രയോ വേനലും, ഗ്രീഷ്മവും  കടന്നുപോയിരിക്കുന്നു...
എത്രയോ വര്‍ഷമേഘങ്ങളും, ചാറ്റല്‍ മഴത്തുള്ളികളും  പെയ്തു മാഞ്ഞിരിക്കുന്നു.....

വര്‍ഷങ്ങള്‍ എത്രയോ പിന്നെയും കടന്നു പോയിരിക്കുന്നു...
മനസ്സിന്‍റെ മുറിവുകള്‍ മായിക്കുന്ന കാലത്തിന്‍റെ
വികൃതിയാവാം......

അഭിമാനത്തോടെ പറയട്ടെ....
ഞാനിന്ന്...............
രാഷ്ട്രഭാഷ സംസാരിക്കുന്ന നാട്ടില്‍....
ഉത്തരേന്ത്യയില്‍............
അതും, രാഷ്ട്ര പിതാവിന്‍റെ കാല്‍ച്ചുവടുകള്‍ പതിഞ്ഞ
ഈ മണ്ണില്‍......
ഗുജറാത്തിന്‍റെ തലസ്ഥാന നഗരിയില്‍............

കാലം, എന്നെ ഇവിടെ കൊണ്ട് നിറുത്തിയിരിക്കുന്നു..!!

അതുകൊണ്ട് തന്നെയാവാം.
പള്ളിക്കൂട  മുറ്റത്തെ ആ പഴയ ഓര്‍മ്മകള്‍ ...
തിരിച്ചറിവുകള്‍....
ഈ നാളുകളില്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു..........
..............................................................................................................................................

ഇത്തവണത്തെ പൊന്നോണക്കാലം...

നാട്ടില്‍ പോവാനൊത്തില്ല.
പട്ടണത്തിലെ തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ്‌,
എവിടേലും ഒരിടത്ത് തനിയെ ഇരിക്കണം.

ഇത്തിരിയോളം പച്ചപ്പുകളും,ശുദ്ധവായുവുമുള്ള ,
എവിടെയെങ്കിലും ഒരിടം....

എനിക്ക് തെറ്റിയില്ല.....

ഇവിടെ .....,
സബര്‍മതീ നദിയുടെ കരയില്‍.....
രാഷ്ട്ര പിതാവിന്‍റെ ധ്യാനവും, സ്വപ്നങ്ങളും,..
പാദസ്പന്ദനങ്ങളും  ഉറങ്ങിക്കിടക്കുന്ന
ഈ ആശ്രമ മുറ്റത്ത്‌.......
സബര്‍മതിയിലെ തണല്‍ മരങ്ങളുടെ ചുവട്ടില്‍........

അവിടെ മൌനമായിരിക്കുമ്പോള്‍....
ഞാനാ പഴയ ഗുരുനാഥയെ ഓര്‍മ്മിച്ചു.

കൈവെള്ള നിവിര്‍ത്തി വെറുതേ നോക്കിയിരുന്നു.

ടീച്ചര്‍.!! .ഇപ്പൊ എവിടെയായിരിക്കും....?
എന്നെ ഓര്‍മ്മിക്കുന്നുണ്ടാവുമോ....?
ഇപ്പോഴും പിണക്കമായിരിക്കുമോ ആ പഴയ വികൃതിക്കുട്ടിയോട്....?

പഴമയുടെ സുഖമുള്ള ഒരു കുഞ്ഞുകാറ്റ് ,
എന്‍റെ കൈവെള്ള തഴുകി കടന്നുപോയി........!!

ഒരേയൊരു ഉത്തരം....
കാറ്റിന്‍റെ നനുത്ത സ്പന്ദനങ്ങളോട് .........

" ഇല്ല, ടീച്ചര്‍, ...അന്ന്........അന്നെനിക്ക് വേദനിച്ചില്ല .....!!...."

തെളിഞ്ഞ വെള്ളിവെയില്‍ വീണു തിളങ്ങിയ ആ ആശ്രമമുറ്റത്ത്‌,
എന്തിനെന്നറിയില്ല ,
എങ്ങുനിന്നോ ചാറ്റല്‍മഴ കണങ്ങള്‍ ചാറി വീണു.
നിമിഷങ്ങളോളം.........

നനുത്ത നീര്‍മുത്തുക്കള്‍ക്കിടയില്‍, ഈ കൈവെള്ളയില്‍
വീണു പടര്‍ന്ന ഒരു തുള്ളി കണ്ണീരിന്‍റെ നനവ്‌ ഞാനും തിരിച്ചറിഞ്ഞു.

അതെ,
തിരിച്ചറിവിന്‍റെ.....
കുറ്റ ബോധത്തിന്റെ ........
ഒരേയൊരു കണ്ണുനീര്‍ത്തുള്ളി..!!

എന്നും, എന്‍റെ പ്രിയപ്പെട്ട ഗുരുനാഥയ്ക്ക്,
                                                
                                                 സ്നേഹപൂര്‍വ്വം..



















5 അഭിപ്രായങ്ങൾ:

  1. Da varki,Anni teacher intha classill ninne ellavarum kudi benjitha adiyill ittu chavitti kuttiya kada nee i kollathill akki alle miduka.anyway it is touching
    Ben-hur

    മറുപടിഇല്ലാതാക്കൂ
  2. ബെന്‍,...മറന്നിട്ടില്ലല്ലേ കഥകളൊന്നും..?
    പഴയ കൂട്ടുകാരുടെ കമന്‍റ് കേള്‍ക്കാന്‍ വേണ്ടി തന്നെയാ
    എഴുതിയത്.
    ഓര്‍മ്മിക്കാന്‍ രസ്സമുള്ള ഒരു കാലം. അല്ലേ..?
    However, Thanks for u'r comments.

    മറുപടിഇല്ലാതാക്കൂ
  3. nice reading, though i hate sentimentality...
    your peice took me to my own school days. there is a sweet fragrance to your writing. control the tendency to sentimentalise and see how it will improve the impact of your writing.
    best wishes.

    മറുപടിഇല്ലാതാക്കൂ
  4. അസ്സലായി എഴുത്ത്.. സ്കൂൾ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ കുട്ടിയേയും ടീച്ചറെയും കണ്മുന്നിൽ കണ്ടത് പോലെ തോന്നി..

    മറുപടിഇല്ലാതാക്കൂ