ഈ ബ്ലോഗ് തിരയൂ

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

നിദ്ര . - ഒരു ഗാനം. (ഓര്‍മ്മ)

23 - ഏപ്രില്‍ -2007 . - രാത്രി.
എറണാകുളം - ലൂര്‍ദ് ഹോസ്പിറ്റല്‍ .

മരുന്നിന്‍റെയും ,സ്പിരിറ്റിന്‍റെയും ഗന്ധം തങ്ങിനിന്ന,
ആ ഇടനാഴി ശൂന്യമായിരുന്നു.
കാര്‍ഡിയോ ICU നു മുന്‍വശത്തെ
കാത്തു നില്‍പ്പിന്‍റെ .....,
നൊമ്പരങ്ങളുടെ......,
ദീര്‍ഘനിശ്വാസം പോലും കേള്‍ക്കാനില്ല
അത്ര നിശബ്ദത.
......................
ഏറെ നേരം കഴിഞ്ഞില്ല .
അരണ്ട വെളിച്ചമുള്ള ആ നനുത്ത ഇടനാഴിയുടെ
അങ്ങേ തലയ്ക്കല്‍ ഒരു നിലവിളി കേട്ടു.
 

ചങ്ക് പൊട്ടിക്കരയുന്ന ഒരു സ്ത്രീയുടെ ശബ്ദം!
bystander's റൂമിനടുത്താണ്.ശബ്ദം കേട്ടത് .
അങ്ങോട്ട്‌ ചെല്ലുമ്പോള്‍ ,
കാര്‍ഡിയോ പേഷ്യന്റ് ആണെന്ന് തോന്നുന്നു.
ഒരു കാരണവരെ stetcher'ല്‍  ICU ലേക്ക് കൊണ്ട് പോകുന്നത് കണ്ടു.
അയാളുടെ ഭാര്യയാവും, പ്രായം ചെന്ന ആ സ്ത്രീ.
മിറ്റത്ത്‌ നിന്നു പൊട്ടിക്കരയുന്ന അവരെ bystander's റൂമില്‍ നിന്നിറങ്ങി വന്ന 

മറ്റു സ്ത്രീകള്‍ വന്നു കൂട്ടികൊണ്ട് പോയി.
കണ്ണീരും, അലമുറയും അടങ്ങാതെ നിന്ന ആ സ്ത്രീയെ ആശ്വസിപ്പിക്കാന്‍
മറ്റുള്ളവര്‍ നന്നേ പ്രയാസ്സപ്പെടുന്നത് കണ്ടു.
പ്രായമേറെ ചെന്ന ഒരമ്മയുടെ കണ്ണീരല്ലേ
എങ്ങിനെയാ കണ്ടുനില്‍ക്കാ

ഞാന്‍ അവര്‍ക്ക് ചാരെ ചെന്നു.
തോളില്‍ കൈവച്ചു പറഞ്ഞു.

" ഇവിടെവരെ കൊണ്ടെത്തിക്കാനായില്ലേ..?
  ഇനി പ്രാര്‍ഥിക്കാം.അത്രെല്ലേ നമുക്ക് ചെയ്യാവൂ.
  കരയണ്ട .
  ദാ ഇവിടെ ഈ നില്‍ക്കുന്ന എല്ലാരും ഒരേ സങ്കടം അനുഭവിക്കുന്നവരാ .
  എല്ലാരുടേം, ബന്ധുമിത്രാധികള്‍ ഉണ്ട്, അഡ്മിറ്റ്‌ ചെയ്യപ്പെട്ടവരുടെ   കൂട്ടത്തില്‍.
  വിഷമിക്കാതിരിക്കൂ ,അരുതാത്തതൊന്നും സംഭവിക്കില്ല."

അവര്‍ കണ്ണീരടക്കാന്‍ പ്രയാസ്സപെടുന്നത് കണ്ടു.
നിശബ്ദതയുടെ ചെറിയൊരു ഇടവേള കൂടി .

ആ ശൂന്യതയില്‍ കേള്‍ക്കാം..
മനസ്സിന് ആശ്വാസമേകുന്ന ഒരു ഗാനം!!
രോഗികള്‍ ഉറങ്ങുന്നതിനു മുന്‍പ് ആ ആശുപത്രിയില്‍
പതിവായി കേള്‍പ്പിക്കുന്ന ഗാനമാവാം.
  
    "ഞാനുറങ്ങാന്‍ പോകും മുന്‍പേ ...
     നിനക്കേകുന്നിതാ നന്ദി നന്നായ്.
     ഇന്നു നീ കാരുണ്യപൂര്‍വ്വം
     തന്ന നന്മകള്‍കൊക്കെയ്ക്കുമായി.........

ജോബ് ‌മാസ്റ്ററുടെ പ്രശസ്തമായ ആ ഈണവും
അര്‍ത്ഥവത്തായ വരികളും ധ്യാനിച്ച്‌
അവിടം ഒന്നാകെ മൌനമായി നിന്നു.

"റോസ്സി ജോസ്സിന്‍റെ  bystander  ആരാ..? "
ഒരു നേഴ്സ് വന്നു ചോദിച്ചു .
ഞാന്‍ അരികില്‍ ചെന്നു.

വാതിലിനരികില്‍ Dr. ജോര്‍ജ് തയ്യില്‍ ( cardiologist ),ഉം , ജൂനിയര്‍  ഡോക്ടര്‍ ഉം
നിന്നിരുന്നു.

"അറിയാല്ലോ ,ആവുന്നത്ര ട്രൈ ചെയ്തു.
  പത്തു മിനിറ്റ് മുന്‍പ്. ഹേര്‍ട്ട് ബീറ്റ്സ് നിലച്ചു.
  പേസ്‌ മേക്കേര്‍ കൊടുത്തു നോക്കി.
  but,.....
  sorry Mr.Varghese ...
  നിങ്ങളുടെ അമ്മ മരിച്ചു. !!

ഒരു ഞെട്ടല്‍ പോലുമുണ്ടായില്ല .
അത് കേള്‍ക്കുമ്പോള്‍.
ഒരു മരവിപ്പ് മനസ്സിലാകെ പടരുന്നത്‌ അറിഞ്ഞു.
ഞാന്‍ തിരിഞ്ഞു ,എനിക്കരികില്‍ നില്‍ക്കുന്ന
ആ അമ്മയെ നോക്കി.
അവര്‍ ഭീതിയോടെ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഡോക്ടര്‍ എന്നോടെന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന്!!
ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ഞാന്‍ നിന്നു.

വീണ്ടുമൊരിക്കല്‍ ആ ഗാനത്തിന്റെ ഈരടികള്‍ക്ക് കാതോര്‍ത്തു.

   " ഞാനുറങ്ങാന്‍ പോകും മുന്‍പേ ...
     നിനക്കേകുന്നിതാ നന്ദി നന്നായ്.
     ഇന്നു നീ കാരുണ്യപൂര്‍വ്വം
     തന്ന നന്മകള്‍കൊക്കെയ്ക്കുമായി.........

അത് മനസ്സിന് ഏറെ ആശ്വാസം പകര്‍ന്നു.
നന്ദിയുള്ള വാക്കുകളോടെയാണ് അമ്മച്ചി കടന്നുപോയത്.
നീണ്ട ഒരുറക്കത്തിനു മുന്‍പ് ,
നല്‍കപ്പെട്ട എല്ലാ നന്മകള്‍ക്കും പരമപിതാവിന് നന്ദിയോടെ....

അതെ ..ഒരു നല്ല മരണം.

രണ്ടു നാള്‍ മുന്‍പ്,
ആശുപത്രി കിടക്കയില്‍ വച്ചു.
കൈ തടവികൊടുക്കുമ്പോള്‍
അമ്മ പറഞ്ഞു.

"വേദനിക്കുന്നു.."
ഞാന്‍ കളിയാക്കി.

"ഇച്ചിരി വേദനിക്കട്ടെ....കുഞ്ഞുംനാളില്‍  എന്നെ കൊറേ തല്ലിയിട്ടുല്ലതല്ലേ...?
നാട് മുഴുവന്‍ ഓടിച്ചിട്ട്‌..!!! .."

അമ്മ ചിരിച്ചു.
എന്നിട്ട് പറഞ്ഞു.

"അന്ന് തല്ലിയതിന്റെയാ ..നാളിതുവരെ നിന്നെ കുറിച്ച് നല്ലതേ കേട്ടിട്ടുള്ളൂ ഞാന്‍.
എനിക്കത് മതി."

ജീവിതാവസാനം അമ്മ എന്നെ കുറിച്ച് നല്ലതേ പറഞ്ഞുള്ളൂ
പിന്നെന്തിനാ ഞാനും കരയുന്നെ..?

പിന്നെ പറഞ്ഞു,

"എനിക്കിപ്പോ അത്ര കുഴപ്പമൊന്നും തോന്നുന്നില്ല    ... ലീവ് കൂട്ടണ്ട
 നാളെത്തന്നെ ബംഗ്ലൂരേക്ക് പൊയ്ക്കോള്ളൂ..."  എന്ന്.

യാത്ര പറഞ്ഞു ഇറങ്ങുമ്പോ എന്നെ തിരികെ വിളിച്ചു
 കവിളില്‍ ഉമ്മവച്ചു. അപ്പൊ അമ്മയുടെ കണ്ണു നിറഞ്ഞു.

ഓര്‍മ്മവച്ചതിനു ശേഷം അമ്മ എനിക്ക് തന്ന ആദ്യത്തെ ചുംബനം.
" അവസാനത്തേതും..!! "

ഫാര്‍മസിയില്‍ നിന്നു അമ്മയ്ക്കുള്ള മരുന്നുകളുമായി എന്‍റെ ഭാര്യ അരികില്‍ വന്നു.
എന്‍റെ ഒന്നുരണ്ടു  സുഹൃത്തുക്കളും.
ഞാന്‍ പറഞ്ഞു.

"അമ്മച്ചി പോയി..! "

നിശബ്ദമായി നില്‍ക്കവേ
പ്രിയപ്പെട്ട ഒരു സുഹൃത്ത്‌.
റെജികുമാര്‍' എനിക്കരികില്‍ വന്നു.
മൌനമായിതന്നെ അയാളുടെ കൈ എന്‍റെ തോളില്‍ അമര്‍ത്തി.
അയാളുടെ മനസ്സ്  എന്താണ് മന്ത്രിക്കുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം.
"അമ്മ" എന്ന വാക്കിനോട് എന്നേക്കാള്‍ ബഹുമാനമാണ് അയാള്‍ക്ക്‌.

വീണ്ടും ICU' വില്‍ നിന്നും ഒരു നേഴ്സ്
ഒന്ന് രണ്ടു സര്‍ട്ടിഫികേറ്റ് കടലാസ്സുകളുമായി വന്നു.
മരണ രേജിസ്ടരഷന്  ഉള്ള കടലാസ്സുകള്‍..

അതിലൊന്ന് എനിക്ക് തന്നു.
അടുത്ത കടലാസ്സ്.......
എനിക്കരികില്‍ നിന്ന ആ സ്ത്രീയ്ക്കും..!!!!

ശേഷം അവിടെ എന്ത് നടന്നെന്നു നോക്കാന്‍ നില്‍കാതെ ഞാന്‍ നടന്നു.
ഇടനാഴിയുടെ അങ്ങേ തലയ്ക്കലെ നിശബ്ദമായ ഇരുട്ടിലേക്ക്.........

നിശബ്ദതയുടെ  നിമിഷാര്‍ദ്ധങ്ങള്‍
ആത്മാവ്കൊണ്ട് ഹൃദയത്തോട് ചൊല്ലുന്നു...

ഒരു ഗാനത്തിന്റെ വരികള്‍...
ഒരേ ഈണം.
സമാധാനത്തില്‍ വിശ്രമിക്കുന്നവര്‍ക്ക് വേണ്ടി ...

" രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു...
  അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്‍പോട്ടോടുന്നു..............."



 

2 അഭിപ്രായങ്ങൾ: