ഈ ബ്ലോഗ് തിരയൂ

2010, ജൂലൈ 28, ബുധനാഴ്‌ച

കാട്.ഒരു മടക്കയാത്ര.......( യാത്ര/ അനുഭവം.)

Then no harm will befall you;  no disaster will come near your tent".
                                                         

-Psalms - 91 :10 /The Holy Bible


സെറിന്‍ സേവ്യര്‍ , ...( എന്‍റെ പ്രിയ സുഹൃത്ത്‌.)......


ഓര്‍ക്കുന്നുണ്ടോ അന്നത്തെ ആ യാത്ര..?
നെല്ലിയാമ്പതി വേല കഴിഞ്ഞു,
മഞ്ഞും മലമടക്കുകളും താണ്ടി ,
കാട്ടു വഴികളിലൂടെ ഒരു മടക്ക യാത്ര..?
.................................................................................................................
സന്ധ്യയോടടുത്ത സമയം.
താഴ്വരകളിലെ തേയില കൊളുന്തുകളില്‍,
തണുപ്പിന്‍റെ നീര്‍ മുത്തുക്കള്‍ പടര്‍ന്നു തുടങ്ങുന്നു.
ഒരു കിഴവന്‍ K.S.R.T.C  കിതപ്പണയാതെ വന്നു നിന്നു.
നെന്മാറ'യ്ക്കുള്ള ലാസ്റ്റ്  ബസ്സാണ്.
അധികവും തമിള്‍ വംശജരാണ് ബസ്സിനുള്ളില്‍.
എസ്റ്റേറ്റ്‌ ജീവനക്കാരാവാം.
അവരും, കുഞ്ഞുകുട്ടി പരാതീനങ്ങളും. ....
ഞാനും, സെറിനും ബസ്സിനുള്ളില്‍ കയറിക്കൂടി.
ഞങ്ങളെ യാത്രയാക്കി രതീഷേട്ടന്‍  ‍'
(എന്‍റെ എഡിറ്റിംഗ് മാസ്റ്റര്‍ ,പിന്നെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍)
തിരികെ നടക്കുന്നത് കണ്ടു.


പിന്നെ കാഴ്ചകള്‍......


ബസ്സിന്‍റെ പിന്‍വശത്തെ ചില്ല് ,ഒരു നല്ല പെയിന്‍റിംഗ് കാന്‍വാസ് പോലെ മനോഹരമായി കാണപ്പെട്ടു.
(അത് K.S.R.T.C  യുടെ ഗുണവതികാരം കൊണ്ടല്ലട്ടോ )
അതിനു പിന്നില്‍ മരവിച്ചു നിന്ന ദൃശ്യഭംഗി അത്രക്കും മനോഹരമായിരുന്നു.!!
മലമടക്കുകള്‍ക്ക് കീഴെ,പച്ച പുതച്ച താഴ്വരയിലെ തേയിലത്തോട്ടങ്ങള്‍....
ഒറ്റപ്പെട്ട Quarters കള്‍ ......
മരങ്ങള്‍........,
ഓറഞ്ചും, യൂക്കാലിയും, പേരയുമൊക്കെ......
തണുപ്പുമറയിലൂടെ ചെങ്കുത്തായി താഴേക്കിറങ്ങുന്ന, വിജനമായ കാട്ടുവഴി !
dangerous hairpin bend..!
ചുരമിറങ്ങി വീശുന്ന കൊടക്കാറ്റില്‍ താഴ്വരയൊന്നാകെ മാഞ്ഞില്ലാതാകുന്നത് കാണാം.
റോഡിന്‍റെ ഒരു വശം അഗാധമായ ഗര്‍ത്തമാണ്.
പഞ്ഞിക്കെട്ടുകള്‍ പോലെ പാറി നടക്കുന്ന മേഘകീറുകള്‍ക്കും,
എത്രയോ മേലെയാണ് നാമിപ്പോള്‍...
ഒരു സ്വപ്നത്തിലെന്ന പോലെ ..!
...............................................................................
ധൃതിപിടിച്ചു overtake  ചെയ്തു കടന്നുവന്ന
ഒരു ജീപ്പ് യാത്രക്കാര്‍ ഡ്രൈവറോട് എന്തോ വിളിച്ചു പറഞ്ഞു.
കിഴവന്‍ വണ്ടി ഒന്ന് സ്ലോ ആയി,റോഡിന്‍റെ മറുവശത്തെ ചെങ്കുത്തായ കയറ്റതോട്  ചേര്‍ന്ന്നിന്നു.
ചിലരൊക്കെ താഴെയിറങ്ങി കാര്യം തിരക്കി.


"വണ്ടിയുടെ ഒരു വശം ടയറു പഞ്ചറാണത്രേ..! , ആ ജീപ്പുകാര് കണ്ടത് ഭാഗ്യായി.
ഇല്ലേല് പിടിച്ചാ കിട്ടില്ല. താഴേക്ക്‌ മറിഞ്ഞാല് പിന്നെ നോക്കണ്ട ഒരെണ്ണതിനേം...."


"ഇനിയിപ്പോ എന്താ പരിപാടി..? "
- ആരോ തിരക്കി.


"ഡിപ്പോയില്‍ന്നു വണ്ടി വരണം.."
"ഡിപ്പോ പാലക്കാടല്ലേ..? , ഒത്തിരി ദൂരമില്ലേ..? "
അത് വന്നിട്ടിനി എപ്പഴാ..?


"ഓ , അതിനി നാളേക്ക് നോക്കിയാ മതി.
ഈ  രാത്രി ഇനി വണ്ടികളൊന്നും മലകേറില്ല .."
- കണ്ടക്ടര്‍ പറഞ്ഞു നിറുത്തി.


KSRTC  അല്ലേ, ബാക്കി തുകയും മടക്കിക്കിട്ടില്ല .
ചുരുക്കിപ്പറഞ്ഞാല്‍
ക്ഷണനേരം കൊണ്ട് ജനമെല്ലാം പെരുവഴിയില്‍.
പെട്ടെന്നാണ് അത് ശ്രദ്ധിച്ചത് !!
യാത്രക്കാരില്‍ ഒട്ടു ഭൂരിഭാഗം പേരും, കുഞ്ഞുകുട്ടി പരാധീനങ്ങളെയും ചുമലിലേറ്റി,
വന്ന വഴിയെ തിരിച്ചു നടക്കുന്നു.!!


ഒരു മുക്കാല്‍ മണിക്കൂറെങ്കിലും ബസ്സിനു തന്നെ യാത്ര ചെയ്തിട്ടുണ്ട് ഇവിടെ വരെ.
അത്രയും ദൂരം നടന്നു മല കയറുന്നതെങ്ങിനെ..?
കാര്യം തിരക്കി.
"ങാ, നിങ്ങള്‍ക്കീ സ്ഥലം അത്ര പരിച്ചയമില്ലാഞ്ഞിട്ടാ,
ഇത് ഗോവിന്ദമലയാ........
തൊട്ടടുത്ത്‌ കാട്ടിനുള്ളിലെ ഒരു വഴിച്ചാല് ചൂണ്ടി അവരു പറഞ്ഞു.
"നേരം ഇരുട്ടി.അവനിപ്പോ ഇറങ്ങും, " മോഴയാ"
ജീവന്‍ ബാക്കി വയ്ക്കില്ല.!! .."


അധികം  പറഞ്ഞു നില്‍ക്കാതെ അവരു ധ്രുതിയില്‍ നടന്നു മറഞ്ഞു.
കൂട്ടത്തില്‍ ശേഷിച്ചവരില്‍ ഒരാള്‍ പറഞ്ഞു.
"ഇതുവഴിയാ സ്ഥിരം വരവ്.
ഇന്നലെക്കൂടി ഒരു എസ്റ്റേറ്റ്‌ വണ്ടി മറിച്ചു കൊക്കേല്‍ എറിഞ്ഞേ ഉള്ളൂ .
ആ ഡ്രൈവര്‍ തലനാരിഴക്കാ രക്ഷപെട്ടത് !! "
ഞങ്ങളാ വഴിചാലിലേക്ക് നോക്കി .
ഞെരിഞ്ഞമര്‍ന്ന ഈറ്റക്കാടിന്റെ ഭാഗങ്ങള്‍ കാണാം.
ഒറ്റയാന്‍റെ പതിവ് വഴി !!......


മോഴ ..!
ഒറ്റയാനാ.. കൊമ്പനല്ല, എന്നാല്‍ പിടിയുമല്ല.
കാട്ടാനക്കൂട്ടത്തിലെ നപുംസകം' എന്നാണു കേട്ടുകേള്‍വി.
ഇടഞ്ഞ കൊമ്പനെക്കള്‍ ശൌര്യം കൂടുമത്രെ..!
വേറെയാരോ പറയുന്നത് കേട്ടു.


"പതിവായിട്ടൊരു വരയനേം' കാണാറൊണ്ടിവിടെ !! "
(അവര്‍ അടുത്ത നാട്ടുകാരായത് കൊണ്ട് ചെല്ലപ്പേരില്‍ പറഞ്ഞെന്നെ ഉള്ളൂ
"വരയെനെന്നു " ഉദ്ധ്യേശിച്ചത് അസ്സല്‍ "കടുവയെതന്നെ ..! )
ആദ്യമൊക്കെ ഒരു സാഹസിക യാത്രയുടെ ത്രില്‍ ഒക്കെ തോന്നി.
പിന്നെപ്പിന്നെ കാടിന്‍റെ മട്ടും, ഭാവവും മാറി.
കോടയും, ഇരുട്ടും ഒന്നിച്ചിറങ്ങി അവിടം മൂടിക്കെട്ടി.
തമ്മില്‍ കാണാനാവാത്തത്ര ഇരുട്ട്. !!
താഴ്വരകളില്‍, കാട്ടുചീവീടുകളുടെ കാതടപ്പിക്കുന്ന ഭയാനക ശബ്ദം!
(വൃത്തികെട്ട ജന്തുക്കള്‍ !)
തുളച്ചുകയറുന്ന  തണുപ്പ്.


ഒന്നോ രണ്ടോ ജീപ്പുകള്‍ പലപ്പോഴായി മല കയറി വന്നു.
നെന്മാറയില്‍ നിന്നുള്ള ലാസ്റ്റ് ട്രിപ്പ്‌ വണ്ടികളാണ്.
ഞങ്ങള്‍ ചിലര്‍ മുന്നില്‍ ചെന്ന് കാര്യം പറഞ്ഞു.
"തിരിച്ചു മലയിറങ്ങുന്നത്‌ അപകടമാ ...
നോക്കാം,ആളെയിറക്കി തിരിച്ചു വരാം..."
എന്നൊക്കെപ്പറഞ്ഞു അവരു പോയി.


വീണ്ടും അവിടം കൂരിരുട്ടില്‍ തന്നെ.
ഒരു തെരുവ്വിളക്ക് പോലുമില്ല.
കണ്ണെത്താ ദൂരത്തോളം മനുഷ്യവാസവുമില്ല!!
ഒരു വാഹനവും മലയിറങ്ങി വന്നില്ല.
എല്ലാവരുടെയും ദൃഷ്ട്ടികള്‍ ആ കാട്ടുചാലിലേക്കായിരുന്നു.
ഇരുളില്‍ എവിടെയോ ഇലകള്‍ക്ക് അനക്കം തട്ടുന്നത് കണ്ടു.
കാട്ടുച്ചുള്ളികള്‍ ഞെരിഞ്ഞമരുന്ന ശബ്ദത്തിനു കാതോര്‍ത്തു.


ചിലപ്പോള്‍ വെറും തോന്നലാവുമോ....!!
പിന്നെ തിരിച്ചറിഞ്ഞു.
മരവിച്ച കോടക്കാറ്റില്‍ അലിഞ്ഞുചേര്‍ന്ന ആനപ്പിണ്ട'ത്തിന്‍റെ രൂക്ഷഗന്ധം.!!


വീണ്ടും വെളിച്ചം!!
രണ്ടു ജീപ്പുകള്‍ അടുത്തടുത്ത്‌ മലകയറി വന്നു.
നെല്ലിയാമ്പതിക്കാ.........
ഒരു ജീപ്പില്‍ അത്യാവശ്യം സ്ഥലമുണ്ട്.
ഞങ്ങള്‍ കൈകാട്ടി നിറുത്തി കാര്യം പറഞ്ഞു.
ഡ്രൈവര്‍മ്മാര്‍ എതിര്‍ത്തു.


"നിങ്ങളെ കൊണ്ടുവിട്ടാല്‍ പിന്നെ ഞങ്ങള്‍ എങ്ങിനെ തിരിച്ചു മല കയറും..?
കാട്ടുമൃഗങ്ങളുടെ ശല്ല്യമുള്ളതാ. എന്തേലും പിണഞ്ഞാല്‍ ഒരു മനുഷ്യ ജീവിപോലും അറിയില്ല. "


ഞങ്ങള്‍ ഒരു തീരുമാനം പറഞ്ഞു.


"ഓരോരുത്തരും ഇരട്ടി ചാര്‍ജ് തരാം.
നിങ്ങള്ക്ക് അടിവാരത്ത് റൂം എടുത്തു സ്റ്റേ ചെയ്യാമല്ലോ.
നേരം പുലര്‍ന്നാല്‍ തിരിച്ചു പോരുകയുമാവാം. "


അതിലൊരാള്‍ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.
രണ്ടു വണ്ടിയിലുള്ളവരേം കൂടി ഒന്നിലേക്ക് കുത്തി നിറച്ചു, ജീപ്പിലൊരെണ്ണം മലമുകളിലേക്ക്.
ശേഷിച്ച ജീപ്പില്‍ ഒരു തരത്തില്‍ കയറിക്കൂടി ഞങ്ങള്‍ വീണ്ടും അടിവാരത്തേക്ക് യാത്ര തുടര്‍ന്നു.
പോകും വഴിക്ക്........


യാത്രയും, അലച്ചിലും സമ്മാനിച്ച ക്ഷീണം കൊണ്ടാവാം.
എല്ലാവരും ഒരു വിധം മൌനമായിരുന്നു. ജീപ്പിനുള്ളില്‍.
മുന്‍ സീറ്റില്‍ ഡ്രൈവരോടോപ്പമായിരുന്നു  ഞാനും, സെറിനും ഇരുന്നിരുന്നത്.


അരണ്ട വെളിച്ചത്തില്‍ മുന്നില്‍ തെളിയുന്ന വിജനമായ കാട്ടുവഴി.
വഴിയില്‍,
എവിടെയൊക്കെയോ ചിലയിടങ്ങളില്‍  മാന്‍ കൂട്ടത്തെയും, കാട്ടുമുയലിനെയും കണ്ടു.
പിന്നെയും ഹൈര്‍പിന്‍ വളവുകള്‍...
കൂരിരുട്ട്.................!
പെട്ടെന്ന്...
ഒരേയൊരു മിന്നായം,.....
വഴിയില്‍ ഒരു കാഴ്ചകണ്ടു.
തുകല് പോലെ എന്തോ ഒരു ശീലചുറ്റിയ,
കാടന്‍ മുടിയും, തീഷ്ണമായ മുഖഭാവവുമുള്ള  'ഒരു സ്ത്രീ !!!
ഒരു കാട്ടുവാസി .....
അവളുടെ തോളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു കൈക്കുഞ്ഞ്.
റോഡിന്‍റെ മറുവശത്ത് അവരോടൊപ്പം നടക്കുന്ന മറ്റൊരു ആണ്‍കുഞ്ഞിനേയും കണ്ടു.
അവന്‍റെ കയ്യില്‍ തൂക്കിപിടിച്ചിരിക്കുന്ന ഒരു കുപ്പിയും.
(വല്ല കാട്ടുതേനോ മറ്റോ ആവാം.)
ഒരേയൊരു നിമിഷം.
വീണ്ടും, കൂരിരുട്ടിന്‍റെ വിജനതയില്‍ ആ സ്ത്രീയും, കുഞ്ഞുങ്ങളും മറഞ്ഞു.


"അയ്യോ ..ഒരു സ്ത്രീയും കുഞ്ഞുങ്ങളും.!! ഈ കാട്ടുവഴിയില്‍ അവരെങ്ങോട്ടു പോകുന്നു..?"


പെട്ടെന്ന് ഞാന്‍ ആരോടെന്നില്ലാതെ ചോതിച്ചു പോയി.
കൂട്ടത്തില്‍ കാരണവന്‍ മാരിലൊരാള്‍ പറഞ്ഞു.


"അതാ ശരിക്കും കാട്ടുവാസ്സികള്‍...അതിനെ അങ്ങനെ പകല്‍ വെളിച്ചത്തില്‍ കാണുക പതിവില്ല.
ഉള്‍ക്കാട്ടിലൂടെയെ ഇവര്‍ സഞ്ചരിക്കൂ....."


"അവര്‌....അവരെങ്ങോട്ടാ പോകുന്നെ...?  "


"അങ്ങിനെ ഇന്നിടം എന്നൊന്നുമില്ല ..അതുങ്ങള്‍ക്ക് സ്ഥിരമായി ഒരു വാസം ഇല്ല.
ഇങ്ങിനെ സഞ്ചരിച്ചു കൊണ്ടേയിരിക്കും.
ഏതെങ്കിലും, കാട്ടുകനികളോ, പഴങ്ങളോ ഒക്കെ തിന്നും....
കാട്ടുറവകളില്‍ നിന്നും കുടിക്കും.....
വിശ്രമിക്കണമെന്നു തോന്നിയാല്‍ ഏതെങ്കിലും, കാട്ടിലോ പാറയിടുക്കിലോ കിടന്നുറങ്ങും. അത്രതന്നെ. "


"അപ്പൊ കാട്ടുമൃഗങ്ങള്‍ ആക്രമിക്കില്ലേ ..?
 ഈ കുഞ്ഞുങ്ങള്‍ക്ക്‌ പേടിയാവില്ലേ...? "


"ഇവര് സാധാരണ മനുഷ്യരെപ്പോലെയല്ല .മനുഷ്യന്‍റെ ഗന്ധം ദൂരെനിന്നേ മൃഗങ്ങള്‍ തിരിച്ചറിയും,
എന്നാല്‍ ഇവരുടെ ശരീരഗന്ധം പോലും, മനുഷ്യന്റെതല്ല..!!
ശരിക്കും കാടിന്‍റെ മക്കള്‍. ....കാട്ടുവാസികള്‍..  "


പിന്നെയും മറ്റു ചിലത്കൂടെ പറഞ്ഞു.
അവര്‍ക്ക് തലമുറകളായി കൈമാറിവന്ന ചില വിശ്വാസങ്ങള്‍ ഉണ്ടത്രെ.
കാരണവന്മാര്‍ പകര്‍ന്നുകൊടുത്ത അറിവുകള്‍.
"അതിരുവിലക്ക് മന്ത്രം " എന്ന് പേരുപറഞ്ഞു.
അവര്‍ രാത്രി വിശ്രമിക്കുന്നതിനു ചുറ്റും വിരല്‍ കൊണ്ടൊരു അദൃശ്യ വൃത്തം വരച്ചു, പ്രാര്‍ത്ഥന ചൊല്ലും.
പിന്നെ ആ വിശ്വാസ വലയത്തിനുള്ളില്‍ ഭയം കൂടാതെയുള്ള സുഖനിദ്ര .
അപകടകാരിയായ ഒരു ജീവിയും ആ വലയം ബേധിച്ചു അകത്തു കയറില്ല.
അതാണ്‌ വിശ്വാസം.......
അതാണ്‌ സത്യം..............
മലകളെയും മാറ്റുവാന്‍ പോന്ന " വിശ്വാസത്തിന്‍റെ ശക്തി "  എന്ന് വേദങ്ങളില്‍ 
എഴുതിയിരിക്കുന്നതിന്‍റെ  പൊരുള്‍ അന്ന് മനസ്സിലായി.
തിരുവെഴുത്തുകള്‍ പോലും എടുത്തു പറയുന്നു.


"നിഷ്കളങ്കമായ മനസ്സിനേക്കാള്‍ വലിയ സുരക്ഷാ കവചം വേറെയില്ല. "
......................................................................................................................................................................................
പലതിനെക്കുറിച്ചും അറിവുനേടി എന്നഹങ്കരിക്കുന്ന
ആധുനിക  മനുഷ്യന് ഇത് വെറും അന്തവിശ്വാസമോ, കെട്ടുകഥയോ ആവാം.
"വിശ്വാസം" എന്ന അതിമഹത്തായ ശക്തി തിരിച്ചറിഞ്ഞ ഈ പാവങ്ങളുമായി
തട്ടിച്ചു നോക്കുമ്പോള്‍,
ആരാണ്, "മനുഷ്യന്‍" എന്ന് വിളിക്കപ്പെടുവാന്‍
ഏറ്റവും യോഗ്യര്‍..?


പ്രപഞ്ചത്തോടും, സൃഷ്ടികര്‍ത്താവിനോടും ഇണങ്ങിജീവിക്കുന്ന, ഈ കാടുവാസ്സികളോ..,
അതോ...,
കരയും, കായലും, വനവും, പച്ചപ്പുകളും, ശുദ്ധവായുവും, ജലാശയങ്ങളും,
പ്രപഞ്ചത്തിന്‍റെ  സുരക്ഷാപാളികളും വരെ കവര്‍ന്നെടുക്കുകയും,
വിശ്വാസത്തിന്‍റെ പേരില്‍ പോലും , സ്വന്തം സഹജീവികളെക്കൂടെ മാല്‍സ്സര്യത്തോടെ
കൊന്നൊടുക്കുകയും ചെയ്യുന്ന  ഇന്നത്തെ ആധുനിക മനുഷ്യരോ ?
.............................................................................................................................................................................................


പുലര്‍ച്ചയോടടുക്കെ ഞങ്ങള്‍ വനാതിര്‍ത്തി കടന്നു.
കാടിനോട്‌ വിടപറയുമ്പോള്‍ മനസ്സ് മന്ത്രിച്ചു...
ഒരു മൌനപ്രാര്‍ത്ഥന................


"വനങ്ങള്‍ എന്നും സംരക്ഷിക്കപെടട്ടെ....
ജന്തുജാലങ്ങളും, കാടും, കാട്ടാറുകളും, കാട്ടുവാസ്സികളും,
എല്ലാം, എല്ലാം, എന്നും നിലനില്‍ക്കട്ടെ.


ഇനിയും, നേരിനും, നന്മകള്‍ക്കും  കാതോര്‍ക്കാം....................
                                     
                                     പ്രതീക്ഷയോടെ....വിശ്വാസത്തോടെ..........,






































8 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍ജൂലൈ 29, 2010 6:06 AM

    eda nee thakarppanaayi ezuthunnudellaa.....
    adipoli aayittundu varikichaaa
    keep up your good works
    Melking

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍ജൂലൈ 29, 2010 8:49 PM

    kollam mone kalakki.......... Good.. Very Good.. Very Very Good.. God Bless U ...

    മറുപടിഇല്ലാതാക്കൂ
  3. ഓര്‍മയുണ്ട് മുത്തേ...ഞാനും നീയും നമ്മുടെ ട്രിപ്പുകളും ...
    എന്നും ഓര്‍മ്മയിലുണ്ടാവും....സെറിന്‍ സേവ്യര്‍

    മറുപടിഇല്ലാതാക്കൂ
  4. വര്‍ഗീസ്‌,

    വളരെ നന്നായിട്ടുണ്ട്. വീണ്ടും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    ആശംസകളോടെ,

    ഒളാട്ടുപുറത്ത് ആന്‍റിജോയ്

    മറുപടിഇല്ലാതാക്കൂ
  5. സെറിന്‍,മെല്‍ക്കി,റിജോയ് , ആന്‍റിയേട്ടന്‍.....
    എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്.

    - വര്‍ഗീസ്‌ ജോസ്

    മറുപടിഇല്ലാതാക്കൂ
  6. Really great..
    echayana pranje yennodu engane oru kadha yazhuthiyittundennu..

    An awesome work..
    Really really great..
    No words to express how beautiful this is..
    Heads off.......

    With regards & Wishes
    Jenni

    മറുപടിഇല്ലാതാക്കൂ