ഈ ബ്ലോഗ് തിരയൂ

2014, ഡിസംബർ 4, വ്യാഴാഴ്‌ച

മുന്തിരി വള്ളിയുടെ സാക്ഷ്യം.


ഞാന്‍....

ഞാനായിരുന്നു ആ മുന്തിരിവള്ളി ! ആരെയും ആകര്‍ഷിക്കുന്ന ,
ആര്‍ക്കും രുചി പകരുന്ന , പഴുത്തു തുടുത്തു പാകമായ , നിറമാർന്ന മുന്തിരി വള്ളി !
വഴിയാത്രികരും, എന്നെച്ചുറ്റി വലംവച്ചു പറക്കുന്ന പക്ഷിജാലങ്ങളും എന്നെ കൊതിയോടെ
നോക്കുന്നത് കണ്ടു ഞാൻ  അഭിമാനിച്ചിരുന്നു.
എന്നിട്ടും,
എന്നെ നട്ടു നനച്ചു വളര്‍ത്തിയ ആ തോട്ടക്കാരന്റെ കൈകളെ മാത്രം ഞാൻ കണ്ടില്ല .
കണ്ടിട്ടും തിരിച്ചറിഞ്ഞില്ല .
അല്ലെങ്കിലും ആ തോട്ടക്കാരൻ എന്നോടെന്താണ് ചെയ്തത്..?
അവൻ എന്നെ അഴുകിയ ചെളിമണ്ണിൽ നിറുത്തി . നേർത്തു  ദ്രവിച്ചതെങ്കിലും , എന്റെ ചില്ലകളെ
അവൻ മുറിച്ചു മാറ്റിയപ്പോൾ എനിക്കെന്തുമാത്രം വേദനിച്ചെന്നോ ?
എന്നെ ചുറ്റിപ്പുണർന്ന് പടർന്നു നിന്നിരുന്ന , എന്നെ ഒരിക്കലും പിരിയാനിഷ്ട്ടമില്ലാത്ത
ആ പാവം കളകളെ  അവൻ എന്നിൽ നിന്ന് പറിച്ചെടുത്തപ്പോഴോ ? സ്വന്തബന്ധങ്ങളും സൗഹൃദങ്ങളും എന്നില്‍ നിന്ന് ചീന്തിയെടുക്കപ്പെട്ടപ്പോള്‍
ഞാൻ കരഞ്ഞു !
അതിനവനെന്റെ കാതിൽ പറഞ്ഞ ന്യായമോ..?
എന്നിൽ കൂടുതൽ മികവാർന്ന  ഫലം കായ്പ്പാനാണത്രെ അവനെന്നോടീ വിധം പ്രവര്‍ത്തിച്ചത്.
അത് കൊണ്ട് തന്നെയാവും, എനിക്കാ  തോട്ടക്കാരനെ വെറുപ്പായിരുന്നു.
പകരം ഞാൻ സ്നേഹിച്ചതോ ? രാത്രിയിൽ തോട്ടക്കാരനും , അവന്റെ കാവല്‍ക്കാരും കാണാതെ അതിരു ചാടിക്കടന്ന്,
എന്നോട് കിന്നാരം പറഞ്ഞ്, പുലരും വരെ എനിക്ക് കൂട്ടിരുന്ന ആ  ജാരന്‍ ! അവനോടായിരുന്നു എനിക്ക് സ്നേഹം.
അവനെന്റെ കാൽ ചുവട്ടിൽ  നിന്ന് ചെളിമണ്ണ് നീക്കി എന്നെ ഉണങ്ങിയ നിലത്തു നിറുത്തി.
പകരം, അവനെന്റെ വേരുകളില്‍ 'അശുദ്ധി' എന്നുപേരുള്ള കൃത്രിമ രാസക്കൂട്ട് പകര്‍ന്നു.എന്റെ ചില്ലകളില്‍ ' അഹങ്കാരം ' എന്ന വീര്യവിഷലേപനം തളിച്ചതും അവന്റെ കൈകളല്ലാതെ മറ്റാരുടേത് ?
അപ്പോഴായിരുന്നു ഞാന്‍ കണ്ണുതുറന്ന് കണ്ടത് ! ' ഞാൻ ' എന്ന വന്‍വൃക്ഷം പൂത്തുവിളഞ്ഞ് പാകമായത് ഇപ്പോഴായിരുന്നു.ചില്ലകള്‍ക്ക് തിടം വച്ചതും,ഫലങ്ങള്‍ പുഷ്ഠിപ്രാപിച്ചതും ഇപ്പോള്‍ മാത്രമായിരുന്നു.ആ തിരിച്ചറിവായിരുന്നു എന്റെ ബലം. ഞാൻ സ്വന്തമഹിമ കണ്ടറിഞ്ഞതും അപ്പോഴായിരുന്നു. പക്ഷെ എത്രകാലം !!!
എന്നോ ഒരിക്കല്‍, ഞാന്‍പോലുമറിയാതെ, എന്നോടനുവാദം ചോതിക്കാതെ എന്റെ തായ് വേരുകളറുത്ത് മാറ്റിയത് ആരുടെ കൈകളായിരുന്നിരിക്കും ?
അറിയില്ല !
വെട്ടറ്റുവീണ ചില്ലകളിലെ മുന്തിരിവള്ളികള്‍ അപഹരിച്ചെടുത്തതു കടന്നുകളഞ്ഞതും ആരാവും ?
അറിയില്ല...പിന്നീട് ഞാനൊന്നും കണ്ടില്ല,കേട്ടില്ല, തിരിച്ചറിഞ്ഞുമില്ല.
എല്ലാം...എല്ലാം അവിടെ അവസാനിച്ചു എന്നു കരുതിയതാണ്.
വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു.
ഇന്നായിരുന്നു ആ സുദിനം !!
കാനായിലെ ആ കല്ല്യാണവീട്ടില്‍
രക്ഷകനും, വീണ്ടെടുപ്പുകാരനും,സൗഖ്യദായകനുമായവന്റെ കൈകള്‍ എന്നെ തൊട്ടുസുഖപ്പെടുത്തിയ ദിവസം.
അവന്റെ കൈവിരല്‍സ്പര്‍ശത്തിനായി കാത്തിരുന്ന നിമിഷം ഞാൻ തിരിച്ചറിഞ്ഞു. അവങ്കലേക്ക് സമര്‍പ്പിക്കാന്‍ എന്റെ കൈവശം എന്താണ് ശേഷിക്കുന്നത് ?
രൂപഗുണമില്ല,കോമളത്വമില്ല, ആരാലും ആകര്‍ഷിക്കപ്പെടാവുന്ന യാതൊന്നും എന്നിലില്ല. ഞാന്‍....ഞാനൊന്നുമല്ല എന്ന തിരിച്ചറിവല്ലാതെ വേറെയൊന്നും ആ നിമിഷം എന്നിലില്ലായിരുന്നു.
ആത്മാവില്‍ ശൂന്യത നിഴലിച്ച, ഒഴിഞ്ഞ കല്‍ഭരണികളിലേക്ക് ഞാനെന്ന വെറും പച്ചവെള്ളം പകര്‍ന്നുകൊടുത്ത് ഞാന്‍ കാത്തിരുന്നു. രുചിയും, നിറവും, ഗുണവും നഷ്ടപ്പെട്ട വെറും ' പച്ചവെള്ളം '
പക്ഷെ ഒരേയൊരു കൈവിരല്‍ സ്പര്‍ശനത്താല്‍ അവനെന്നെയൊരു പുതിയ സൃഷ്ടിയാക്കി.
ശേഷം, എന്നെ രുചിച്ചുനോക്കിയവരൊന്നടങ്കം പറഞ്ഞു.
' വീര്യമേറിയ വീഞ്ഞ് !!! '
ഒരേയൊരു നിമിഷം കൊണ്ട് വീഞ്ഞ് ജനിക്കുമോ ?
ഒരേയൊരു നൊടിയിണയില്‍ വീഞ്ഞിന് വീര്യം കൈവരുമോ ?
പക്ഷെ വീര്യം കൈവന്നു. വീഞ്ഞിനല്ല, പൂര്‍ണ്ണഹൃദയത്തോടെ സമര്‍പ്പിച്ചുകൊടുക്കപ്പെട്ട വെറും പച്ചവെള്ളത്തിന് !
സത്യത്തില്‍, പച്ചവെള്ളം എന്ന നിര്‍ജ്ജീവാവസ്ഥയുടെ വര്‍ത്തമാനകാലത്തെയല്ലായിരുന്നു
അവന്‍ തൊട്ടത്. മറിച്ച്, അഴുകി ദ്രവിച്ച്, പുറംലോകം കാണാതെ ,
ആരോടും തുറന്നുപറയാന്‍പോലുമാവാത്ത നൊമ്പരങ്ങളുമായി ഒരു കനത്ത കല്‍ഭരണിക്കുള്ളിലെ ബന്ധനത്തിന്‍റെ ഇരുള്‍മുറിയില്‍, വിങ്ങി, വീര്‍പ്പുമുട്ടിക്കിടന്ന  ആ പഴയ 'മുന്തിരിപ്പഴം ' എന്ന എന്റെ ഭൂതകാലത്തെയായിരുന്നു അവന്‍ തൊട്ടുസുഖപ്പെടുത്തിയത്. അന്നു മുതല്‍ ഇന്നോളം , നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വേരോടെ വെട്ടി തീയിലെറിയപ്പെടുന്ന വിധി മുഹൂര്‍ത്തത്തോളം, എന്റെ സാക്ഷ്യം ലോകത്തോട് വിളിച്ചു പറയപ്പെട്ടുകൊണ്ടേയിരിക്കുന്നു.
കാരണം, എന്റെ രക്ഷകനും, വീണ്ടെടുപ്പ്കാരനുമായവന്‍ എന്നെ തൊട്ടു !! ഇതാ ഞാനൊരു പുതിയ സൃഷ്ടിയായിത്തീര്‍ന്നിരിക്കുന്നു !
രചിച്ചു നോക്കിയവര്‍ വീഞ്ഞിന്റെ വീര്യം തിരിച്ചറിഞ്ഞിരിക്കുന്നു !!
എന്നാല്‍ വീഞ്ഞോ ?
വീഞ്ഞ് തന്നെ വീണ്ടെടുത്ത രക്ഷകന്റെ സ്നേഹവും, വീര്യവും, മഹിമയും തൊട്ടറിഞ്ഞിരിക്കുന്നു !
സര്‍വ്വ സ്തുതിയും, മഹത്വവും അവനു മാത്രമായിരിക്കട്ടെ.
എന്നും,എന്നേയ്ക്കും....,
ആമേന്‍.

1 അഭിപ്രായം: