ഈ ബ്ലോഗ് തിരയൂ

2010, ജൂലൈ 22, വ്യാഴാഴ്‌ച

ഓര്‍മ്മകളുടെ ഓണക്കാലം...(കഥ)


പനി ലേശം കുറവുണ്ട് .......
പഴകിയ ജനലഴികള്‍ക്കപ്പുറം,
തുള്ളിത്തൂവുന്ന ചാറ്റല്‍ മഴ .

കിടന്ന കിടപ്പില്‍  കട്ടില്‍ തലയ്ക്കലെ ജനല്‍ പാളികളിലേക്ക് മിഴിപായിച്ചാല്‍ ,
"അമ്മാളുവമ്മ"യ്ക്ക് കാണാം .
അഴികള്‍ക്കപ്പുറത്തെ ഇത്തിരി ചതുരത്തിനുള്ളില്‍ മഴമേഘങ്ങള്‍ എവിടെയ്ക്കോ , ധൃതി വച്ചു  പായുന്നത്.
ഏറെ കഴിഞ്ഞാല്‍ ഇരുളില്‍ തെളിയുന്ന നിലാബിംബം.
"എത്ര നേരമെന്നുവച്ചാ അതും നോക്കി കിടക്ക്വ ! "
വീണ്ടും മയങ്ങിതുടങ്ങിയതാണ് ......
എപ്പോഴോ മഴ നാരുകള്‍ ചെറുതായൊന്നു ഒച്ച വച്ചു ചാറി.
പിന്നെയും നിശബ്ദത .

ഒരു തണുത്ത കാറ്റ്...
കാറ്റിനൊപ്പം അക്കരെക്കാവില്‍ നിന്നും രാമായണ പാരായണം വ്യക്തമായി കേട്ടു. തെല്ലു നേരം.
പിന്നെ കാറ്റും ശബ്ദ വീജികളും അവിടം കടന്നു ദൂരേക്ക്‌ ദൂരേക്ക്‌ പോയി.
കര്‍ക്കിടക മാസമാണ്.
എവിടെയോ കൊട്ടും തുടിയും കേട്ടു.
"മാളുവമ്മേ വിളക്ക് തെളിയിച്ചോ നീയ്യ്‌..? , ക്ടാങ്ങള് ആരാ അപ്പുറത്ത്..?"
ശരിക്കും മാഷ്‌ അപ്പുറത്തൂന്നു വിളിച്ചു ചോദിക്കുന്ന പോലെ തന്നെ തോന്നും ചില നേരത്ത്.
തനിച്ചാക്കി , മാഷ് പോയിട്ട് കാലമെത്ര കഴിഞ്ഞു.!
ഓര്‍മ്മകള്‍ക്കിന്നും  നല്ല തെളിച്ചമാണ്.
"ഊം ...ഓര്‍മ്മകളേ ഉള്ളൂ .....(ഒരു ഞരക്കം പോലെ മാളുവമ്മ പറയാന്‍ ശ്രമിച്ചു. )
പിന്നെ ഈ ജനലഴികല്‍ക്കപ്പുറത്തെ ഇത്തിരിക്കഴ്ച്ചകളും , കുഴമ്പിന്‍റെ  മണമുള്ള ഈ പഴയ മുറിയും."
.............................. .........................................................
അതെ, ഓര്‍മ്മകള്‍.....
മനസ്സൊന്നു പായിച്ചാല്‍  കാണാം,.....കേള്‍ക്കാം...,ഗന്ധം പോലും അടുത്തറിയാം......
മറവിയുടെ പടിക്കെട്ട് കടന്നു അവയോരോന്നും ഓടിയെത്തുകയായി.
നളിനിയേടത്തിയും, ഓരത്തും പറ്റെയുമായി.ചെറുമക്കളും ,ഇളമുറക്കാരും ......

പാടത്തും തൊടിയിലും
വേലായുധനും ,പണിക്കാരുമൊക്കെമൊക്കെയുണ്ട്.
കൊയ്ത്തും, മെതിയും, ആര്‍പ്പും, ആരവങ്ങളും..............
എവിടെയോ ഉത്സവക്കൊടിയേറ്റത്തിന്‍റെ   മേളം .............
 മധുവിനും, ഭദ്രയ്ക്കും ഇത്തവണ അവധി കിട്ടിയോ ആവോ..?
ഓണപ്പൂട്ടിനു ,പിള്ളേര്‍ക്ക് എട്ടുപത്തു നാള്‍ അവധിയില്ലതിരിക്കുവോ..!
അതുങ്ങളും വരും മുത്തശ്ശിയെക്കാണാന്‍.

കളരിത്തരയില്‍ ആരാ വിളക്കുവച്ചേ......?
മാഷ്ടെ വായ്ത്താരിക്കൊന്നിച്ചു , കോല്‍തട്ടും,  അങ്കത്താരിയും കേള്‍ക്കുന്നു.
ചാടിക്കെട്ടി ചുവടുവയ്ക്കുന്ന മെയ്യഭ്യാസികളുടെ ഒരുമയുടെ കാല്‍താളം !
ഇനിയുമുണ്ട് ഒത്തിരിപ്പേര്‍ .....
ഈ തറവാടിന്‍റെ ഓര്‍മ്മകളില്‍ ഓടിയെത്തുന്നവര്‍.
ലക്ഷ്മിയും, നാരായണിയും, പണിക്കാരി നീലിയും,
പിന്നെ,......
ങാ, മാഷ്ടെ വല്യേട്ടന്‍....
ശേഖരേട്ടന്‍,..അക്കരെക്കാവിനടുത്തു ഇപ്പോഴും താമസ്സമുണ്ട് .
എട്ടത്തിയേം കൂട്ടി ഇടയ്ക്ക് ഈ വഴിക്കൊക്കെ വരും,..
വല്ലപ്പോഴും...
വയ്യാഞ്ഞിട്ടവും, വയസ്സ് ഒത്തിരി ചെന്നില്ല്യെ.....
പിന്നെ ആരാ.....
ങാ , ബംഗ്ലൂരുന്നു അവധിക്കു വരുമ്പോ മാഷ്ടെ ഒരു പഴയ ശിഷ്യന്‍,...
ഒരു ക്രിസ്ത്യാനിക്കുട്ടി.
ഗീ വര്‍ഗീസ്‌ എന്നോ  മറ്റോ പേര്  പറഞ്ഞത് ഓര്‍ക്കുന്നു.
അയാള് വന്നു പോകും ഇത്രടം വരെ.
അതിന്‍റെ  അരങ്ങേറ്റത്തിന് വയ്യാഞ്ഞിട്ടും, മാഷൊന്നിച്ചു പോയത് ഇപ്പഴും ഓര്‍മ്മണ്ട്.
കല്യാണമൊക്കെ കഴിഞ്ഞൂന്ന് പറഞ്ഞു . ഒരു കുട്ടീമുണ്ടെത്രെ.
................................................................
ഓര്‍മ്മകളുടെ താളങ്ങളില്‍ ഓരോരുത്തരും ഒളിഞ്ഞും, തെളിഞ്ഞും
വന്നു പൊയ്ക്കൊണ്ടിരുന്നു.
എപ്പോഴോ വീണ്ടും ചാറ്റല്‍ മഴ.
പെയ്തും, പെയ്യാതെയും ,പുലരും വരെ ചിണുങ്ങി നിന്നു.
പിന്നെ, നീണ്ടൊരു മയക്കത്തിലേക്ക്.
പാതി മയക്കത്തില്‍ ചിലതുകൂടെ തെളിഞ്ഞു ഓര്‍മ്മയില്‍ .
പടിപ്പുരയ്ക്കലും, മിറ്റത്തും, നെറയെ പുല്ലും, നാട്ടുപച്ചയും വളര്‍ന്നു
കിടക്കാവും.
ആരും വരാതായി ഇപ്പൊ ഈ വഴിക്ക്....
വല്ലപ്പോഴും നാണിതള്ളയോ മറ്റോ മരുന്നും, പച്ചയും ,പറിക്കാന്‍ വന്നാലായി മിറ്റത്ത്‌.
ഇടയ്ക്കെപ്പോഴോ 'പുള്ളുവോകുടം'  വന്നു കൊട്ടിപ്പാടി പോയി.
ഇവിടാരാ അതുങ്ങള്‍ക്ക് എന്തേലും നല്ലത് കൊടുക്കാന്‍..!

ഒക്കെ അവന്‍റെ മനസ്സുപോലെ തന്നെ.
രാജീവന്‍! .....
ഇളയമകനാ....
ഇവിടെ ഇപ്പൊ അയാളാ എന്‍റെ കാര്യങ്ങള്‍ നോക്കാന്‍.
ഒരു മുന്‍ശ്ശുണ്ടി  പ്രകൃതം....ആരുമായും ചെരില്ല്യാ...
അവന്‍റെ നാള് പോലും പൂരാടാ ...ഒറ്റ പൂരാടം.
ചീട്ടുകളീം, ഒരു നിയന്ത്രണമില്ലാത്ത മദ്യസേവേം.....
കൊറേ പറമ്പും വിറ്റു തുലച്ചു. അവനായിട്ടു തന്നെ.
ഒടുക്കം കൊച്ചിനേം കൂട്ടി കല്ല്യാണീം അവള്‍ടെ വഴിക്ക് പോയി.
ഇനി വരില്ല്യാ ...ആരും വരില്ലാവും. ഈ വഴിക്ക്.
ന്‍റെ പേരാ അവന്‍റെ കുട്ടിയ്ക്ക്.
"മാളു"
അമ്മാളുവമ്മ ഓര്‍മ്മിച്ചു....
ഓര്‍മ്മകളുടെ നിഴല്‍ വീണ മുറ്റത്തു അവളുടെ കുഞ്ഞു കാല്‍പ്പാടുകള്‍ തെളിഞ്ഞു മാഞ്ഞു.
പലവട്ടം.
ചെറുമക്കളെ സ്വപ്നം കണ്ടു ആ അമ്മ മയങ്ങി..
..................................................................................................
പിന്നെയും നിമിഷാര്‍ദ്ധങ്ങള്‍........
ഓര്‍മ്മകള്‍ക്കും ,മയക്കത്തിനുമിടയില്‍, കൊഴിഞ്ഞു പോകുന്ന ദിനരാത്രങ്ങള്‍...........

ഈയിടെ രാമായണ പാരായണം കേള്‍ക്കാറെയില്ല്യാ...
മഴമേഘങ്ങളും,  ഈ വഴി കടന്നു പോവുക പതിവില്ല.
പകല്‍, മാനം തെളിഞ്ഞു നിന്നു.
രാത്രി,
തെങ്ങോലകള്‍ക്കപ്പുറം നിറമൊത്ത നിലാവും കണ്ടു.
ഇത്തവണ ഒഴുകിയെത്തിയ കാറ്റിലലിഞ്ഞിരുന്നത്, സോപാന സംഗീതമായിരുന്നു.

പാതിമയക്കത്തില്‍ ഉണര്‍ന്നു കിടന്ന ഒരു പുലര്‍ക്കാലത്ത് .......
അത്ര വ്യക്തതയില്ല .....
പതിവില്ലാത്ത ആരോ വന്നു നില്‍ക്കുന്നു അരികില്‍.
ആരോ...
ഒരു പെണ്‍കുട്ടിയാവാം....പ്രായംതി കഞ്ഞ ഒരുവള്‍ .....
അവളുടെ കൈവിരലുകള്‍ മാളുവമ്മയെ തൊട്ടു.
അവള്‍ തന്നെ മൂക്ക് കണ്ണാടി എടുത്തു മുഖത്ത് വച്ചു കൊടുത്തു.
"മുത്തശ്ശീ .....!"
ആ ശബ്ദം!!......
മാളുവമ്മ തലയുയര്‍ത്തി വയ്ക്കാന്‍ മുന്നോട്ടു ആഞ്ഞു.
അവളുടെ കൂടെ ആരോ ഉണ്ട്.
അയാള്‍ പിടിച്ചു., തലയിണ ചാരി വച്ചു കൊടുത്തു.
"മുത്തശ്ശീ ....."
അവള്‍ ഒരിക്കല്‍ കൂടെ വിളിച്ചു.
ആ ശബ്ദം.!!!
അവര്‍ക്ക് തിരിച്ചറിയാനാവുന്നുണ്ട്.
അതെ,
അമ്മാളുവമ്മയ്ക്ക്  വ്യക്തമായി കാണാം അവളെ..!
ശ്രീലതാ വര്‍മ്മ......
മുത്തശ്ശിയുടെ ശ്രീക്കുട്ടി...!
മാളുവമ്മയുടെ കണ്ണ് നിറഞ്ഞു.
അവളുടെ രൂപം വീണ്ടും അവ്യക്തമായി.

മൂത്ത മകള്‍ ശ്രീലക്ഷ്മിയുടെ കുട്ടിയാണ്.
ഒരേയൊരു മകള്‍.
പട്ടണത്തില്‍ ജോലിചെയ്യുന്നു.
Travel & Tourism Field ആണ് .

അന്ന് അമ്മാളുവമ്മയ്ക്ക് പതിവില്ലാത്ത ഉന്മേഷം തോന്നി.
അവള്‍ പകല്‍ മുഴുവന്‍ കൂടെയിരുന്നു.
ഒരുപാട് വര്‍ത്തമാനം പറഞ്ഞു.

"ലക്ഷ്മി ഇപ്പൊ എവിടാ..?
ഈ അടുത്ത് അവള് വിളിച്ചപ്പോ പറഞ്ഞതാ എന്നോട്.
ഓര്‍മ്മ നിന്നില്ല്യാ.....
ഗോപുവും അവിടെതന്നല്ല്യെ...?
എവിടാ ഇപ്പൊ..?
സിലോണിലോ അതോ സിങ്കപ്പൂരോ ...?"

"അമ്മ സിങ്കപ്പൂര് തന്നുണ്ട് .....അച്ഛന്‍ അവിടല്ല.......വേറെ നാട്ടിലാ.
 san jose....നോര്‍ത്ത്  അമേരിക്കയിലാ..."

"ങാ ..എല്ലാരും പലയിടങ്ങളിലാ ....ഇനി എപ്പഴാ
ഒന്നോന്നിച്ചു കാണാന്‍.....പിള്ളേരെയെല്ലാവരേം....?  "

ഇടയ്ക്കെപ്പോഴോ ചോതിക്കണമെന്നു വച്ചു.
പക്ഷെ വേണ്ടിവന്നില്ല .
അവള്‍ തന്നെ വിളിച്ചു പരിചയപ്പെടുത്തി .കൂടെ വന്നയാളെ.
ഒരു വിദേശി ചെറുപ്പക്കാരന്‍.
ഒരു സഞ്ചാരി.
നമ്മുടെ നാടൊക്കെ കാണാനും ,
ചിട്ടവട്ടങ്ങളും, രീതികളും ഒക്കെ പഠിക്കാനുമൊക്കെയാവും ഇപ്പൊ ഇവിടെ.
ഇവളാ അവന്‍റെ വഴിക്കാട്ടി!
ഇപ്പഴത്തെ കുട്ടികള്‍ക്ക് ഇതെല്ലാം തരം കൂട്ടുകാരാ...
അയാള്‍ അടുത്തുവന്നു.
നിഷ്കളങ്കമായി ചിരിച്ചു. ...മാളുവമ്മയുടെ കൈവിരലുകളില്‍ തൊട്ടു.
ഭാഷയറിയാതെ  "മുത്തശ്ശീ " എന്ന് വിളിക്കാന്‍ ശ്രമിച്ചു.
അവള്‍ വല്ലാതെ ചിരിച്ചു.
അയാളും...........................
 മുത്തശ്ശി പരിഭവം പറഞ്ഞു .
"പാവം .എന്തിനാ ആ കുട്ടിയെ കളിയാക്കുന്നെ ,..?
അവനറിയാവുന്ന പോലെ പറഞ്ഞു.
ഏതായാലും എന്നെ അവന്‍റെ മുത്തശ്ശിയായി കണ്ടല്ലോ അയാള് ."

പിന്നെ ദിവസങ്ങള്‍ കടന്നുപോവുന്നത് അറിഞ്ഞതേയില്ല .
പനി മാറി.
ക്ഷീണവും തീരെ കുറഞ്ഞു.
ഇപ്പൊ എഴുന്നേല്‍ക്കാം.....നില്‍ക്കാം .......
ആരെങ്കിലും കൈത്താങ്ങ്‌ തന്നാല്‍  ഒറ്റച്ചുവടുവച്ചു നടക്കാം.
"എല്ലാറ്റിനും ന്‍റെ കുട്ടീണ്ടല്ലോ കുറചീസ്സം..."
ധന്വോന്തരം തേച്ചു ചൂടുവെള്ളത്തില്‍ കുളിച്ചു.
താഴത്തെ വരാന്തയിലും ഉമ്മറത്തും അവള്‍ കൈപിടിച്ച് കൊണ്ടുപോയി.
മിറ്റത്തെ പുല്ലും പച്ചയുമൊക്കെ പണിക്കാരികള് വന്നു വെടിപ്പാക്കാന്‍ തുടങ്ങീരിക്കണൂ.
അങ്ങേപ്പക്കത്തെ കിടാങ്ങളൊക്കെയുണ്ട് മിറ്റത്ത്‌ അങ്ങിങ്ങായി.
പൂപറിക്കാന്‍ വന്നതാ.
"ദെവസം എത്ര മുന്നോട്ടു പോയിരിക്കണൂ...ഇന്ന് ചിത്തിരയാ ഈശ്വരാ. ..! ഓണക്കാലമായി ...! "
ശ്രീക്കുട്ടിയും അയാളും ചേര്‍ന്ന് മിറ്റത്ത്‌ പൂക്കളമൊരുക്കി.
അയാള് അതെല്ലാം ഫോട്ടോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടാരുന്നു.
പാവം. അതിനു ഇതൊക്കെ എത്ര കൌതുകമായിരിക്കും..

ഉച്ചമയക്കത്തിന് കിടന്നിട്ടു ഉറക്കം വന്നില്ല.
കിടക്കാന്‍ തോന്നുന്നില്ല അവിടൊക്കെ നടന്നു മതിയായില്ല്യ.
തറവാട്ടില് വീണ്ടും കാല്‍പ്പെരുമാറ്റം കേട്ടു തുടങ്ങീരിക്കണൂ....!
ഒരു ചെറു മയക്കത്തിനിടെ പിന്നെയും ചെറിയ കോലാഹലങ്ങള്‍.. ..
പൊട്ടിച്ചിരികള്‍......
ആളനക്കം.................
കിടാങ്ങളാരോ വന്നിരിക്കണൂ .
വിശ്വസ്സിക്കാനായില്ല്യാ ...
ഭദ്രയും , പിള്ളാരും ഇങ്ങെത്തി.
മധു നാളെയെ വരൂത്രെ.
ശ്രീക്കുട്ടി വന്നതറിഞ്ഞ് എത്തിയതാണ് അവരും.
ങാ , മനസ്സ് നിറഞ്ഞു.
എല്ലാരും ഇനി ഓണം കഴിഞ്ഞേ പോവുള്ളൂ.

സന്ധ്യയ്ക്ക് ദീപാരാധന തൊഴാന്‍ പിള്ളേര് കൂടെ കൊണ്ടുപോയി.
വരും വഴി ശ്രീക്കുട്ടി സ്വകാര്യം പറഞ്ഞു.
"പിന്നേയ് മുത്തശ്ശീ ..ഒരല്‍ഭുതം സംഭവിചിരിക്കണൂ തറവാട്ടില് !
കണ്ടാല്‍ മിണ്ടാത്ത ആളാ.
ഇത്തവണ എന്ത് തോന്നീന്നാവോ ..
രാജിയമ്മാവന്‍'.....!
വന്നപ്പോ അടുക്കളെയ്ക്കുള്ളത് കൊറേ വാങ്ങിക്കൊണ്ടുവന്നിരിക്കണൂ ..!
ഉത്രാടത്തിനും , തിരുവോണത്തിനും ഒക്കേയ്ക്കും ഉള്ളതെല്ലമായി.
ആശ്ച്ചര്യായി എനിക്ക്.
കുശലം ചോതിക്കേം ചെയ്തു.
അച്ഛനേം ,അമ്മയെമോക്കെ തിരക്കി. ! "

മാളുവമ്മ ഉള്ളു നിറഞ്ഞു പ്രാര്‍ത്ഥിച്ചു.
ദേവ്യേ...നല്ലബുദ്ധി കൊടുക്കണേ ന്‍റെ കുട്ടിയ്ക്ക്..."
"ശരിയാ ..അവനു നല്ല മാറ്റണ്ട്.
പണ്ടും  ഭക്ഷണകാര്യങ്ങളില്‍ മുടക്കം വരുത്തീട്ടില്ലെട്ടോ എനിക്കവന്‍.
ഈയിടെ മരുന്നും ,കുഴമ്പും വാങ്ങി കൊണ്ടത്തന്നു.
അടുത്തിടെ പുറത്തൊക്കെ അങ്ങിനെ കറക്കം തീരെ കുറവാന്നു തോന്നുന്നു.
ബീഡീം, സിഗരറ്റും ,പുകയുന്ന മണമാ ആ മുറിക്കകത്തൂന്നു."
....................................................................................................................................................
പുലര്‍ച്ചെ ആദ്യ വണ്ടിക്കു തന്നെ മധുവും ഇങ്ങെത്തി .
ആകെ കോലാഹലമായി ഒരിക്കല്‍ കൂടി തറവാട്ടില്.
കളിയും, ചിരിയും, കുസൃതികളും.
എല്ലാം ഒരു സ്വപ്നത്തിലെന്നപോലെ .

സായിപ്പും, ശ്രീക്കുട്ടിയും കൂടി പുള്ളുവ കുടിയില്‍ പോയി കുടം വായിപ്പിച്ചു. പാടിക്കെട്ടൂത്രേ.
അവര്‍ക്ക് കൈ നെറയെ എന്തൊക്കെയോ കൊടുത്തൂന്നു.ശ്രീക്കുട്ടി പറഞ്ഞു.
ഏതായാലും നന്നായി.
ഓണം പോലും പട്ടിണി നാളാ ആ പാവങ്ങള്‍ക്ക്.
വന്നപ്പോ അമ്മാളുവമ്മയ്ക്കും കൊണ്ടുകൊടുത്തു ഒരോണപ്പുടവ.
അയാള്‍ടെ വക.

ആ കുട്ടി എന്തൊക്കെയോ പഠിക്കാനും Research ചെയ്യാനുമൊക്കെയുള്ള വരവാ എന്നറിഞ്ഞു.
നമ്മുടെ നാടും വിദ്യകളുമൊക്കെ.
യോഗ പഠിച്ചു. ഓറയും...പ്രാണചക്രങ്ങളും , കുണ്‍ഡലിനീ ധ്യാനവും വരെ ഹൃദിസ്ഥമാണത്രെ അതിന്.

അക്കരെക്കാവിനടുത്താ ഇപ്പോഴത്തെ കളരി.
അവിടെ പോവാനിരിക്കരുന്നു അവര്.
പിന്നെ ശ്രീക്കുട്ടിയുടെ അഭിപ്രായത്തിനു , പിള്ളേരെയൊക്കെ ഇങ്ങോട്ട് കൊണ്ട് പോന്നു.
സായിപ്പിന് കാണാന്‍ വേണ്ടിയാണേലും തറവാട്ടുമിറ്റത്ത് ഒരിക്കല്‍ കൂടെ
ചുവടും, ‌കോല്‍ത്താരിയും, അങ്കത്താരിയും ശബ്ദം വച്ചു.
കിടക്കാന്‍ നേരം ശ്രീക്കുട്ടി പറഞ്ഞു.
"ഇന്ന് രാജിയമ്മാവനെ കണ്ടില്ലല്ലോ ഇവിടെങ്ങും,...
രാത്രി വൈകിയും വന്നിട്ടില്ല.
എനിക്ക് ചില സംശയങ്ങളില്ലാതില്ല ."
അവളും സംശയിച്ചത് ശരിയായിരുന്നു.
അയാള് ചെരുതുരുത്തിയ്ക്ക് പോയിരുന്നു.
കാര്യങ്ങള്‍ തുറന്നു ഏറ്റു പറയാനുള്ള മനസ്സുണ്ടായി.
അത് തന്നെ നല്ല കാര്യം.
ഒട്ടും പ്രതീക്ഷിക്കാത്തത് തന്നെ സംഭവിച്ചു.
തിരിച്ചു വന്നപ്പോ കല്യാണിയും, മാളുവുമുണ്ടായിരുന്നു കൂടെ.
അമ്മാളുവമ്മയ്ക്ക്  ഇതില്‍പ്പരം ഇനിയെന്ത് വേണം..!
ഉത്രാടതലേന്ന്  രാജീവന്‍റെ കാറില്‍ ശ്രീമോളും, സായിപ്പും,ഭദ്രയും,മധുവും കൂടി
ശേഖരേട്ടന്‍റെ  വീട്വരെപ്പോയി വന്നു.
കൂട്ടത്തില്‍ മാളുവമ്മയേം കൂടെ കൂട്ടിയിരുന്നു.
അങ്ങനെ ഒരിക്കല്‍ കൂടെ അവരേം കാണായി.
..................................................................
ഉത്രാടരാത്രി ആകെ മേളം.......
അടുക്കളയിലും, മിറ്റതും, വരാന്തയിലുമൊക്കെ.
അടുത്തെവിടെയോ കൈകൊട്ടിക്കളി കേട്ടു.
പോയി കാണാനൊത്തില്ല മാളുവമ്മയ്ക്ക്.
പിള്ളാര്‌ ചിലര് പോയി.
ഒപ്പം ആ സായിപ്പ് കുട്ടിയും.
........................................................................
തിരുവോണനാളും, സദ്യവട്ടങ്ങളുമൊക്കെ കെങ്കേമമായി
അടുത്ത ദിവസങ്ങളില്‍ തന്നെ
ഭദ്രയും പിള്ളേരും മടങ്ങി.
അവധി തീരുകല്ലേ പിള്ളേര്‍ക്ക്.
ശ്രീക്കുട്ടിയും ,സായിപ്പും കുറച്ചു ദെവസം കൂടെ നിന്നു തറവാട്ടില്.
പോകുന്നതിന്‍റെ തലേ രാത്രി ..
അക്കരെകാവിനടുത്തു
മട്ടന്നൂരിന്റെ ചെണ്ട കേള്‍ക്കാന്‍ കൊണ്ടുപോയി മാളുവമ്മയെക്കൂടെ.
ഒരു വലിയ ആഘോഷം.
മട്ടന്നൂര് മാത്രല്ല,"കോട്ടക്കല്‍ ശിവരാമനും", "ദക്ഷിണാമൂര്‍ത്തിസ്വാമി" യുമൊക്കെ  ഉണ്ടാരുന്നു അവിടെ ചടങ്ങിന്.

പിറ്റേ സായാഹ്നം.
ഇനിയും ഒരുപാട് ഓര്‍മ്മകളില്‍ താലോലിക്കാന്‍
നന്മയുടെ നല്ല ഒരോണക്കാലം സമ്മാനിച്ച്‌ അവള്‍ മടങ്ങുകയായി.
ശ്രീക്കുട്ടി....
ഒപ്പം ആ സായിപ്പും.
എല്ലാവരുടെയുമൊക്കെ ഫോട്ടോ എടുത്തു ,പടിയിറങ്ങും മുന്‍പ്,
അയാള്‍ അമ്മാളുവമ്മയുടെ  കാല്‍വിരലുകള്‍ ഒരിക്കല്‍ കൂടി തൊട്ടു.
പിന്നെ, ആ കവിളില്‍ വാല്‍സല്ല്യത്തോടെ ചുംബിച്ചു.
അവരുടെ കണ്ണുകള്‍ നിറഞ്ഞു.
ആ അമ്മ തലയില്‍ കൈ വച്ചു അനുഗ്രഹിച്ചു പറഞ്ഞു.
"നന്നായി വരും കുട്ട്യേ .....ഈശ്വര കടാക്ഷണ്ടാവും. ........
നല്ലതേ വരൂ.....മിടുക്കനാവുംട്ടോ......."

ശ്രീക്കുട്ടിയെ തക്കത്തിന് കിട്ടിയപ്പോ അമ്മാളുവമ്മ സ്വകാര്യം ചോതിച്ചു.
"നല്ല കുട്ടിയാ ...നാടും രീതിയുമൊക്കെ ഇപ്പൊ ആരാ നോക്ക്വാ..
മനപ്പോരുത്ത്വമാ വേണ്ടത്.
അയ്യാള് , നെന്നെ മംഗലം ചെയ്യാന്‍ മോഹണ്ടോ കുട്ട്യേ നിനക്ക്...?
അവളും കുസൃതിയോടെ മുത്തശ്ശിയെ ചുംബിച്ചു.
എന്നിട്ട് കളിയാക്കി പറഞ്ഞു.
"കൊള്ളാല്ലോ മോഹം ന്‍റെ മാളുവമ്മേ..."
പിന്നെ കൂട്ടിച്ചേര്‍ത്തു.
"ജോഷ്വാ എനിക്കെന്നും നല്ലൊരു സുഹൃത്താണ്....
ഇനിയും....ഇനിയും ഒരുപാടുപേര്‍ വരും..............
എവിടെന്നോ വന്നു, എങ്ങോട്ടോ പോകും അവരൊക്കെ.
അപ്പോഴും ശ്രീക്കുട്ടി ഇവിടെക്കാണും.
മനസ്സുകൊണ്ട് എന്നും മുത്തശ്ശീടെ ചാരെ........
ഒന്ന് വിളിച്ചാല്‍ ഞാനിങ്ങോടിയെതില്ലേ..?
പോകുമ്പോള്‍ ഒന്ന് കൂടെ പറഞ്ഞു.
"യാത്രക്കിടയിലെ ഒരു തണല്‍മരം.......
ഒരു..പാവം വഴിവിളക്ക്......................
അത്രേയുള്ളൂ ഈ ശ്രീക്കുട്ടി.
അത്രെ ആവാന്‍ പാടുള്ളൂ........"

അവളുടെയും കണ്ണ് നിറഞ്ഞു.
അകന്നു പോകുമ്പോഴും  ആ മനസ്സ് ചോതിക്കുന്നത് മുത്തശ്ശിക്ക് കേള്‍ക്കാം.

"തനിച്ചാക്കി പോകുമ്പോ ...സങ്കടണ്ടോ മുത്തശ്ശ്യേ......? "
മനസ്സ് കൊണ്ട് തന്നെ മറുപടി.

"ഇല്ല കുട്ട്യേ ...തനിച്ചല്ലല്ലോ ഞാനിനി ഇവിടെ........
മാളൂട്ടിയുണ്ട്......കല്യാണിയുണ്ട്.......രാജീവന്‍......
ഈ വരാന്തയും,....മുറ്റവും,.....കളരിത്തറയും....കാവും.....
പിന്നെ..,
എന്നും മനസ്സില്‍ താലോലിക്കാന്‍,
നന്മയുടെ ഒരുപിടി നല്ല ഓര്‍മ്മകളും,
ഒരോണക്കാലവും..
................................................

















2 അഭിപ്രായങ്ങൾ:

  1. മഴയിലൂടെയും...ഓര്‍മയിലൂടെയും...നഷ്ടപ്പെടലിലൂടെയും പോയപോലെ..ഗൃഹാതുരതയുടെ പോറല്‍...

    മറുപടിഇല്ലാതാക്കൂ
  2. മഴയിലൂടെ...കാലത്തിലൂടെ....നഷ്ടപ്പെടലിലൂടെ പോയപോലെ...ഗൃഹാതുരതയുടെ പോറല്‍...

    മറുപടിഇല്ലാതാക്കൂ